ഭോപ്പാൽ: ഇരട്ട എഞ്ചിൻ സർക്കാർ ഇരട്ട വേഗത്തിലാണ് മധ്യപ്രദേശിൽ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 7,550 കോടിയുടെ വികസന പ്രവർത്തനങ്ങൾ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു. മദ്ധ്യപ്രദേശിലെ ഝാബുവയിൽ ജൻ ജാതീയ മഹാസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ഇരട്ട എഞ്ചിൻ സർക്കാർ ഇരട്ട വേഗത്തിലാണ് വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 7,550 കോടി രൂപയുടെ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവുമാണ് അദ്ദേഹം നിർവ്വഹിച്ചത്.
താനിവിടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതല്ല. ഇവിടേക്കുള്ള തന്റെ വരവ് പ്രഖ്യാപിച്ചതോടെ വലിയ ചർച്ചകൾ നടന്നിരുന്നു. പലരും പലവിധത്തിലുള്ള വിലയിരുത്തലുകൾ നടത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള പോരാട്ടം ഝാബുവയിൽ നിന്നും മോദി ആരംഭിക്കുകയാണെന്നാണ് ചിലർ പറഞ്ഞത്. നിങ്ങളുടെ സേവകനായാണ് താനിവിടെ എത്തിച്ചേർന്നിരിക്കുന്നതെന്നും പ്രധാനമന്ത്രി വിശദമാക്കി.
കഴിഞ്ഞ വർഷങ്ങളിൽ മദ്ധ്യപ്രദേശ് ജനത രണ്ട് വ്യത്യസ്ത ഘട്ടങ്ങൾ കാണാനിടയായി. ഒന്ന് ഡബിൾ എഞ്ചിൻ സർക്കാരിന്റെ കാലവും മറ്റൊന്ന് കോൺഗ്രസ് കാലത്തെ ഇരുണ്ട യുഗവുമാണ്. സംസ്ഥാനത്തെ ഭക്ഷ്യ സബ്‌സിഡി പദ്ധതിക്ക് കീഴിൽ രണ്ട് ലക്ഷത്തോളം സ്ത്രീകൾക്ക് സഹായം നൽകുന്നതിന്റെ ആദ്യ ഗഡു പ്രധാനമന്ത്രി വിതരണം ചെയ്തു. പിന്നാക്ക ഗോത്രങ്ങളിലെ സ്ത്രീകൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പുവരുത്തുന്നതിന് പ്രതിമാസം 1500 രൂപ നൽകുന്ന പദ്ധതിയാണിത്. ഇതുകൂടാതെ സംസ്ഥാനത്തെ അർഹതപ്പെട്ടവർക്ക് ഉടമസ്ഥാവകാശ പദ്ധതിക്ക് കീഴിൽ 1.75 ലക്ഷം രേഖകൾ വിതരണം ചെയ്തു. ഭൂമിയുടെ അവകാശം തെളിയിക്കുന്ന രേഖകളാണിതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments