KeralaLatest NewsIndia

‘എല്ലാവരേയും കൂട്ടി ബിജെപിയെ ഒറ്റപ്പെടുത്താൻ പോയ സിപിഎം ഒരിടത്ത് മാത്രമായി! പിണറായിസ്തുതിക്കായി കോടികളുടെ ഒരു മാമാങ്കം’

യെച്ചൂരിയല്ലാതെ മറ്റൊരു പേര് മുന്നോട്ട് വെക്കാൻ പാർട്ടിക്കില്ല എന്നതാണ് യാഥാർത്ഥ്യം.

സന്ദീപ് വാചസ്പതി

രാജ്യത്തിന്‍റെ മുഴുവൻ ശ്രദ്ധയാകർഷിച്ച 23-ാം സിപിഎം പാർട്ടി കോൺഗ്രസ് വിജയകരമായി പര്യവസാനിച്ചു.
ഏത് രാജ്യത്തിന്‍റെ?
ഇന്ത്യാ മഹാരാജ്യത്തിന്‍റേയോ?
ഏയ്…അല്ലല്ല….
നമ്മുടെ ഖേരൾ രാജ്യത്തിന്‍റെ.
പക്ഷേ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ഭാഷയിൽ (ഫെയ്സ്ബുക്ക് പോസ്റ്റ് 11.04.22) പറഞ്ഞാൽ
‘ഇന്ത്യൻ രാഷ്ട്രീയത്തിന് ദിശാബോധവും പ്രത്യാശയും പ്രതീക്ഷയും പകർന്ന രാപ്പകലുകളായിരുന്നു കടന്നു പോയത്.’
അതോടൊപ്പം സഖാവ് ഒരു കാര്യം കൂടി പറയുന്നുണ്ട്.
‘…..മഹാസമ്മേളനം അക്ഷരാർഥത്തിൽ രാജ്യത്തിനും ലോകത്തിനും മാതൃകയാകുകയും ചെയ്തു’

സഖാവ് കോടിയേരിയുടെ വീമ്പുപറച്ചിലിലെ പൊള്ളത്തരം വിലയിരുത്താനുള്ള സ്വാതന്ത്ര്യം ജനങ്ങൾക്ക് വിട്ടു നൽകുകയാണ്.
തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്കനുസരിച്ച് 2019 ൽ രാജ്യത്ത് ആകെ 91 കോടി വോട്ടർമാരാണ് ഉള്ളത്. വോട്ടവകാശം വിനിയോഗിച്ചത് 61.5 കോടി ആൾക്കാരും. അതിൽ 1 കോടി 7 ലക്ഷം പേരുടെ പിന്തുണയാണ് ‘അഖിലേന്ത്യാ’ പാർട്ടിയായ സിപിഎമ്മിന് കിട്ടിയത്. 1.75 ശതമാനം ആൾക്കാരുടെ അംഗീകാരമുള്ള പാർട്ടിയുടെ നേതാവാണ് ഇങ്ങനെ വലിയ വായിൽ വർത്തമാനം പറയുന്നത്. അന്തം കമ്മികള്‍ എന്ന് വിളിക്കപ്പെടുന്ന അണികള്‍ക്ക് മുഷ്ടി ചുരുട്ടി ആകാശമർദ്ദനം നടത്താനുള്ള അവസരം ഒരുക്കൽ എന്നതിനപ്പുറത്തേക്ക് വലിയ രാഷ്ട്രീയ പ്രാധാന്യം ആരും കൽപ്പിക്കാത്തതിനാൽ ഇവിടെ ചർച്ചാ വിഷയം ആക്കേണ്ടതില്ല.

എന്നാൽ പ്രത്യയ ശാസ്ത്രപരമായി ഗൗരവമുള്ള ചില ചിന്തകൾക്ക് പാർട്ടി കോൺഗ്രസിനെ വിധേയമാക്കേണ്ടതുണ്ട്. സത്യത്തിൽഎന്തായിരുന്നു ഈ മഹാസമ്മേളനത്തിന്‍റെ ആകെ തുക.
‘Full of sound and fury,
Signifying നോറ്റിങ്’
എന്ന ഷേക്സ്പിരിയൻ കഥാപാത്രത്തിന്‍റെ ആത്മഗതമാണ്
കണ്ണൂർ‍ കോൺഗ്രസിന്‍റെ ബാക്കി പത്രം. 5 ദിവസവും ആകെ വെടിയും പുകയുമായിരുന്നു. മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീ എന്ന പോലെ ഒരത്ഭുതവും സംഭവിക്കാതെ പൂരം കൊടിയിറങ്ങി. കെ.വി തോമസ് എന്ന എക്സ്പയറി ഡേറ്റ് കഴിഞ്ഞ ബാറ്ററി സ്വന്തമാക്കാനാണോ കോടികൾ പൊടിച്ച്
ഈ മഹാമഹം നടത്തിയതെന്ന് സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താനാകുമോ? 1964 ൽ ഇന്ത്യൻ ഇടത് ചേരിയെ നെടുകെ പിളർത്തി സിപിഐ(എം) ഉണ്ടായത് എന്തിനായിരുന്നു?

അന്നു മുതൽ നടന്ന പാർട്ടി കോൺഗ്രസുകളും പ്ലീനങ്ങളും സ്വീകരിച്ച നയങ്ങൾ കൊണ്ട് ഇന്ത്യൻ രാഷ്ട്രീയത്തിൽ എന്തെങ്കിലും മാറ്റമുണ്ടായിട്ടുണ്ടോ?
പാർട്ടിയുടെ അടിസ്ഥാനമെന്ന് പറയപ്പെടുന്ന തൊഴിലാളികൾ, കർഷകർ, കർഷകത്തൊഴിലാളികൾ ഇവരുടെ വിശ്വാസം ആർജ്ജിക്കാൻ പാർട്ടിക്ക് സാധിച്ചിട്ടുണ്ടോ? ഒരു നൂറ്റാണ്ട് കാലമായി ഇന്ത്യയിൽ പ്രവർത്തിക്കുന്ന പാർട്ടിക്ക് കേരളത്തിലേക്ക് ചുരുങ്ങേണ്ടി വന്നത് എന്തുകൊണ്ട്?
ഒരു കാലത്ത് മുഖ്യ പ്രതിപക്ഷമായി വിരാജിച്ചിരുന്ന പാർട്ടി സ്വാഭാവികമായും ചർച്ച ചെയ്യും എന്ന് നാമൊക്കെ പ്രതീക്ഷിച്ചിരുന്നത് ഈ ചോദ്യങ്ങൾ‌ക്ക് ഉത്തരം കണ്ടെത്തുമെന്നായിരുന്നു.

ദേശീയ ജനാധിപത്യ വിപ്ലവവും ജനകീയ ജനാധിപത്യ വിപ്ലവവും തമ്മിൽ ഉണ്ടായ സംഘർഷമാണ് സിപിഎമ്മിന്‍റെ ജനനത്തിന് കാരണം.
കോൺഗ്രസിനോട് ഒരു രീതിയിലും കൂട്ടുകെട്ട് പാടില്ല എന്ന് അഭിപ്രായമുള്ളവർ ചേർന്നാണ് 64 ൽ സിപിഎം രൂപീകരിച്ചത്. 58 വർഷങ്ങൾക്കിപ്പുറവും പാർട്ടി ആതേ കുറ്റിക്കു ചുറ്റും കറങ്ങുകയാണ്. ഒരേ ഒരു വ്യത്യാസം മാത്രം അന്ന് കോൺഗ്രസിനെ തകർത്ത് ഭരണം പിടിക്കാനായിരുന്നു ശ്രമമെങ്കിൽ ഇന്ന് കോൺഗ്രസ് സഹായമാണ് വേണ്ടത്. അത് ബിജെപിയെ താഴെയിറക്കാനാണെന്ന് മാത്രം. ഇവിടെയാണ് സിപിഎം നേരിടുന്ന യഥാർത്ഥ പ്രതിസന്ധി. ബംഗാൾ-ത്രിപുര ഘടകങ്ങൾക്ക് നിലനിൽക്കണമെങ്കിൽ കോൺഗ്രസ് പിന്തുണ കൂടിയേ തീരൂ. കേരളത്തിലെ രാഷ്ട്രീയമാകട്ടെ കോൺഗ്രസ് വിരുദ്ധതയിലാണ്.
രണ്ടു കൂട്ടരുടേയും വയറ്റിപ്പിഴപ്പിനുള്ള വക വിരുദ്ധ ധ്രുവങ്ങളിലാണ് കിടക്കുന്നത്. ആശയപരമല്ല ആമാശയപരമാണ് പ്രതിസന്ധി എന്ന് ചുരുക്കം.

23-ാം പാർട്ടി കോൺഗ്രസ് സമാപിച്ചത് ബിജെപി വിരുദ്ധ ചേരിയെ ശക്തിപ്പെടുത്തുക എന്ന മുദ്രാവാക്യത്തോടെയാണ്.
വീണ്ടും കോടിയേരി ബാലകൃഷ്ണന്‍റെ വാക്കുകൾ കടമെടുക്കാം.
‘ഹിന്ദുത്വ വർഗീയ ഫാസിസത്തിനും നവഉദാര സാമ്പത്തിക നയത്തിനുമെതിരെ സന്ധിയില്ലാ സമരമാണ് പാർടി കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുള്ളത്.’ 2022 ലെ സ്ഥിതിഗതികൾ വിലയിരുത്തി പാർട്ടി എത്തിച്ചേർന്ന പുതിയ രാഷ്ടീയ ലൈനാണ് ഇതെന്നാണ്
കോടിയേരി പറയുന്നത് കേട്ടാൽ തോന്നുക. 1998 ൽ ബിജെപി കേന്ദ്രത്തിൽ അധികാരമേറ്റ കാലം മുതല്‍ സിപിഎം നയം ഇതാണ്. എം.എ ബേബി പറഞ്ഞത് പോലെ ഏത് ചെകുത്താനെ കൂട്ടു പിടിച്ചും ബിജെപിയെ ഒറ്റപ്പെടുത്തുക.

1998 ഒക്ടോബർ 5-11 വരെ കൊൽക്കത്തയിൽ നടന്ന 16-ാം പാർട്ടി കോൺഗ്രസ് മുതൽ സിപിഎം സ്വീകരിച്ചിട്ടുള്ള രാഷ്ട്രീയ ലൈൻ ആണ്
ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കുക എന്നത്.
കാൽ നൂറ്റാണ്ടിനു ശേഷം കണ്ണൂരിലെത്തുമ്പോളും ആവശ്യം ഒന്നു തന്നെ.
അതിനിടെ 3 തവണ ബിജെപി കേന്ദ്രത്തിൽ അധികാരത്തിലെത്തി. രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളും ബിജെപി ഭരിച്ചു. എല്ലാവരേയും കൂട്ടി ബിജെപിയെ ഒറ്റപ്പെടുത്താൻ നടന്ന സിപിഎം ആകട്ടെ ആകെയുള്ള 3 ഇടങ്ങളിൽ നിന്ന് ഒരിടത്ത് മാത്രമായി ഒതുങ്ങി. 2004 ൽ 43 എംപിമാരുണ്ടായിരുന്നവർക്ക് ഇന്നുള്ളത് 3 പേർ. ജനപിന്തുണ 5.66 % ശതമാനം വോട്ടിൽ നിന്ന് 1.75 % വോട്ടായി കൂപ്പുകുത്തി.

പാർട്ടിക്ക് കിട്ടുന്ന വോട്ടും അംഗങ്ങളുടെ എണ്ണവും തമ്മിൽ പൊരുത്തപ്പെടുന്നില്ല. ദേശീയ പാർട്ടി എന്ന പദവി നിലനിർത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ കനിയണമെന്ന അവസ്ഥ.
ഇത്രയൊക്കെ മതി വിവേകമുളള നേതാക്കൾക്ക് ഉറക്കം നഷ്ടമാകാൻ. എന്നിട്ടും സിപിഎം നേതാക്കൾക്ക് മാത്രം നേരം വെളുത്തിട്ടില്ല. കണ്ണാടിയിൽ നോക്കാൻ പാർട്ടി തയ്യാറുമല്ല.

സീതാറാം യെച്ചൂരി പാർട്ടി ജനറൽ സെക്രട്ടറിയായി തുടരുന്നത് എന്തോ മഹാസംഭവമായാണ് കേരളത്തിലെ ചില മാധ്യമങ്ങൾ പുകഴ്ത്തുന്നത്. 2015 ൽ യെച്ചൂരി ചുമതലയേറ്റതിന് ശേഷം അഭിമാനകരമായ ഒരു നേട്ടവും കൈവരിക്കാൻ പാർട്ടിക്ക് സാധിച്ചിട്ടില്ല. ആകെയുള്ള അപവാദം കേരളത്തിൽ ഭരണം നിലനിർത്തിയതാണ്. അതിൽ യെച്ചൂരിക്ക് എന്തെങ്കിലും സംഭാവനയുണ്ടെന്ന് അദ്ദേഹം പോലും അവകാശപ്പെടില്ല. യെച്ചൂരിയല്ലാതെ മറ്റൊരു പേര് മുന്നോട്ട് വെക്കാൻ പാർട്ടിക്കില്ല എന്നതാണ് യാഥാർത്ഥ്യം. 17 അംഗ പോളിറ്റ് ബ്യൂറോയിൽ പേരിനെങ്കിലും ‘ദേശീയ’ നിലവാരം ഉള്ള നേതാക്കളുടെ അഭാവം പാർട്ടി എത്തപ്പെട്ട നേതൃദാരിദ്ര്യത്തിന്‍റെ തെളിവാണ്. അതിനെയാണ് എന്തോ മഹാകാര്യമായി മലയാള മാധ്യമങ്ങൾ കൊട്ടിഘോഷിക്കുന്നത്.

തൊഴിലാളി വർഗ്ഗ പാർട്ടിയെന്ന് അഭിമാനിക്കുന്നവർക്ക് രാജ്യത്തെ തൊഴിലാളികളെപ്പറ്റിയോ കർഷകരെപ്പറ്റിയോ ചർച്ച ചെയ്യാൻ സമയമില്ല.
അവർ കെ വി തോമസിനും എം. കെ സ്റ്റാലിനുമൊക്കെ പിണറായി സ്തുതി നടത്താൻ വേദിയൊരുക്കുന്ന തിരക്കിലാണ്. രാജ്യത്ത് ബിജെപി-കോൺഗ്രസ് ഇതര രാഷ്ടീയത്തിന് നേതൃത്വം വഹിക്കുമെന്ന് അവകാശപ്പെടുന്ന പാർട്ടിയുടെ വേദിയിലെത്താൻ ഡിഎംകെയല്ലാതെ മറ്റാരും തയ്യാറാകാഞ്ഞത് എന്താണ്? അവരെ ക്ഷണിക്കാത്തത് കൊണ്ടെന്ന് ന്യായീകരിക്കാമെങ്കിലും കേന്ദ്ര വിരുദ്ധ സെമിനാർ പങ്കാളിത്തം കൊണ്ട് ഇതിലും മികച്ചതാക്കാമായിരുന്നു എന്ന യാഥാർത്ഥ്യം കാണാതെ പോകരുത്. അവിടെയാണ് ദേശീയ രാഷ്ട്രീയത്തിൽ സിപിഎമ്മിന് മറ്റുള്ളവർ നൽകുന്ന സ്ഥാനം എവിടെയാണെന്ന് ചിന്തിക്കേണ്ടത്.

എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ എന്ന് പറഞ്ഞത് പോലെയാണ് ഇന്ത്യൻ സാഹചര്യത്തിലെ ഇടത് പക്ഷം. കേരളത്തിലെ ചില മാധ്യമങ്ങൾ ഊതിപ്പെരുപ്പിച്ച ‘ദേശീയ’ പ്രാധാന്യമല്ലാതെ മറ്റൊന്നും കണ്ണൂർ‌ മാമാങ്കത്തിന് ഇല്ലായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button