കൊച്ചി: അഭിമന്യുവിന്റെ കൊലപാതകത്തിനു പിന്നില്‍ തീവ്രവാദ സ്വഭാവമുള്ളവരുടെ പങ്കുണ്ടെന്ന നിഗമനത്തില്‍ അന്വേഷണം എന്‍ഐഎയ്ക്ക് വിടാന്‍ ആലോചന. കേസ് അന്വേഷണം ഡിജിപി ലോക്‌നാഥ് ബെഹ്‌റ നേരിട്ട് ഏറ്റെടുത്തു. പ്രതികളെ ചോദ്യം ചെയ്യുന്നതും ബെഹ്‌റ നേരിട്ടായിരിക്കും. അറസ്റ്റിലായവരെ സൂക്ഷിച്ചിരിക്കുന്ന സെന്‍ട്രല്‍ സ്റ്റേഷനിലെത്തി ഇവരെ ബെഹ്‌റ നേരിട്ട് ചോദ്യം ചെയ്തു. അതിനിടെ സംഭവത്തിലെ തീവ്രവാദ ബന്ധത്തേക്കുറിച്ച് എന്‍.ഐ.എയും അന്വേഷണം തുടങ്ങി.
ഇതുവരെ ആറുപേരാണ് അറസ്റ്റിലായത്. നേരത്തേ അറസ്റ്റിലായ മൂന്നു പേരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്ത ശേഷം കേസില്‍ ഗൂഢാലോചനയുണ്ടെന്ന് വ്യക്തമായതായി ഡി.ജി.പി മാധ്യമങ്ങളോട് പറഞ്ഞു. അഡ്വക്കറ്റ് ജനറലുമായും ഡി.ജി.പി ചര്‍ച്ച നടത്തിയിരുന്നു. ഇതോടെയാണ് കേസ് എന്‍ ഐ എയ്ക്ക് വിടാനുള്ള സാധ്യതകളെ കുറിച്ചുള്ള സൂചനകള്‍ പുറത്തുവന്നത്. തീവ്രവാദ സ്വഭാവം ഉള്ളതിനാലാണ് ഇത്. വാഗമണ്‍ ആയുധ പരിശീലന ക്യാംപ് കേസ്, കളമശേരി ബസ് കത്തിക്കല്‍ കേസ് എന്നിവയിലെ പ്രതികളാരെങ്കിലും അഭിമന്യു വധക്കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
തൊടുപുഴ ന്യൂമാന്‍ കോളേജിലെ അദ്ധ്യാപകന്‍ ടി.ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസില്‍ ഉള്‍പ്പെട്ടവര്‍ക്ക് അഭിമന്യുവിന്റെ കൊലയുമായി ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. ഇത് തെളിഞ്ഞാല്‍ അഭിമന്യു വധക്കേസില്‍ യുഎപിഎ ചുമത്തും. എസ്ഡിപിഐ – പോപ്പുലര്‍ ഫ്രണ്ട് സംയുക്തമായി ആസൂത്രണം ചെയ്തുകൊലപാതകമാണ് അഭിമന്യുവിന്റേത് എന്നാണ് അന്വേഷണ ഏജന്‍സികള്‍ കരുതുന്നത്. കേസ് ബെഹ്‌റ നേരിട്ട് അന്വേഷിക്കാനെത്തിയതോടെ എസ് ഡി പി ഐ പ്രതിരോധത്തിലായി.
നിരോധന ഭീഷണി നേരിടുന്ന പോപ്പുലര്‍ ഫ്രണ്ടും കരുതലോടെയാണ നീങ്ങുന്നത്. അഭിമന്യുവിനെ കുത്തിയത് കറുത്ത ഫുള്‍കൈ ഷര്‍ട്ട് ധരിച്ച ഉയരം കുറഞ്ഞ ആളാണെന്ന് എഫ്‌ഐആറില്‍ പറയുന്നു. അക്രമിസംഘം രണ്ടുതവണ ക്യാമ്ബസിലെത്തിയിരുന്നതായും 15 അംഗ സംഘമാണ് അക്രമം നടത്തിയതെന്നും എഫ്‌ഐആറില്‍ പറയുന്നു.എറണാകുളം ജില്ല കേന്ദ്രീകരിച്ച് വ്യാപകമായ റെയ്ഡ് പൊലീസ് നടത്തുന്നുണ്ട്. എസ് ഡി പി ഐയാണ് അഭിമന്യുവിനെ കൊന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് മത തീവ്രവാദം കാമ്പസുകളില്‍ എത്തിക്കാനാണ് അഭിമന്യുവിനെ കൊന്നതെന്ന നിലപാടില്‍ പൊലീസ് എത്തുന്നത്. കൊലയ്ക്കുശേഷം പ്രതികളെ കേരളത്തിനു പുറത്തേക്കു കടക്കാന്‍ സഹായിച്ചവരുടെ വിവരങ്ങളും പൊലീസിനു ലഭിച്ചു. പ്രതികളുടെ ഒളിത്താവളങ്ങള്‍ കണ്ടെത്താന്‍ അഞ്ചു സംഘങ്ങളായി പിരിഞ്ഞാണ് അന്വേഷകരുടെ നീക്കം.നിരീക്ഷണ ക്യാമറ ദൃശ്യങ്ങളില്‍നിന്നു കൊലയാളിയെ ഏതാണ്ടു തിരിച്ചറിഞ്ഞിട്ടുണ്ട്. രാത്രികാല ദൃശ്യങ്ങളായതിനാല്‍ കൊലയാളി ധരിച്ചിരുന്ന വസ്ത്രത്തിന്റെ നിറം സംബന്ധിച്ച് അവ്യക്തതയുണ്ട്.
നീല നിറത്തിലുള്ള ഷര്‍ട്ടോ ടീഷര്‍ട്ടോ ആവാം കൊലയാളി ധരിച്ചിരുന്നതെന്ന നിഗമനത്തിലായിരുന്നു പൊലീസ് ഇതുവരെ. എന്നാല്‍, കൊലയാളിയുടെ അതേ ദേഹപ്രകൃതിയുള്ള യുവാവിന്റെ മറ്റൊരു ദൃശ്യത്തില്‍ കറുത്ത വസ്ത്രമാണു ധരിച്ചിട്ടുള്ളത്. രണ്ടാമത്തെ ദൃശ്യത്തില്‍ മുഖം കൂടുതല്‍ വ്യക്തമാണ്. അഭിമന്യു പഠിക്കുന്ന മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥിയുടെ അതേ പേരുള്ള മറ്റൊരു പ്രതിയാണു കൊലയാളി സംഘത്തെ നയിച്ചത്. ഒരേ പേരുള്ള ഇവര്‍ രണ്ടു പേരും കേസില്‍ പ്രതികളാണ്. കുത്തേറ്റശേഷം മരിക്കും മുന്‍പ് അഭിമന്യു ഇവരുടെ പേരു പറഞ്ഞിരുന്നു. പക്ഷേ, രണ്ടു പേരില്‍ ആരെ ഉദ്ദേശിച്ചാണ് പേരു പറഞ്ഞതെന്നു വ്യക്തമല്ല.
കൊലപാതകം നടന്ന ജൂലൈ ഒന്നിനു സ്വന്തം നാടായ ഇടുക്കി കാന്തല്ലൂരിനു സമീപം വട്ടവടയിലെ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്ത ശേഷം മാതാപിതാക്കള്‍ക്കൊപ്പം വീട്ടില്‍ തങ്ങി പുലര്‍ച്ചെ പുറപ്പെടാനായിരുന്നു അഭിമന്യുവിന്റെ ഉദ്ദേശ്യം. എന്നാല്‍, അന്നു പകല്‍ എറണാകുളത്തുനിന്നു തുടര്‍ച്ചയായി അഭിമന്യുവിനെ ഫോണില്‍ വിളിച്ചിരുന്നതായി കുടുംബാംഗങ്ങള്‍ പൊലീസിനു മൊഴി നല്‍കി. എത്രയും വേഗം കോളജിലെത്താനുള്ള നിര്‍ദേശമാണു ഫോണില്‍ അഭിമന്യുവിനു ലഭിച്ചത്. ഈ സമ്മര്‍ദത്തിലാണു പാര്‍ട്ടി പരിപാടി കഴിഞ്ഞ ഉടന്‍ എറണാകുളത്തേക്കു തിരിച്ചത്.
അന്നു രാത്രി ഏതു വിധേനയും അഭിമന്യുവിനെ കോളജിലെത്തിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണോ ഈ ഫോണ്‍ വിളിയെന്നാണു പൊലീസ് പരിശോധിക്കുന്നത്.ബന്ധുക്കളുടെ സംശയം ശരിയാണെങ്കില്‍ അഭിമന്യുവിന് അടുപ്പമുള്ള ആരോ ഒരാള്‍ ഗൂഢാലോചനയില്‍ പങ്കാളിയാണെന്നു കരുതേണ്ടി വരും.
Post Your Comments