മലപ്പുറം: ശബരിമല കയറിയ മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനക ദുർഗ വീണ്ടും വിവാഹിതയായതായി റിപ്പോർട്ട്. ഇതിന്റെ പോസ്റ്റുകളും മറ്റും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇരുവരും ചേർന്ന് നടത്തിയ ക്ഷണ പത്രികയുടെ ഫോട്ടോയും ഉണ്ട്. മനുഷ്യാവകാശ പ്രവർത്തകനായ( എന്‍.സി.എച്ച്.ആര്‍.ഒ) വിളയോടി ശിവൻകുട്ടിയാണ് വരൻ. അതേസമയം, ശബരിമല കയറിയതുമായി ബന്ധപ്പെട്ട് മുൻ ഭര്‍ത്താവുമായുണ്ടായ തര്‍ക്കമാണ് കനകദുർഗയുടെ വിവാഹ മോചനത്തില്‍ കലാശിച്ചത്.
ശബരിമലയില്‍ ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ടാണ് ഭര്‍ത്താവ് കൃഷ്ണനുണ്ണിയുമായി അഭിപ്രായ വ്യത്യാസമുണ്ടായത്. അഭിഭാഷകര്‍ മുഖേനയുണ്ടാക്കിയ ഒത്തുതീര്‍പ്പ് പ്രകാരം പരസ്പ്പര ധാരണയിലായിരുന്നു വിവാഹ മോചനം. വിവാഹ മോചനത്തിന് പിന്നാലെ കരാര്‍ പ്രകാരം വീട് മുൻ ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒഴിഞ്ഞുകൊടുത്ത് കനകദുര്‍ഗ പെരിന്തല്‍മണ്ണയിലെ ഫ്ലാറ്റിലേക്ക് താമസം മാറിയിരുന്നു. കുട്ടികൾ കനക ദുർഗയുടെ മുൻഭർത്താവിനൊപ്പമാണ്. ശബരിമലയില്‍ കയറിയത് വിവാദമായതിന് പിന്നാലെ ഭര്‍ത്താവ് കൃഷ്ണനുണ്ണിയും അമ്മയും കനക ദുര്‍ഗയെ തള്ളിപ്പറഞ്ഞിരുന്നു.
വീട്ടില്‍ കയറുന്നത് വിലക്കിയതിനെതിരെ കനക ദുര്‍ഗ നിയമ നടപടികള്‍ സ്വീകരിച്ചു. ഇതോടെ കൃഷ്ണനുണ്ണി രണ്ട് മക്കളുമായി മറ്റൊരു വീട്ടിലേക്ക് താമസം മാറി. കനക ദുര്‍ഗയുടെ സഹോദരന്‍റെ പിന്തുണയും ഭര്‍ത്താവ് കൃഷ്ണനുണ്ണിക്കായിരുന്നു. ഇതിനിടെ കനക ദുര്‍ഗ സഹോദരനും ഭര്‍ത്താവിനും അമ്മക്കുമെതിരെ നിരവധി പരാതികള്‍ പൊലീസില്‍ നല്‍കിയിരുന്നു. തര്‍ക്കങ്ങളും നിയമ നടപടികളുമായി മുന്നോട്ടു പോകുന്നതിനിടെ യോജിച്ചുപോകാൻ കഴിയാത്ത സാഹചര്യം വന്നതോടെയാണ് ഇരുവരും വിവാഹ മോചിതരാവാൻ തീരുമാനിച്ചത്.
Post Your Comments