കെഎസ്ആർടിസിയെ നഷ്ടത്തിൽ നിന്നും കര കയറ്റാനുള്ള പ്രവർത്തനങ്ങൾ എംഡി ടോമിൻ ജെ തച്ചങ്കരി നടത്തുമ്പോൾ മറുവശത്ത് കെഎസ്ആര്‍ടിസിയുടെ പല സേവനങ്ങളും ചൂഷണം ചെയ്യപ്പെടുകയാണെന്നുള്ള വാർത്തകളും പുറത്ത് വരുന്നു. ദീര്‍ഘദൂരയാത്രയ്ക്ക് ലോഫ്ളോര്‍ ബസുകള്‍ ഉപയോഗിക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ തുറന്ന് കാട്ടി ഒരു യാത്രക്കാരൻ എഴുതിയ കത്താണ് ഇപ്പോൾ ചർച്ച വിഷയം.
നഗരഗതാഗതത്തിനായി രൂപകല്പന ചെയ്ത ലോഫ്ളോര്‍ ബസുകള്‍ ദീര്‍ഘദൂര സര്‍വീസുകളില്‍ ഉപയോഗിച്ച് ലാഭമുണ്ടാക്കുന്നുവെന്ന കെഎസ്ആര്‍ടിസിയുടെ വാദങ്ങള്‍ക്കിടെ വിദേശത്തു നിന്ന് വരുന്ന യാത്രക്കാര്‍ക്കായി നെടുമ്പാശേരിയില്‍ നിന്ന് കോഴിക്കോടേയ്ക്ക് ലഗേജ് സൂക്ഷിക്കാന്‍ യാതൊരു സൗകര്യവുമില്ലാത്ത ബസ് സര്‍വീസ് നടത്തുന്നതിനെപ്പറ്റി നബീല്‍ എ എം എന്ന യാത്രക്കാരനാണ് ഗതാഗതവകുപ്പ് മന്ത്രിയ്ക്ക് കത്തയച്ചത്.
ഈ റൂട്ടില്‍ യാത്ര ചെയ്യുന്ന യാത്രക്കാരെപ്പറ്റി യാതൊരു ചിന്തയുമില്ലാതെയാണ് കൊച്ചി വിമാനത്താവളത്തില്‍ നിന്നുള്ള ദീര്‍ഘദൂരബസുകള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ജന്റം പദ്ധതിപ്രകാരം കേരളത്തിന് ലഭിച്ച വോള്‍വോ ലോഫ്ളോര്‍ ബസുകളാണ് നിലവില്‍ വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്, മലപ്പുറം ജില്ലകളിലേയ്ക്ക് സര്‍വീസ് നടത്തുന്ന ബസുകൾ. നഗരഗതാഗതം മെച്ചപ്പെടുത്താനായി അനുവദിച്ച ബസുകളുടെ നിര്‍മിതി ഹ്രസ്വദൂരയാത്രകളെ ഉദ്ദേശിച്ചുള്ളതാണ്. താഴ്ന്ന ഫ്ളോർ,വീതിയേറിയ വാതിലുകൾ, നിന്നു യാത്ര ചെയ്യാന്‍ സഹായിക്കുന്ന കൈപ്പിടികൾ ഉള്ള ലോഫ്ളോര്‍ ബസുകള്‍ ലോകത്തൊരിടത്തും ദീര്‍ഘദൂരയാത്രയ്ക്ക് സാധാരണയായി ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടില്ല.
ലഗേജ് സ്ഥലമില്ലാത്തതും ഇരുന്നു യാത്ര ചെയ്യാന്‍ 32 സീറ്റുകള്‍ മാത്രമുള്ളതുമായ ബസുകള്‍ ദീര്‍ഘദൂരയാത്രയ്ക്കായി ഉപയോഗിക്കുന്നത്തിലൂടെ കെയുആര്‍ടിസി യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയാണ്. നിലവില്‍ കെയുആര്‍ടിസി ലോഫ്ളോര്‍ ബസുകള്‍ മധ്യഭാഗം മുഴുവന്‍ ലഗേജുകള്‍ കൊണ്ട് നിറഞ്ഞ നിലയിലാണ് ദീര്‍ഘദൂരസര്‍വീസുകള്‍ നടത്തുന്നതെന്ന് യാത്രക്കാരന്റെ പരാതിയിൽ പറയുന്നു.
നിലവിൽ കെഎസ്ആര്‍ടിസിയുടെ കൈവശമുള്ള ഗരുഡ വോള്‍വോ ബസുകളും സ്കാനിയ ബസുകളും ഉപയോഗിച്ച് ഈ സര്‍വീസുകള്‍ നടത്തണമെന്ന നിർദേശമാണ് മിക്ക യാത്രക്കാരും മുന്നോട്ട് വെക്കുന്നത്. ലഗേജ് സൂക്ഷിക്കാന്‍ പ്രത്യേകം സ്ഥലമുണ്ടെന്നതിനു പുറമെ സീറ്റുകള്‍ കൂടുതലുണ്ടെന്ന മേന്മയുമാണ് ഇതിനു കാരണം. കൂടാതെ നഗരറോഡുകള്‍ക്ക് അനുയോജ്യമായ ബസുകള്‍ ദീര്ഘദൂരറോഡുകളില് ഉപയോഗിക്കുന്നത് ബസുകളുടെ ആയുസ്സ് കുറയാൻ ഇടയാക്കുമെന്ന് യാത്രക്കാര്‍ പറയുന്നു.
Also read : പേന്‍ രക്തമൂറ്റി കുടിച്ചു, അഞ്ചുവയസുകാരിക്ക് സംസാരശേഷി നഷ്ടമായി
Post Your Comments