കണ്ണൂർ : കത്വ സംഭവത്തിന്റെ പേരിൽ പ്രായശ്ചിത്തമെന്ന പേരില്‍ ശയന പ്രദക്ഷിണത്തിനായി ചിറക്കൽ കടലായി ക്ഷേത്രത്തിലെത്തിയ കെപി രാമനുണ്ണിക്ക് കുറച്ചു ദൂരം ശയന പ്രദക്ഷിണം നടത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം. തുടര്‍ന്ന് ശയന പ്രദക്ഷിണം ഒഴിവാക്കി ക്ഷേത്രത്തിനു ചുറ്റും പ്രതീകാത്മകമായി നടന്നതിനു ശേഷം അദ്ദേഹം ക്ഷേത്രത്തില്‍ നിന്ന് മടങ്ങി. പ്രാദേശിക സി.പി.എം നേതാക്കളുടെ പിൻതുണയോടെ പൊലീസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു രാമനുണ്ണി ശയന പ്രദക്ഷിണത്തിനായി എത്തിയത്.
ശയന പ്രദക്ഷിണം നടത്താനെത്തിയ കെപി രാമനുണ്ണിയേയും സംഘത്തെയും ക്ഷേത്രത്തിനു മുന്നിൽ വച്ച് ഭക്തരും ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരും തടഞ്ഞു . ആചാര പ്രകാരം കുളിച്ചീറനോടെ വേണം ക്ഷേത്രത്തിലെ ശയന പ്രദക്ഷിണമെന്നും നാടകം കളിക്കാനാണെങ്കിൽ ക്ഷേത്രത്തിൽ പ്രവേശിക്കരുതെന്നും ഭക്തർ വ്യക്തമാക്കി. തുടർന്ന് ആചാര പ്രകാരം രാമനുണ്ണി അകത്തു പ്രവേശിക്കുകയും ഹരേ കൃഷ്ണ ചൊല്ലി ഭക്തർ അനുഗമിക്കുകയും ചെയ്തു.
എന്നാൽ മൂന്നു നാലു മീറ്റർ കഴിഞ്ഞപ്പോഴാണ് ശയന പ്രദക്ഷിണം അത്ര എളുപ്പമല്ലെന്ന് അദ്ദേഹത്തിനു മനസ്സിലായത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് എണീറ്റ് പ്രതീകാത്മകമായി ക്ഷേത്രത്തിനു ചുറ്റും വലം വെച്ച് അദ്ദേഹം മടങ്ങുകയായിരുന്നു. അതിനിടയിൽ സി.പി.എം പ്രവർത്തകരായ ചിലരും ഭക്തരുമായി ചെറിയ തോതിൽ സംഘർഷവുമുണ്ടായി. ശിവഗിരി മഠത്തിലെ സ്വാമി ധർമ്മ ചൈതന്യ ശയന പ്രദക്ഷിണത്തിൽ പങ്കെടുക്കുമെന്ന് ആദ്യം അറിയിപ്പുണ്ടായിരുന്നു.
എന്നാൽ ഇതിനു പിന്നിൽ രാഷ്ട്രീയ ഗൂഢോദ്ദേശ്യമുണ്ടെന്ന് മനസ്സിലായതോടെ ശിവഗിരി മഠത്തിൽ നിന്ന് ആരും പങ്കെടുക്കുന്നില്ലെന്ന് അറിയിപ്പ് വന്നു. ഇത്തരം പ്രതിഷേധ നാടകങ്ങളിലൂടെ ക്ഷേത്ര വിശ്വാസങ്ങളെ അവഹേളിക്കാൻ രാമനുണ്ണി ചിലരുടെ ചട്ടുകയായി പ്രവർത്തിക്കുകയാണെന്ന് ഭക്തരും ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരും ആരോപിച്ചു. എന്നാൽ വിശ്വാസ ആചാര അനുഷ്ടാനങ്ങൾ ലംഘിക്കാതെയാണ് ശയനപ്രദക്ഷിണം നടത്തിയതെന്നായിരുന്നു കെ.പി.രാമനുണ്ണിയുടെ മറുപടി .
Post Your Comments