കൊച്ചി: വരാപ്പുഴ കേസില്‍ പോലീസുകാരുടെ ഇടപെടലിനെ പറ്റി വീണ്ടും വിവാദം. വരാപ്പുഴ പോലീസിന്റെ കസ്റ്റഡിയില്‍ ശ്രീജിത്ത് കൊല്ലപ്പെട്ട കേസില്‍ ശരിയായ അന്വേഷണം നടന്നാല്‍ ‘വലിയ സഖാക്കള്‍’ അറസ്റ്റിലാകുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞത് ചർച്ചയാകുകയാണ്. വരാപ്പുഴ ദേവസ്വംപാടത്ത് തന്റെ വീട് ആക്രമിക്കപ്പെട്ടതിനു പിന്നാലെ സി.പി.എം. അനുഭാവിയായ വാസുദേവന്‍ ജീവനൊടുക്കിയ സംഭവത്തിൽ സിപിഎം സജീവമായി ഇടപെടുകയായിരുന്നു.
ഈ ആത്മഹത്യ സി.പി.എം. ഉപയോഗിക്കുകയായിരുന്നെന്ന് ആക്ഷേപമുയര്‍ന്നു. സിപിഎം ചൂണ്ടിക്കാണിക്കുന്ന പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തതെന്നും വീടാക്രമിച്ച കേസില്‍ ബി.ജെ.പിക്കാരായ പ്രതികളെ എത്രയും വേഗം പിടികൂടണമെന്ന സി.പി.എം. പ്രാദേശിക നേതൃത്വത്തിന്റെ സമ്മര്‍ദമാണ് റൂറല്‍ എസ്.പിയായിരുന്ന എ.വി. ജോര്‍ജിന്റെ പോലീസ് സംഘം ശ്രീജിത്തിനെ അറസ്റ്റ് ചെയ്യുന്നതിലെത്തിയതെന്നും ആരോപണമുയര്‍ന്നു.
ചില സി.പി.എം. നേതാക്കള്‍ എ.വി. ജോര്‍ജിനെ പലതവണ ഫോണില്‍ വിളിച്ചെന്ന വിവരം നേരത്തേ പുറത്തുവന്നു. ശരിയായ അന്വേഷണം നടത്താതെയാണു ശ്രീജിത്തിനെ അറസ്റ്റ് ചെയ്തതെന്നും അതിനു പിന്നില്‍ സി.പി.എം. ഉന്നതന്റെ ഇടപെടല്‍ ഉണ്ടായിരുന്നുവെന്നും ശ്രീജിത്തിന്റെ കുടുംബം കുറ്റപ്പെടുത്തുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം സി.പി.എമ്മിന്റെ ചില പ്രാദേശികനേതാക്കളെ ചോദ്യം ചെയ്‌തെങ്കിലും ആര്‍ക്കെതിരേയും നടപടിയുണ്ടായില്ല.
എസ്.പി. കുടുങ്ങിയാല്‍ അന്വേഷണം ‘വലിയ സഖാവില്‍ എത്തുമെന്ന് ഉറപ്പായതോടെയാണ് എസ്.പിയെ പ്രതിചേര്‍ക്കേണ്ടെന്നു തീരുമാനിച്ചതെന്നാണു ചെന്നിത്തല ആരോപിച്ചിരിക്കുന്നത്. എസ്.പിയെ പ്രതിയാക്കേണ്ടെന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം പുറത്തുവന്നതോടെയാണു കേസില്‍ സി.പി.എമ്മിന്റെ ഇടപെടല്‍ വീണ്ടും ചര്‍ച്ചയായത്. വരാപ്പുഴ എസ് ഐ ക്ക് മുകളിലേക്ക് അന്വേഷണം പോകാത്തത് സിപിഎം നേതാവിലെക്ക് അന്വേഷണം എത്താതിരിക്കാന്‍ ആണെന്നും ആരോപണം ഉണ്ട്. മംഗളം ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Post Your Comments