കല്‍പ്പറ്റ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുമായി പ്രണയത്തിലായി ഒടുവിൽ കാമുകിയെ കാണാൻ കേരളത്തിലെത്തിയ ബംഗ്ലാദേശി യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ബംഗ്ലാദേശിലെ പെയിന്റിങ് തൊഴിലാളിയായ സഹീബുള്ഖാന് ഫേസ്ബുക്കിലൂടെയാണ് വയനാട് മേപ്പാടി സ്വദേശിയായ സ്ത്രീയുമായി പരിചയത്തിലാകുന്നത്. പ്രൊഫൈലിൽ കൊടുത്ത കാവ്യമാധവന്റെ ചിത്രം കണ്ട് അതാണ് കാമുകി എന്നുധരിച്ച ആവേശത്തിലാണ് രണ്ടരവര്‍ഷം മുമ്പ് രാത്രിയില്‍ വയനാട്ടിലെ വീട്ടില്‍ വന്നത്.
അതിര്‍ത്തി വെട്ടിച്ചു ബംഗ്ലാദേശിൽനിന്ന് കാമുകിയെകാണൻ വയനാട്ടില്‍ എത്തിയതിന് സഹീബുള്ഖാന് നാട്ടുകാരുടെ ഇടികൊണ്ടു, അനധികൃതമായി ഇന്ത്യയില്‍ വന്നതിന് രണ്ടുവര്‍ഷം ജയിലില്‍ കിടക്കേണ്ടിയും വന്നു . മൂന്നുമാസം മുമ്പ് ജയില്‍മോചിതനായെങ്കിലും തപാല്‍സമരം ചതിച്ചു. തിരിച്ചുപോകാനുള്ള രേഖകള്‍ എവിടെയോ പോയി. അതോടെ നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് ഈ 28 കാരൻ.
കാമുകി കൈവിട്ടതോടെ നാട്ടിലേക്ക് തിരിച്ചുപോകാന്‍ മേപ്പാടി പോലീസ് ബംഗ്ലാദേശ് എംബസിയുമായി ബന്ധപ്പെട്ട് നടപടികള്‍ പൂര്‍ത്തീകരിച്ചു. എംബസിയില്‍നിന്ന് മടക്കയാത്രയ്ക്കുള്ള അനുമതി രേഖകള്‍ അയച്ചതായി സഹീബുള്‍ഖാന്റെ ഫോണില്‍ അറിയിപ്പ് കിട്ടി. പക്ഷേ ആഴ്ചകള്‍ നീണ്ടുനിന്ന തപാല്‍ സമരത്തില്‍ സഹീബുള്‍ഖാന്റെ യാത്രാരേഖകള്‍ അപ്രത്യക്ഷമായി. ഒടുവില്‍ പോലീസ് ഇടപെടലിനെത്തുടര്‍ന്ന് രണ്ടാമത് എംബസിയില്‍ നിന്നയച്ച രേഖകള്‍ കിട്ടുന്നതും കാത്ത് കഴിയുകയാണ് സഹീബുള്ഖാന്. മൂന്നുമാസമായി മേപ്പാടി സ്റ്റേഷനിലെ പോലീസുകാരുടെ കാരുണ്യത്തിലാണ് സഹീബുള്‍ഖാന്റെ ജീവിതം.
Post Your Comments