ഒഡീഷ: ഒഡീഷയിലെ മാല്‍കന്‍ഗിരി ജില്ലയില്‍ മാവോയിസ്റ്റ് ഭീകരരുടെ കേന്ദ്രമായ പ്രദേശത്തെ പുറം ലോകവുമായി ബന്ധിപ്പിച്ച് പാലം നിര്‍മിച്ചു. ഒറ്റപ്പെട്ടു കിടക്കുകയായിരുന്ന 150ഓളം ഗ്രാമങ്ങള്‍ക്കാണ് പാലം ഗുണം ചെയ്യുന്നത്. ചിത്രകൊണ്ട വനത്തിലെ മാച്ച്കുണ്ഡ്, ബലിമേല ജലസംഭരണികളാല്‍ ചുറ്റപ്പെട്ട ഈ പ്രദേശത്തെ കൂടുതല്‍ ഒറ്റപ്പെടുത്തിയത് മാവോയിസ്റ്റ് ഭീകരരുടെ സാന്നിദ്ധ്യമായിരുന്നു. പുറമേ നിന്നുള്ളവരെ ഇവിടേക്കെത്താന്‍ ഭീകരര്‍ അനുവദിച്ചിരുന്നില്ല.
അതുകൊണ്ട് തന്നെ ഈ മേഖല ഇന്ത്യയില്‍ നിന്ന് പൂര്‍ണമായും വിച്ഛേദിക്കപ്പെട്ട രീതിയിലാണ് നിലകൊണ്ടിരുന്നത്.1982ല്‍ ഏഴുകോടി രൂപ മുതല്‍ മുടക്കില്‍ ഇവിടേക്ക് പാലം നിര്‍മിക്കാനുള്ള പണികള്‍ ആരംഭിച്ചുവെങ്കിലും ഇവരുടെ ഭീഷണി മൂലം പാലം പണി പൂർത്തിയായില്ല. 20 വര്‍ഷത്തിന് ശേഷം പദ്ധതി പുനരാരംഭിക്കാന്‍ ശ്രമിച്ചുവെങ്കിലും, അപായപ്പെടുത്തുമെന്ന നിരന്തരമായ ഭീഷണികള്‍ മൂലം പാലം പണിയിൽ നിന്ന് കോൺട്രാക്ടർ പിന്മാറി. 2008ല്‍ കപ്പലില്‍ ഇവിടെയെത്തിയ ആന്ധ്രപ്രദേശില്‍ നിന്നുള്ള 37 പൊലീസ് ഉദ്യോഗസ്ഥരെ മാവോയിസ്റ്റുകൾ വധിച്ചിരുന്നു.
ഇതിനു ശേഷം ഇവിടെ ആരും പോകാതെ ഇവിടം ഒറ്റപ്പെട്ട നിലയിലായിരുന്നു.2014ല്‍ വ്യക്തമായ മാര്‍ഗരേഖകളുമായി വീണ്ടും പാലം പണിയുടെ നിര്‍മാണം പുനരാരംഭിച്ചു. ഒടുവില്‍ 187 കോടി രൂപ മുതല്‍മുടക്കില്‍ പാലത്തിന്റെ നിര്‍മാണം വിജയകരമായി പൂര്‍ത്തിയാക്കി. 910 മീറ്റര്‍ നീളമുള്ള പാലത്തെ 22 തൂണുകളാണ് താങ്ങി നിര്‍ത്തിയിരുന്നത്. ഏകദേശം 30000ത്തോളം ആളുകള്‍ക്കാണ് ഈ നിര്‍മാണം ഗുണം ചെയ്യുന്നത്.
പാലം വന്നതോടെ മാവോയിസ്റ്റ് ഭീകരർക്കെതിരെയുള്ള പോരാട്ടം ശക്തമാക്കാനും സർക്കാരിന് കഴിയും. ഛത്തീസ്ഗഡിലും അടുത്തിടെ സമാനരീതിയില്‍ പാലം നിര്‍മിച്ചിരുന്നു. മാവോയിസ്റ്റ് ഭീകരരുടെ കേന്ദ്രമായിരുന്ന ഡോണ്‍പാലും ഒഡീഷയിലെ പൊടിയയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള പാലമായിരുന്നു ഇത്
Post Your Comments