കോഴിക്കോട്: സി.പി.എം. ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ നടന്ന യോഗത്തില്‍ പങ്കെടുത്ത് പോലീസ് ഉദ്യോഗസ്ഥർ. ട്രാഫിക് എസ്‌ഐയും മറ്റൊരു സിവിൽ പോലീസ് ഓഫീസറുമാണ് യോഗത്തിൽ പങ്കെടുത്തത്. യോഗത്തില്‍ പങ്കെടുത്ത വിവരം പോലീസുകാരന്‍തന്നെ വാട്സാപ്പ് സ്റ്റാറ്റസായി ഇട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തിൽ സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. സിറ്റി പോലീസ് കമ്മിഷണര്‍ അന്വേഷിക്കുമെന്ന് ഉത്തരമേഖലാ ഐ.ജി. കെ. സേതുരാമന്‍ പറഞ്ഞു.
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ ജോയിന്റ് സെക്രട്ടറിയും ട്രാഫിക് എസ്.ഐ.യുമായ സുനില്‍കുമാര്‍, ട്രാഫിക് സ്റ്റേഷനിലെത്തന്നെ സിവില്‍ പോലീസ് ഓഫീസറായ സുരേഷ് ബാബു എന്നിവരാണ് മുക്കത്തിനടുത്ത് ചേന്നമംഗലം സി.പി.എം. ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തത്.
സഹൃദയ സ്വാശ്രയസംഘം എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സി.പി.എം.അനുകൂല സ്വാശ്രയസംഘമാണ് ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ യോഗം ചേര്‍ന്നതെന്നും അഞ്ചുമാസം മുമ്പാണ് ഈ സംഘത്തിന് രൂപം നല്‍കിയതെന്നുമാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍, കമ്മിഷണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടെന്ന് അറിയുന്നു. ഇതേ വിശദീകരണമാണ് വിവാദത്തിലകപ്പെട്ട എസ്.ഐ.യും സിവില്‍ പോലീസ് ഓഫീസറും മേലുദ്യോഗസ്ഥര്‍ക്ക് നല്‍കിയത്.
പോലീസ് അസോസിയേഷന്‍ രാഷ്ട്രീയേതരമാണെന്ന് സംഘടനയുടെ ഭരണഘടന വ്യക്തമാക്കുന്നുണ്ട്. ഏതെങ്കിലും ഒരംഗത്തിന്റെയോ അല്ലെങ്കില്‍ പോലീസ് സേനയുടെ ആകെയോ ഉള്ള നിഷ്പക്ഷത, കാര്യക്ഷമത, അച്ചടക്കം മുതലായവ നശിപ്പിക്കുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ അവകാശമില്ലെന്ന് കര്‍ശനവിലക്കുണ്ട്.
Post Your Comments