Kerala

കാന്താരി മുളക് തൊട്ടാല്‍ കൈ പൊള്ളും : വില കേട്ടാല്‍ ഞെട്ടും

ഇടുക്കി : മലയാളികളുടെ പ്രിയപ്പെട്ട് മുളകായ കാന്താരി തൊട്ടാല്‍ കൈ പൊള്ളും. വില കേട്ടാല്‍ ആരുടെയും കണ്ണ് തള്ളും. രണ്ടുമാസംമുന്‍പ് കിലോയ്ക്ക് 1800 രൂപവരെ വില ഉയര്‍ന്ന കാന്താരി മുളകിന് ഇപ്പോള്‍ 1400 മുതല്‍ 1600 രൂപവരെ വിലയാണുള്ളത്. സ്വദേശത്തേക്കാള്‍ ഇപ്പോള്‍ വിദേശത്താണ് കാന്താരിക്ക് ആവശ്യക്കാര്‍. ഗള്‍ഫ് നാടുകളിലും, തായ്ലന്റ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലെ വിഭവങ്ങളിലും കാന്താരി മുളകിന് പ്രിയം വര്‍ധിച്ചതോടെയാണ് വില വര്‍ധിച്ചത്.

രണ്ടുകൊല്ലമായി കാന്താരിയുടെ വില 250 രൂപയില്‍ താഴുന്നുമില്ല. ഏതു കാലാവസ്ഥയിലും കാന്താരി നന്നായി വളരും. വെയിലോ മഴയോ പ്രശ്നമല്ല. പൊതുവെ ഇടുക്കി, വയനാട് ജില്ലകളില്‍ വലിയ സാധ്യതയാണ് കാന്താരികൃഷിക്കുള്ളത്. പരിചരണം ഒന്നും വേണ്ടാത്ത കാന്താരി ഒരു നല്ല കീടനാശിനികൂടിയാണ്. കാന്താരി മുളക് അരച്ച് സോപ്പ് ലായനിയില്‍ കലക്കി കീടനാശിനിയായി ഉപയോഗിക്കുന്ന ജൈവ കര്‍ഷകരുമുണ്ട്. കാന്താരിയും ഗോമൂത്രവും ചേര്‍ന്നാല്‍ കീടങ്ങള്‍ വരില്ല.

ജീവകം സിയുടെ ഉറവിടമാണ് കാന്താരി. കാന്താരിയിലെ ജീവകം സി ശ്വാസകോശരോഗങ്ങളെ ചെറുക്കുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. ഹൃദ്രോഗമുണ്ടാക്കുന്ന ട്രൈഗ്ലിസറൈഡുകളുടെ അധിക ഉല്‍പാദനത്തെ കാന്താരി മുളക് നിയന്ത്രിക്കും. കൊളസ്ട്രോള്‍ കുറയ്ക്കാനും രക്തകുഴലുകളില്‍ കൊഴിപ്പ് അടിഞ്ഞുകൂടുന്നതു തടയാനും കാന്താരിക്ക് കഴിയുമെന്നാണ് കണ്ടെത്തല്‍. ഈ തിരിച്ചറിവ് വന്‍കിട കമ്പനികള്‍ കാന്താരി മുഖ്യ ചേരുവയായുള്ള ഔഷധങ്ങളും പുറത്തിറക്കിത്തുടങ്ങി.

കട്ടപ്പന മാര്‍ക്കറ്റില്‍ ഒരുകിലോ കാന്താരിക്ക് ആയിരം രൂപയ്ക്കു മുകളിലാണ് വില. ഒരുമാസം മുന്‍പ് ഇത് 800-നു മുകളിലായിരുന്നു. നമ്മുടെ നാട്ടില്‍ വളരുന്ന ഇനത്തിന് പ്രാദേശികമായ രുചിയും മണവും മറ്റു പ്രത്യേകതകളുമൊക്കെയുണ്ടാകാമെങ്കിലും വിയറ്റ്നാമിലും തായ്ലന്റി്ലും സൂപ്പ്, സോസ്, സലാഡ് എന്നിവയില്‍ മാത്രമല്ല വറുത്തതിലും പൊരിച്ചതിലുമൊക്കെ കാന്താരി അരിഞ്ഞിടാറുണ്ട്. വാതം, അജീര്‍ണം, വായുക്ഷോഭം, പൊണ്ണത്തടി, പല്ലുവേദന, കൊളസ്ട്രോള്‍ എന്നിവ കുറയ്ക്കാന്‍ കാന്താരി ഫലപ്രദമാണെന്ന കണ്ടെത്തലാണ് ഇതിന്റെ ഉപയോഗം വര്‍ധിപ്പിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button