Latest NewsNewsIndia

യെച്ചൂരി ജനറല്‍ സെക്രട്ടറിയായി തുടരും; സിപിഐഎം കേന്ദ്രകമ്മിറ്റിയില്‍ 17 പുതുമുഖങ്ങള്‍

ഹൈദരബാദ്: സിപിഐഎം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും. ഇത് രണ്ടാം തവണയാണ് യെച്ചൂരി ജനറല്‍ സെക്രട്ടറിയായി തുടരുന്നത്. പാര്‍ട്ടി കോണ്‍ഗ്രസിന്റെ അവസാന ദിവസം ചേര്‍ന്ന പുതിയ കേന്ദ്രകമ്മിറ്റി യോഗത്തിലാണ് സീതാറാം യെച്ചൂരിയെ വീണ്ടും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. 95 അംഗങ്ങളടങ്ങിയ കേന്ദ്രകമ്മിറ്റി പാനലിനാണ് അവസാനദിവസം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകാരം നല്‍കിയത്.

17 പുതുമുഖങ്ങള്‍ ഉള്‍പ്പെട്ട കമ്മിറ്റിയില്‍ വി.എസ്.അച്യുതാനന്ദന്‍, പാലോളി മുഹമ്മദ് കുട്ടി എന്നിവര്‍ ഉള്‍പ്പെടെ അഞ്ച് സ്ഥിരം ക്ഷണിതാക്കള്‍ ഉണ്ട്. ബസുദേവ് ആചാര്യയാണ് കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍. പ്രത്യേക ക്ഷണിതാവായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യയെ ഒഴിവാക്കി. സീതാറാം യെച്ചൂരിയും കാരാട്ട് പക്ഷവും തമ്മില്‍ നിലനിന്ന കടുത്ത അഭിപ്രായഭിന്നതകള്‍ക്കൊടുവിലാണ് പുതിയ നേതൃത്വത്തിന് വോട്ടെടുപ്പില്ലാതെ പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകാരം നല്‍കിയത്.

കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന അംഗം പി.കെ.ഗുരുദാസനെ കേന്ദ്രകമ്മിറ്റിയില്‍ നിന്നൊഴിവാക്കിയപ്പോള്‍ പകരം കെ.രാധാകൃഷ്ണനും എംവി ഗോവിന്ദന്‍ മാസ്റ്ററും കമ്മിറ്റിയില്‍ അംഗത്വം നേടി. വൈക്കം വിശ്വന്‍ തുടരും. പോളിറ്റ് ബ്യൂറോയില്‍ മാറ്റൊന്നും വേണ്ടതില്ലെന്നും എസ്.രാമചന്ദ്രപിള്ളയ്ക്ക് പ്രായത്തില്‍ ഇളവ് നല്‍കി പിബിയില്‍ തുടരാന്‍ അനുവദിക്കണമെന്നുമാണ് കാരാട്ട് പക്ഷത്തിന്റെ നിലപാട്. ഇതോടെയാണ് എസ്.ആര്‍.പിക്ക് പിബിയില്‍ തുടരാന്‍ അവസരം ഒരുങ്ങിയത്. പോളിറ്റ് ബ്യൂറോയില്‍ നിന്ന് എ.കെ.പത്മനാഭന്‍ ഒഴിയും. തപന്‍സെന്നും നിലോത്പല്‍ ബസുവുമാണ് പിബിയിലേക്ക് തിരഞ്ഞെടുത്ത പുതുമുഖങ്ങള്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button