KeralaLatest NewsNews

ശ്രീജിത്തിന്റെ മരണം – പോലീസിന്റെ തിരക്കഥ പൊളിയുന്നു, ആളുമാറി പിടിച്ചു തള്ളിയത് മർദ്ദനത്തിന്റെ ആക്കം കൂട്ടി

വരാപ്പുഴ: കസ്റ്റഡി മരണത്തില്‍ പോലീസിനെ വീണ്ടും പ്രതിക്കൂട്ടിലാക്കി സി സി ടി വി ദൃശ്യങ്ങൾ. പൊലീസിനെ കൈവച്ചാല്‍ വെറുതെ വിടില്ലെന്ന തത്വമാണ് ശ്രീജിത്തിന് മേല്‍ തീര്‍ത്തതെന്നും സൂചനയുണ്ട്. പിടികൂടാനെത്തിയ എസ് പി എവി ജോര്‍ജിന്റെ റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ ഉദ്യോഗസ്ഥരെ ശ്രീജിത്ത് ആളറിയാതെ പിടിച്ചു തള്ളിയിരുന്നു. ഇതിന്റെ പകയാണ് കൊലയെന്നാണ് വിലയിരുത്തല്‍. കടുവാ സംഘത്തിലുള്ളവരും വരാപ്പുഴ പൊലീസും ചേര്‍ന്ന് വധശിക്ഷ നടപ്പാക്കി. ഇതിന് എസ് പിയുടെ അറിവുണ്ടായിരുന്നോ എന്നതാണ് ഉയരുന്ന ചോദ്യം.

പക്ഷേ അത് പൊലീസ് പരിശോധിക്കില്ല. എല്ലാം ലോക്കല്‍ പൊലീസില്‍ മാത്രമായി ഒതുക്കാനാണ് തീരുമാനം. പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെ പൊലീസ് വാഹനത്തില്‍ മര്‍ദിച്ചുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേകാന്വേഷണ സംഘം നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ ശേഖരിച്ചു. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തശേഷം പൊലീസ് വാഹനത്തില്‍ കടമക്കുടി ഭാഗത്തെ വിജനമായ റോഡിലൂടെ കൊണ്ടുപോയി മര്‍ദിച്ചെന്ന സംശയത്തെ തുടര്‍ന്നാണു ദൃശ്യങ്ങള്‍ ശേഖരിച്ചത്. റൂറല്‍ ടൈഗര്‍ ഫോഴ്‌സ് പിടികൂടിയ ശ്രീജിത്തിനെ മുനമ്പം പൊലീസിന്റെ വാഹനത്തിലാണു വരാപ്പുഴ സ്റ്റേഷനിലേക്ക് അയച്ചത്.

വരാപ്പുഴ പഞ്ചായത്ത് കവലയില്‍ നിന്നു നേരെ സ്റ്റേഷനിലേക്കു പോകുന്നതിനു പകരം വലത്തേക്കു വളഞ്ഞു തുണ്ടത്തുംകടവ് ഭാഗത്തേക്കു വാഹനം കടന്നുപോയി. ഇവിടെ സെമിത്തേരിക്കു മുന്‍പില്‍ വിജനമായ പറമ്പിൽ പൊലീസ് വാഹനം നിര്‍ത്തിയിട്ടതായി സംശയിക്കുന്നു. തുടര്‍ന്നു കടമക്കുടി ഭാഗത്തേക്കു വാഹനം പോയി. രാത്രിയില്‍ ഏറെക്കുറെ വിജനമായ റോഡിലൂടെ ശ്രീജിത്തിനെ കൊണ്ടുപോയതു മര്‍ദിക്കാനായിരുന്നുവെന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്. അര മണിക്കൂറിലേറെ കഴിഞ്ഞാണു വാഹനം സ്റ്റേഷനില്‍ എത്തിയത്. സ്റ്റേഷനിലെത്തിയ ശേഷവും മര്‍ദ്ദനം തുടര്‍ന്നു. ഇതോടെ ശ്രീജിത്ത് അവശനാകുകയായിരുന്നു.

പോലീസ് എത്തിയപ്പോൾ വരാന്തയില്‍ കിടക്കുകയായിരുന്നു ശ്രീജിത്ത്. വീടാക്രമണത്തിന് നീയും ഉണ്ടായിരുന്നോയെന്ന് ചോദിച്ച്‌ ശ്രീജിത്തിനെ പിടിക്കാന്‍ ശ്രമിച്ചുവെന്നാണ് ഗണേശന്‍ പറയുന്നത്. കൈലിമുണ്ടുടുത്ത് വന്നതിനാല്‍ ഇവര്‍ പൊലീസാണെന്ന് ശ്രീജിത്തിന് മനസ്സിലായില്ല. ഇയാള്‍ കുതറുകയും ഒരു പൊലീസുകാരന്റെ കഴുത്തിന് പിടിച്ച്‌ തള്ളുകയും ചെയ്തു. ഇതോടെ ഇവര്‍ ഇയാളെ പിടികൂടി കൊണ്ടുപോയി. മര്‍ദ്ദനവും തുടങ്ങി. വാസുദേവന്റെ മകന്‍ വിനീഷ് പൊലീസിന് ആദ്യം നല്‍കിയ മൊഴിയില്‍ വീടാക്രമണസംഘത്തില്‍ ശ്രീജിത്തില്ലായിരുന്നുവെന്നാണ് പറഞ്ഞിരുന്നത്.

പിറ്റേന്ന് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ രണ്ടാമത്തെ മൊഴിയില്‍ ശ്രീജിത്തിന്റെ പേരുപറയുന്നുണ്ട്. അവിടെയുണ്ടായിരുന്ന ശ്രീജിത്തിനെ നോക്കിയാണ് ഇത് പറയുന്നത്. വാസുദേവന്റെ വീടാക്രമണത്തില്‍ പത്തുപേരെ കസ്റ്റഡിയിലെടുത്തിട്ടും ശ്രീജിത്തിനെ മാത്രം എന്തിന് മര്‍ദിക്കണമെന്ന സംശയത്തിനും ക്രൈംബ്രാഞ്ച് ഉത്തരം കണ്ടെത്തിക്കഴിഞ്ഞു. പൊലീസുകാരാണെന്ന് മനസ്സിലാക്കാതെ ഒരാളെ പിടിച്ചുതള്ളിയതാണ് പ്രകോപനമായത്. എന്നാൽ ബിജെപി ഇതിനെതിരെ രംഗത്തെത്തിക്കഴിഞ്ഞു,സംഘപരിവാർ പ്രവർത്തകനായതിനാൽ, കള്ളക്കേസിൽ കുടുക്കി സിപിഎമ്മിന്റെ അറിവോടെ ശ്രീജിത്തിനെ കൊല്ലുകയായിരുന്നു എന്നാണ് ബിജെപി നേതാക്കളുടെ ആരോപണം.

അവധിയെടുത്ത് തിരുവനന്തപുരത്തായിരുന്ന വരാപ്പുഴ എസ്‌ഐ. ജി.എസ്. ദീപക് രാത്രിയില്‍ ബൈക്കോടിച്ച്‌ തിരിച്ച്‌ വരാപ്പുഴയില്‍ എത്തി. എസ്‌ഐ. മര്‍ദിച്ചതായി ശ്രീജിത്ത് പറഞ്ഞെന്ന് ഭാര്യ പറയുന്നു. കുറച്ചുസമയം മാത്രമേ തങ്ങളുടെ കൈവശം ശ്രീജിത്ത് ഉണ്ടായിരുന്നുള്ളൂവെന്നാണ് ആര്‍.ടി.എഫുകാര്‍ പറയുന്നത്. വരാപ്പുഴ പൊലീസ് സ്റ്റേഷനില്‍ ഇയാളെ എത്തിച്ചശേഷം എടുത്ത ഫോട്ടോ ചിലര്‍ പുറത്തുവിട്ടിരുന്നു. അതില്‍ പ്രത്യക്ഷത്തില്‍ പരിക്കില്ല. എന്നാല്‍, ആന്തരിക ക്ഷതങ്ങളെക്കുറിച്ചാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൂടുതല്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button