ന്യൂഡല്‍ഹി•നരേന്ദ്ര മോദി സര്‍ക്കാര്‍ ഭരണത്തില്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കാന്‍ രണ്ട് ആഴ്ചയില്‍ താഴെ മാത്രം ശേഷിക്കെ, എന്‍.ഡി.എ സര്‍ക്കാരിന്റെ ഭരണം വിലയിരുത്തുന്ന സര്‍വേ റിപ്പോര്‍ട്ട് പുറത്ത്.
മോദി ഭരണത്തില്‍ 57% പേര്‍ സംതൃപ്തരാണെന്ന് ലോക്കല്‍ സര്‍ക്കിള്‍സ് നടത്തിയ സര്‍വേ പറയുന്നു. 2016 ല്‍ 64% പേരും 2017 ല്‍ 61% പേരുമായിരുന്നു എന്‍.ഡി.എ ഭരണത്തില്‍ സംതൃപ്തി രേഖപ്പെടുത്തിയിരുന്നത്.
ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രതിശ്ചായയും സ്വാധീനവും കഴിഞ്ഞ നാല് വര്‍ഷത്തെ എന്‍.ഡി.എ ഭരണത്തിനിടെ മെച്ചപ്പെട്ടതായി 82% പേര്‍ അഭിപ്രായപ്പെടുന്നു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ കുറയ്ക്കല്‍, തൊഴിലവസരങ്ങളുടെ സൃഷ്ടി, കര്‍ഷകരുടെ ജീവിതം മെച്ചപ്പെടുത്തല്‍, ജീവിതച്ചെലവ് കുറയ്ക്കല്‍, ആരോഗ്യരംഗം എന്നിവയിലെല്ലാം സര്‍വേയില്‍ പങ്കെടുത്തവര്‍ കുറഞ്ഞ റേറ്റിംഗ് ആണ് നല്‍കിയത്.
28 ശതമാനം പേര്‍ സര്‍ക്കാര്‍ പ്രതീക്ഷകള്‍ക്കപ്പുറം പ്രവര്‍ത്തിക്കുന്നതായി വിശ്വസിക്കുന്നു. 29 പേര്‍ പ്രതീക്ഷകള്‍ നിറവേറ്റിയതായി കരുതുമ്പോള്‍ 43 പേര്‍ പ്രതീക്ഷിച്ചതിലും കീഴെയാണ് സര്‍ക്കാരിന്റെ പ്രകടനമെന്ന് കരുതുന്നു.
വിലക്കയറ്റം വീട്ടുബജറ്റിനെ ബാധിച്ചതായും അവശ്യസാധനങ്ങളുടെ വിലയും ജീവിത ചെലവും കുറഞ്ഞില്ലെന്നും 60% പേര്‍ പ്രതികരിച്ചു. 33 % പേര്‍ എന്‍.ഡി.എ ഭരണത്തില്‍ കീഴില്‍ അവശ്യ സാധനങ്ങളുടെ വില കുറഞ്ഞതായി വിശ്വസിക്കുന്നു.
കഴിഞ്ഞ നാല് വര്‍ഷത്തെ എന്‍.ഡി.എ ഭരണത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ആക്രമണം കുറഞ്ഞതായി 32% പേര്‍ വിശ്വസിക്കുമ്പോള്‍ 58% പേര്‍ അത് കുറഞ്ഞിട്ടില്ലെന്ന് കരുതുന്നു. , ആരോഗ്യ പരിപാലന സംവിധാനങ്ങള്‍ മെച്ചപ്പെട്ടോ എന്ന ചോദ്യത്തിന് 32% പേര്‍ മെച്ചപ്പെട്ടതായി അഭിപ്രായപ്പെട്ടു. എന്നാല്‍ 62% പേര്‍ മെച്ചപ്പെട്ടില്ല എന്ന് അഭിപ്രായപ്പെട്ടു.
തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതായി 35% പേര്‍ അഭിപ്രായപ്പെപ്പോള്‍ 54 % പേര്‍ കുറഞ്ഞില്ലെന്ന് അഭിപ്രായപ്പെട്ടു.
അതിര്‍ത്തി തര്‍ക്കങ്ങളും പാകിസ്ഥാനുമായുള്ള ബന്ധവും മോദി കൈകാര്യം ചെയ്ത രീതിയെ നിങ്ങള്‍ അംഗീകരിക്കുന്നുവോ എന്ന ചോദ്യത്തിന് 74% പേര്‍ അനുകൂലമായി പ്രതികരിച്ചപ്പോള്‍ 24 ശതമാനം പേര്‍ സര്‍ക്കാരിന്റെ തന്ത്രങ്ങള്‍ ശരിയല്ലെന്ന് പ്രതികരിച്ചു.
ഇന്ത്യയിലെ 250 ജില്ലകളില്‍ നിന്നായി 40,000 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്.
Post Your Comments