Kerala

ടൂറിസ്റ്റ് ബസുകള്‍ക്ക് തിരിച്ചടിയായി മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ തീരുമാനം

തിരുവനന്തപുരം : എല്‍ഇഡി ബള്‍ബിന്റെ വെളിച്ചത്തില്‍ അടിമുടി തിളങ്ങി, ഉഗ്രശബ്ദത്തില്‍ തിമിര്‍പ്പന്‍ പാട്ടുവച്ചു പായുന്ന ടൂറിസ്റ്റ് ബസുകള്‍ക്കു മൂക്കുകയറിടാന്‍ നടപടി ശക്തമാക്കി മോട്ടോര്‍ വാഹനവകുപ്പ്. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ നിര്‍ദേശപ്രകാരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ വൈകിട്ട് ആറു മുതല്‍ ഒന്‍പതു വരെ മോട്ടോര്‍വാഹനവകുപ്പ് പരിശോധന നടത്തി 107 വാഹനങ്ങള്‍ പിടികൂടി. 64,500 രൂപ പിഴ ചുമത്തി.

സംസ്ഥാനത്ത് പല സ്ഥലത്തുനിന്നുള്ള ടൂറിസ്റ്റ് ബസുകള്‍ക്കും തമിഴ്‌നാട് ബസുകള്‍ക്കും പിടിവീണു. വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിലാണ് ഏറ്റവുമധികം വാഹനങ്ങള്‍ പിടികൂടിയത്. വിനോദസഞ്ചാരികള്‍ കൂടുതലായി എത്തുന്ന ടൂറിസ്റ്റ് ബസുകളും വാനുകളുമാണു നിയമം അനുവദിക്കാത്ത ലൈറ്റുകള്‍ ഉപയോഗിച്ചു പിടിയിലായത്. ലേസര്‍ ലൈറ്റുകളും എതിര്‍വശത്തുനിന്നു വരുന്ന വാഹനത്തിലെ ഡ്രൈവറുടെ കണ്ണ് അടിച്ചുപോകുന്ന ആര്‍ഭാട ലൈറ്റുകളാണു മിക്ക വാഹനങ്ങളിലുമുണ്ടായിരുന്നത്. ഉയര്‍ന്ന വാട്ട്‌സ് ശബ്ദം പുറപ്പെടുവിക്കുന്ന മ്യൂസിക് സിസ്റ്റവും പല വാഹനങ്ങളിലുമുണ്ടായിരുന്നു.

വലിയ സ്പീക്കറുകളും സബ് വൂഫറുകളും ഘടിപ്പിച്ചു ഉച്ചത്തില്‍ പാട്ടുവച്ചു പാഞ്ഞ വാഹനങ്ങളും പരിശോധനയില്‍ കുടുങ്ങി. ഇവയെല്ലാം അഴിച്ചുമാറ്റി വാഹനം പഴയപടിയാക്കി മോട്ടോര്‍ വാഹനവകുപ്പിനു മുന്‍പാകെ ഹാജരാകണമെന്നു നിര്‍ദേശിച്ച് പിഴ ചുമത്തിയാണു വാഹനങ്ങള്‍ വിട്ടയച്ചത്. ചുറ്റും പലനിറത്തില്‍ മിന്നിക്കത്തുന്ന എല്‍ഇഡി ബള്‍ബുകളുമായി ഓടുന്ന ബസുകള്‍ മറ്റു വാഹനങ്ങള്‍ക്കു ഭീഷണിയാണ്.

നാലു ഭാഗത്തും മിന്നിത്തിളങ്ങി ലൈറ്റ് ഉള്ളതിനാല്‍ ഇന്‍ഡിക്കേറ്ററും ബ്രേക്ക് ലൈറ്റും തിരിച്ചറിയാനാകില്ല. ഇത് അപകടത്തിനു വഴിതെളിക്കാറുണ്ട്. എതിര്‍വശത്തു നിന്നെത്തുന്ന വാഹനങ്ങളിലെയും പിന്നില്‍ വരുന്ന വാഹനങ്ങളിലെയും ഡ്രൈവര്‍മാരുടെ ശ്രദ്ധതെറ്റുന്ന തരത്തിലാണ് പല ടൂറിസ്റ്റ് ബസുകളിലെയും വാനുകളിലെയും ലൈറ്റുകള്‍. അതേസമയം, മിന്നിത്തിളങ്ങുന്ന ലൈറ്റുകളും ഉച്ചത്തിലുള്ള പാട്ടുമില്ലാതെ യാത്രചെയ്യാന്‍ വിദ്യാര്‍ഥികളും വിനോദസഞ്ചാരികളും ഇഷ്ടപ്പെടുന്നില്ലെന്നാണു ടൂറിസ്റ്റ് ബസ് ജീവനക്കാരുടെ പക്ഷം. ജില്ലയില്‍ പരിശോധന തുടരുമെന്നും നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കുമെന്നും ഇടുക്കി ആര്‍ടിഒ: ആര്‍.രാജീവ് പറഞ്ഞു.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button