സഞ്ചാര യോഗ്യമായ സ്ഥലങ്ങൾ തേടി നടക്കുന്നവരാണ് നമ്മൾ. മുറ്റത്തെ മുല്ലയ്‌ക്ക് മണമില്ല എന്നു പറയുംപോലെ നമുക്കുചുറ്റും കണ്ടിട്ടും കാണാതെ പോകുന്ന ഒട്ടനവധി സ്ഥലങ്ങളുണ്ട്. ബ്രിട്ടീഷുകാര്‍ ഭരണസമയത്ത് സമതലങ്ങളിലെ കടുത്ത ചൂടില്‍ നിന്നും രക്ഷപെടാനായി ധാരാളം സ്ഥലങ്ങള്‍ കണ്ടെത്തിയിരുന്നു. വേനല്‍ക്കാല വസതികള്‍ എന്ന പേരില്‍ കുറേയധികം കുന്നിന്‍പ്രദേശങ്ങള്‍ അവര്‍ മികച്ച സ്ഥലങ്ങളാക്കി മാറ്റിയെടുത്തു.
ഇന്ന് സഞ്ചാരികളുടെ സ്വര്‍ഗ്ഗമായി അറിയപ്പെടുന്ന മസിനഗുഡിയും ഊട്ടിയും കൂനൂരും എന്തിനധികം നമ്മുടെ മൂന്നാറും ആന്ധ്രയിലെ ഹോഴ്സ്ലി ഹില്‍സുമൊക്കെ ബ്രിട്ടീഷുകാര്‍ കണ്ടെത്തിയ സ്ഥലങ്ങളാണ് എന്നതാണ് സത്യം. അത്തരത്തിലുള്ള മറ്റൊരു സ്ഥലമാണ് മധ്യപ്രദേശിലെ ഏക ഹില്‍സ്റ്റേഷനായ പഞ്ചമര്‍ഹി. സത്പുരയുടെ റാണി എന്നാണിവിടം അറിയപ്പെടുന്നത്. പഞ്ചമര്‍ഹിയുടെ വിശേഷങ്ങളെക്കുറിച്ചറിയാം.
ബ്രിട്ടീഷുകാര്‍ കണ്ടെത്തിയ സ്ഥലം
ബ്രിട്ടീഷുകാരുടെ സമയത്ത് തീരെ അറിയപ്പെടാതെ കിടക്കുന്ന ഒരിടമായിരുന്നു പഞ്ചമര്‍ഹി. ഗോണ്ട് രാജാവായിരുന്ന ബൗത് സിംഗിന്റെ കീഴിലായിരുന്നു ഈ സ്ഥലം ഉണ്ടായിരുന്നത്. തീരെ ജനവാസം കുറഞ്ഞ ഒരിടമായിരുന്നുവത്രെ അന്ന് പഞ്ചമര്‍ഹി. അന്നത്തെ ബ്രിട്ടീഷ് ആര്‍മിയുടെ ക്യാപ്റ്റനായിരുന്ന ജെയിംസ് ഫോര്‍സിത് എന്നയാള്‍ 1857 ലാണ് ഇവിടം കണ്ടെത്തുന്നത്. തന്റെ കീഴിലുള്ള സൈന്യവുമായി ഝാന്‍സിയിലേക്ക് പോകുമ്പോളാണ് വളരെ അപ്രതീക്ഷിതമായി അദ്ദേഹം ഇവിടെ എത്തുന്നത്. പിന്നീട് പെട്ടന്നുതന്നെ ഇവിടം ഒരു ഹില്‍ സ്റ്റേഷനായി രൂപപ്പെട്ടു.
സത്പുരയുടെ റാണി
വിദ്ധ്യ പര്‍വ്വത നിരകള്‍ക്ക് സമാന്തരമായി നിലകൊള്ളുന്ന സത്പുര പര്‍വ്വത നിരകളിലാണ് പഞ്ചമര്‍ഹി സ്ഥിതി ചെയ്യുന്നത്. മധ്യപ്രദേശിലെ ഹോഷങ്കാബാദ് ദില്ലയിലാണ് ഇതുള്ളത്. മധ്യപ്രദേശിലെ ഏക ഹില്‍സ്റ്റേഷന്‍ കൂടിയാണ് പഞ്ചമര്‍ഹി. വെള്ളച്ചാട്ടങ്ങള്‍, പ്രകൃതിദത്തമായ അരുവികള്‍, ഗുഹകള്‍, ക്ഷേത്രങ്ങള്‍, കാടുകള്‍ തുടങ്ങിയവ കൊണ്ടെല്ലാം അനുഗ്രഹീതമായ ഇവിടം സത്പുരയുടെ റാണി എന്നും അറിയപ്പെടുന്നു.
പേര് സൂചിപ്പിക്കുന്നത്
പേര് തന്നെ സൂചിപ്പിക്കുന്നുണ്ട് മഹാഭാരതവുമായി എന്തോ ബന്ധമുണ്ടെന്ന്. മഹാഭാരത കഥയിലെ പഞ്ചപാണ്ഡവന്‍മാരുമായി ബന്ധമുള്ളതാണ് ഈ സ്ഥലം . പാഞ്ച് എന്നാല്‍ അഞ്ച് എന്നും മര്‍ഹി എന്നാല്‍ ഗുഹകള്‍ എന്നുമാണ് അര്‍ഥം. തങ്ങളുടെ 13 വര്‍ഷത്തെ വനവാസക്കാലത്ത് പാണ്ഡവര്‍ ഇവിടെ എത്തിയെന്നും ഇവിടെ ഗുഹകള്‍ നിര്‍മ്മിച്ച് കുറച്ച് കാലം താമസിച്ചു എന്നുമാണ് വിശ്വാസം.
പാണ്ഡവ് ഗുഹകള്‍
പഞ്ചമര്‍ഹിയ്ക്ക് ഈ പേരുവരാന്‍ തന്നെ കാരണം ഇവിടെ സ്ഥിതി ചെയ്യുന്ന പാണ്ഡവ് ഗുഹകളാണ്. വനവാസക്കാലത്ത് പാണ്ഡവര്‍ ഉവിടെ വസിച്ചിരുന്നു എന്നും ഗുഹകള്‍ നിര്‍മ്മിച്ചിരുന്നു എന്നുമുള്ള വിശ്വാസത്തില്‍ നിന്നാണ് പഞ്ചമര്‍ഹിയ്ക്ക് പേരുലഭിക്കുന്നത്. താരതമ്യേന ഉയരം കുറഞ്ഞ ഒരു മലയിലായാണ് ഈ ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്. സംരക്ഷിത സ്മാരകങ്ങളാണ് ഇപ്പോള്‍ ഈ ഗുഹകള്‍. മനോഹരമായി നിര്‍മ്മിച്ചു സംരക്ഷിക്കുന്ന ഒരു പുന്തോട്ടവും ഇതിനുമുന്നില്‍ കാണുവാന്‍ സാധിക്കും.
ഗുഹാ ചിത്രങ്ങൾ
ചുറ്റോടുചുറ്റും കാടുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സ്ഥലമാണ് പഞ്ചമര്‍ഹി. കാടിനുള്ളില്‍ ധാരാളം ഗുഹകളും അവയ്ക്കുള്ളില്‍ഗുഹാ ചിത്രങ്ങളും കാണുവാന്‍ കഴിയും. അവയില്‍ ചില ഗുഹകള്‍ക്കും ചിത്രങ്ങള്‍ക്കും ആയിരത്തിലധികം വര്‍ഷം പഴക്കമുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ബീ ഫാള്‍സ്
പഞ്ച്മര്‍ഹിയിലെത്തുന്ന സഞ്ചാരികള്‍ ഒരിക്കലും ഒഴിവാക്കരുതാത്ത ഇടമാണ് ബീ ഫാള്‍സ് എന്ന വെള്ളച്ചാട്ടം. പേരു സൂചിപ്പിക്കുന്നതുപോലെ തന്ന തേനീച്ചകളുടെ സ്വരംമാണ് ഇതിന്. അകലെ നിന്നും ഈ വെള്ളച്ചാട്ടത്തിന്റെ ഇരമ്പലിന് തേനീച്ചകളുടെ ഇരമ്പലുമായി വലിയ സാമ്യമാണുള്ളത്. അങ്ങനെയാണ് ഈ വെള്ളച്ചാട്ടം ബീ ഫാള്‍സ് എന്ന് അറിയപ്പെടുന്നത്.
സൂര്യാസ്തമയവും സൂര്യോദയവും
സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും ഏറെ പേരുകേട്ട സ്ഥലമാണ് ഇവിടം. ഇവിടെ എത്തുന്ന സഞ്ചാരികളില്‍ മിക്കവരും സൂര്യാസ്തമയം കണ്ടിട്ടേ ഇവിടെ നിന്നും ഇറങ്ങാറുള്ളൂ. 1365 പടികള്‍ക്കു മുകളിലായുള്ള ചൗരാഗഡ് എന്ന സ്ഥലമാണ് ഇവിടുത്തെ സൂര്യോദയത്തിനു പേരു കേട്ടത്. ഈ സൂര്യോദയം കാണാന്‍ വേണ്ടി മാത്രം ഇവിടെ എത്തുന്നവരും ഉണ്ട്.
Post Your Comments