കോഴിക്കോട് : കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യ സംഭവമായിരിയ്ക്കും വധുവിന്റെ അത്യപൂര്‍വ്വമായ പേരിനെ തുടര്‍ന്ന് വരന്‍ പുലിവാലിലാകുന്നത്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ക്ക് സാക്ഷിയായത് കോഴിക്കോടുകാരനായ വിബീഷ് എന്ന യുവാവാണ്. വിവാഹക്ഷണക്കത്തില്‍ ദ്യാനൂര്‍ഹ്നാഗിതിയുടെ പേര് കണ്ട് കത്ത് വൈറലായതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.
വധുവിന്റെ പേരിലെ പ്രത്യേകതയാല്‍ വൈറലായ വിവാഹക്ഷണക്കത്തിനെ തുടര്‍ന്നു ഫോണ്‍ വിളികളാല്‍ പൊറുതിമുട്ടിയ വരന്‍ പരാതിയുമായി സൈബര്‍ സെല്ലിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. കോഴിക്കോട് പാലാഴി പാലയിലെ തുമ്പേരി താഴത്ത് വേലായുധന്റെയും ബാലമണിയുടെയും മകന്‍ വിബീഷാണ് ഭാര്യ ദ്യാനൂര്‍ഹ്നാഗിതിയുടെ പേരിന്റെ പേരില്‍ പുലിവാലു പിടിച്ചത്.
വിബീഷും കോഴിക്കോട് ഇരിങ്ങല്ലൂര്‍ മമ്മിളിതടത്തില്‍ മീത്തല്‍ ഹരിദാസന്റെ മകള്‍ ദ്യാനൂര്‍ഹ്നാഗിതിയും തമ്മിലുള്ള വിവാഹത്തിന്റെ സ്വീകരണത്തിനുള്ള ക്ഷണക്കത്താണ് വധുവിന്റെ പേരിന്റെ പ്രത്യേകതയാല്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. വധുവിന്റെ പേരു ശരിയായി വായിച്ചാല്‍ കല്യാണത്തില്‍ പങ്കെടുക്കാം എന്ന തലക്കെട്ടോടെയാണ് ഈ ക്ഷണക്കത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. കുടുംബ വാട്ട്‌സ്അപ്പ് ഗ്രൂപ്പിലിട്ട ക്ഷണക്കത്ത് വധുവിന്റെ പേരിന്റെ പത്യേകതയാല്‍ ഗ്രൂപ്പുകളില്‍ നിന്നു ഗ്രൂപ്പുകളിലേക്ക് പാറിപ്പറക്കുകയായിരുന്നു.
ക്ഷണക്കത്തിലെ വിബീഷിന്റെയും പിതാവ് വേലായുധന്റെയും ഫോണുകള്‍ക്കു പിന്നെ വിശ്രമമില്ലാതായി. എല്ലാവര്‍ക്കും അറിയേണ്ടത് വധുവിന്റെ പേരിന്റെ പ്രത്യേകയെക്കുറിച്ചും അതിന്റെ അര്‍ഥമെന്താണെന്നുമായിരുന്നു. മറുപടി പറഞ്ഞു മടുത്ത വിബീഷിനെ ചിലര്‍ ചീത്തവിളിക്കാനും തുടങ്ങിയതോടെയാണ് സൈബര്‍ സെല്ലിനെ സമീപിക്കാന്‍ തീരുമാനിച്ചത്.
സാഹിത്യത്തെ സ്‌നേഹിക്കുന്ന അച്ഛന്‍ വ്യത്യസ്തമായൊരു പേരു തനിക്കായി കണ്ടെത്തുകയായിരുന്നെന്നാണ് ദ്യാനൂര്‍ഹ്നാഗിതി പറയുന്നത്. വീട്ടിലെല്ലാവരും വിളിക്കാനുള്ള സൗകര്യത്തിന് ദ്യാനൂ എന്നാണ് വിളിക്കുന്നത്. പേരിനെക്കുറിച്ച് വിബീഷിനു പരാതിയൊന്നുമില്ല. എന്നാല്‍ അതിന്റെ പേരില്‍ തന്നെയെന്തിനാണ് ചിലര്‍ ചീത്തവിളിക്കുന്നതെന്നാണ് വിബീഷിനു മനസിലാകാത്തത്.
Post Your Comments