Latest NewsKeralaNews

ബലാത്സംഗത്തിനിരയായ പെണ്‍കുട്ടികളുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തണം : വ്യത്യസ്ത കാമ്പയിനുമായി മലയാളി സ്ത്രീകള്‍

തിരുവനന്തപുരം : സോഷ്യല്‍ മീഡ്യയുടെ വരവോടെ പ്രതിഷേധ കാമ്പയിനുകളുടെ കാലമാണ്. വ്യത്യസ്തമായ കാമ്പയിനുകളാണ് സോഷ്യല്‍മീഡിയ വഴി ജനങ്ങളിലെത്തുന്നത്. ഇപ്പോള്‍ വ്ത്യസ്ത കാമ്പയിനുമായിട്ടാണ് മലായാളി സ്ത്രീകളുടെ ഹാഷ്ടാദ് ശ്രദ്ധയാകര്‍ഷിക്കുന്നത്.

ബലാത്സംഗത്തിനോ പീഡനത്തിനോ ഇരയായി മരിക്കുന്ന അല്ലെങ്കില്‍ കൊല്ലപ്പെടുന്ന പെണ്‍കുട്ടികളുടെ പേരും ചിത്രവും പൊതുവേ നമ്മുടെ രാജ്യത്ത് പരസ്യപ്പെടുത്താറില്ല. അവരുടെയും വീട്ടുകാരുടെയും സ്വകാര്യതയെ മാനിച്ചാണ് പലപ്പോഴും അതിന് മുതിരാത്തത്. എന്നാല്‍ ഇരയാകുന്ന പെണ്‍കുട്ടിയ്ക്ക് ശരിയായ നീതി ലഭിക്കണമെങ്കില്‍ അവളുടെ പേര് പ്രസിദ്ധപ്പെടുത്തുക തന്നെ വേണമെന്ന രീതിയിലുള്ള കാമ്പയിനുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരുകൂട്ടം മലയാളി സ്ത്രീകള്‍. തങ്ങള്‍ ഏതെങ്കിലും കാരണവശാല്‍ ബലാത്സംഗം ചെയ്ത് കൊല്ലപ്പെടുകയാണെങ്കില്‍ പേരും ചിത്രവും പ്രസിദ്ധീകരിക്കണമെന്ന സോഷ്യല്‍ മീഡിയ കാമ്പയിനുമായാണ് മലയാളി സ്ത്രീകള്‍ എത്തിയിരിക്കുന്നത്.

ഞാന്‍ വെറുമൊരു നമ്പര്‍ മാത്രമല്ല എന്ന ഹാഷ്ടാഗോടെയാണ് ഈ കാമ്പയിന്‍ വ്യാപിക്കുന്നത്. തുടക്കമിട്ട് ഏതാനും ദിവസങ്ങള്‍ക്കൊണ്ടുതന്നെ വ്യാപക പ്രചാരണമാണ് കാമ്പയിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബലാത്സംഗത്തിന് ഇരയായവര്‍ കൊല്ലപ്പെട്ടാല്‍ പോലും പേരും ചിത്രവും മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് കേരളത്തില്‍നിന്ന് ഇത്തരത്തിലൊരു കാമ്പയിന്‍ ആരംഭിച്ചത്. കഴിഞ്ഞ ദിവസം കത്വയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട എട്ടു വയസ്സുകാരിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്ക് ഡല്‍ഹി ഹൈക്കോടതി 10 ലക്ഷം രൂപ പിഴ ഈടാക്കിയിരുന്നു.

കാമ്പയിന്റെ ഭാഗമായി നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ… ഞാന്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെടുകയാണെങ്കില്‍ ദയവായി എന്റെ ചിത്രം, പേരുവിവരങ്ങള്‍ എന്നിവ പ്രസിദ്ധപ്പെടുത്തുക. ഞാന്‍ വെറുമൊരു നമ്പറല്ല. കൊല്ലപ്പെട്ടാല്‍ പോലും റേപ്പിന് ഇരയായവളുടെ നാമം പുറത്തറിയിക്കുന്നതിന്‍ മേല്‍ വിലക്കുമായി ബഹുമാനപ്പെട്ട നിയമസംവിധാനം മുന്നോട്ട് പോകുകയാണെന്ന വാര്‍ത്ത വായിച്ചു.

മരണപ്പെട്ട സ്ത്രീക്കും അഭിമാനമുണ്ട് എന്നതാണ് ഇതിനായി കണ്ടെത്തിയിരിക്കുന്ന ന്യായീകരണം. പുരുഷമേധാവിത്വ ചിന്താഗതിയുടെ ചങ്ങലകളാല്‍ എന്റെ പ്രിയരാജ്യത്തിന്റെ നിയമവ്യവസ്ഥ ഒരിക്കലും ബന്ധിക്കപ്പെടരുതെന്ന് ഞാനാഗ്രഹിക്കുന്നു. എന്റെ മേല്‍ ഒരു കൊടുംകുറ്റവാളിയാല്‍ ചെയ്യപ്പെട്ട ഹീനമായ കുറ്റകൃത്യവുമായി എന്റെ അഭിമാനത്തിന് യാതൊരു ബന്ധവുമില്ല. ബലാത്സംഗമെന്ന നികൃഷ്ട പ്രവര്‍ത്തിയോടുള്ള ഏറ്റവും കടുത്ത യുദ്ധം എന്റെ മരണശേഷവും തുടരാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

എന്റെ മുഖം പൊതുജനങ്ങളുടെ ഓര്‍മ്മയില്‍ നിന്നും മായ്ക്കാന്‍ ഞാന്‍ ഈ സമൂഹത്തെ അനുവദിക്കില്ല. ലോകത്ത് ബാക്കിയുള്ള അത്തരം പുരുഷന്‍മാരില്‍ എന്റെ മുഖം കാണുന്ന ചെറിയ അസ്വസ്ഥതയെങ്കിലും ബാക്കി നിര്‍ത്താതെ സോഷ്യല്‍ മീഡിയയിലും അതുവഴി സമൂഹത്തിലും അവരെ സൈ്വര്യമായി കഴിയാന്‍ ഞാന്‍ അനുവദിക്കില്ല. എന്റെ മരണശേഷം എന്നെ എങ്ങനെയാണ് നിങ്ങള്‍ അഭിസംബോധന ചെയ്യാന്‍ പോകുന്നത്? എനിക്കായുള്ള നീതിയുടെ ഭാഗം എവിടെയാണ്?

എന്റെ മരണാനന്തരം എങ്ങനെയാണ് എന്നെ നിങ്ങള്‍ അടയാളപ്പെടുത്താന്‍ പോകുന്നത്? ഞാന്‍ വെറുമൊരു സംഖ്യയാണെന്നോ? ദിനേന ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെടുന്ന നൂറു കണക്കിന്, ആയിരക്കണക്കിന് പേരില്‍ ഏതോ ഒരാള്‍? എനിക്ക് സമ്മതമല്ല !

നിങ്ങളുടെ കുറ്റകൃത്യ ഡയറക്ടറിയിലെ മറ്റൊരു നമ്പറല്ല ഞാന്‍. ഞാനിവിടെ രക്തവും മാംസവുമുള്ള ഒരു ശരീരമായി ജീവിച്ചിരുന്നു. എനിക്ക് കുടുംബമുണ്ടായിരുന്നു, സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു. നിങ്ങളുടെ തന്നെ കൂട്ടത്തിലുള്ള പുരുഷന്‍മാരാണ് എന്റെ ജീവന്‍ പറിച്ചെറിഞ്ഞത്.

ഈ കുറ്റകൃത്യത്തില്‍ നിങ്ങളും തുല്യപങ്കാളിയാണ്. ഇപ്പോള്‍, എന്നെ ലോകം മറക്കണമെന്ന് നിങ്ങള്‍ ആവശ്യപ്പെടുന്നുവോ? ഞാന്‍ അതിനെതിരെ ശക്തമായി പൊരുതുക തന്നെ ചെയ്യും. എന്റെ പേരുവിവരങ്ങള്‍ പുറത്ത് വിടണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ മറ്റൊരാളെ ഞാന്‍ അനുവദിക്കില്ല.

എന്റെ അഭിമാനത്തെ അളക്കാനുള്ള അര്‍ഹതയും മറ്റൊരാള്‍ക്ക് ഞാന്‍ കൈമാറിയിട്ടില്ല. നിങ്ങളുടെ അഭിമാനത്തിന്റെ നിര്‍വചനങ്ങള്‍ തുലയട്ടെ. ഇതെന്റെ സഹോദരിമാര്‍ക്ക് വേണ്ടിയുള്ള ഉറച്ച ആഹ്വാനമാണ്. തെരുവുകളില്‍ എന്റെ പേര് ഉറക്കെയുറക്കെ വിളിച്ചു പറഞ്ഞു കൊള്ളുക, എന്റെ ചിത്രം ധൈര്യമായി ഏന്തിക്കൊള്ളുക, പ്രക്ഷോഭങ്ങളുയര്‍ത്തുക.

നമുക്ക് ഏവര്‍ക്കും നീതി ലഭിക്കും വരെ… അതിനൊരു നിമിത്തമാകാന്‍ എന്റെ മുഖമുണ്ടാകും, എന്റെ ആത്മാവുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button