
കണ്ണൂര്‍: കണ്ണൂര്‍ വനിതാ ജയിലില്‍ സഹതടവുകാരിയെ മര്‍ദിച്ച കേസില്‍ കാരണവര്‍ വധക്കേസ് പ്രതി ഷെറിനെതിരെ കേസെടുത്തു. തടവുകാരിയായ വിദേശവനിതയ്ക്കാണ് മര്‍ദനമേറ്റത്. ഷെറിന് ജയിലില്‍ പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെ ഷെറിന്റെ ശിക്ഷായിളവിനായി ജയില്‍ ഉപദേശസമിതി ശിപാര്‍ശ ചെയ്തതും സര്‍ക്കാര്‍ അതിന് പച്ചക്കൊടി വീശിയതും വലിയ ചര്‍ച്ചയായിരുന്നു. പരാതിക്കാരി കഴിഞ്ഞ ദിവസം വെള്ളമെടുക്കാന്‍ പോകുന്നതിനിടെ പ്രകോപനമൊന്നും കൂടാതെ ഷെറിന്‍ മര്‍ദിച്ചെന്നും പിടിച്ചുതള്ളിയെന്നുമാണ് എഫ്ഐആറില്‍ പറയുന്നത്. ഷെറിനാണ് കേസില്‍ ഒന്നാം പ്രതി. തടവുശിക്ഷ അനുഭവിക്കുന്ന മറ്റൊരു സ്ത്രീയെക്കൂടി സംഭവത്തില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. കണ്ണൂര്‍ ടൗണ്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്.
ഷെറിന് ആറു തവണ ഓര്‍ഡിനറി പരോളും, രണ്ടുതവണ എമര്‍ജന്‍സി പരോളും ആണ് അനുവദിച്ചത്. ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന് ശിക്ഷയിളവ് നല്‍കിയത് മുന്‍ഗണന ലംഘിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു. 20 വര്‍ഷം ശിക്ഷ അനുഭവിച്ച രോഗികളുള്‍പ്പടെ അര്‍ഹരായവരെ പിന്തള്ളിയാണ് ഷെറിന് അനുകൂലമായി ഫയല്‍ നീങ്ങിയത്. ശിക്ഷാ കാലയളവില്‍ പല ജയിലുകളിലും ഷെറിന്‍ ഉണ്ടാക്കിയ പ്രശ്നങ്ങള്‍ പരിഗണിച്ചില്ലെന്നും ആക്ഷേപമുണ്ട്. 25 വര്‍ഷത്തില്‍ കൂടുതല്‍ തടവുശിക്ഷ അനുഭവിച്ചവരെ വിട്ടയക്കണമെന്ന ജയില്‍ ഉപദേശക സമിതികളുടെ ശുപാര്‍ശ പരിഗണിക്കാതെയാണ് ഷെറിന് മാത്രമായി ഇളവ് കിട്ടിയത്.
2009 നവംബര്‍ 8 നാണ് ചെങ്ങന്നൂര്‍ സ്വദേശി ഭാസ്‌കര കാരണവര്‍ കൊല്ലപ്പെട്ടത്. കേസിലെ ഒന്നാം പ്രതിയായിരുന്നു ഷെറിന്‍. ഭാസ്‌കര കാരണവരുടെ മകന്റെ ഭാര്യയായിരുന്നു ഷെറിന്‍. മരുമകള്‍ ഷെറിനും കാമുകനും ചേര്‍ന്നാണ് അമേരിക്കന്‍ മലയാളിയായ ഭാസ്‌കര കാരണവരെ കൊലപ്പെടുത്തിയത്.
Post Your Comments