തിരുവനന്തപുരം : കിളിമാനൂരില്‍ മുന്‍ റേഡിയോ ജോക്കിയുടെ കൊലപാതകത്തില്‍ കൊലയാളി സംഘത്തെക്കുറിച്ച് സൂചനകള്‍ ലഭിച്ചു. ഇവര്‍ സഞ്ചരിച്ച കാര്‍ വാടകയ്ക്കെടുത്തത് കായംകുളം സ്വദേശിയെന്ന നിര്‍ണായക മൊഴി പൊലീസിന് കിട്ടി. രാജേഷുമായി ബന്ധമുണ്ടായിരുന്നുവെന്ന് വിദേശത്തെ സ്ത്രീ പൊലീസിനോട് സമ്മതിക്കുകയും ചെയ്തു. കൊലപാതകസംഘം സഞ്ചരിച്ചതെന്ന് കരുതുന്ന കാറിന്റെ ദൃശ്യങ്ങളും ഇന്നലെ പുറത്തായിരുന്നു. രാജേഷിനൊടുള്ള വ്യക്തിവൈരാഗ്യം മൂലം ക്വട്ടേഷന്‍ നല്‍കിയുള്ള കൊലപാതകമെന്ന സാധ്യതയാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്.
ചുവന്ന കാറിലെത്തിയ നാലംഗ സംഘമാണ് വെട്ടിയതെന്ന് രാജേഷിനൊപ്പം ആക്രമിക്കപ്പെട്ട കുട്ടന്‍ മൊഴി നല്‍കിയിരുന്നു. കൊലപാതകത്തില്‍ മൂന്ന് പേരെ അന്വേഷണസംഘം ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരാണ് കൊലയാളി സംഘത്തിനെക്കുറിച്ച് സൂചന നല്‍കിയത്. ഇത്തരത്തില്‍ ചുവന്ന നിറമുള്ള കാര്‍ രാജേഷ് കൊല്ലപ്പെടുന്നതിന് മുന്‍പ് കൊലനടന്ന മടവൂരിലൂടെ പോകുന്ന സി.സി.ടി.വി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.
കാര്‍ വാടകയ്ക്ക് നല്‍കിയവരാണ് ഇക്കാര്യം മൊഴി നല്‍കിയത്. കാര്‍ കായംകുളത്ത് നിന്ന് കണ്ടെടുക്കുകയും ചെയ്തു. വഴിയരികില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു കാര്‍. കൊല്ലപ്പെട്ട സമയത്ത് വിദേശത്തുള്ള ഈ സ്ത്രീയുമായി രാജേഷ് ഫോണ്‍ വിളിക്കുകയായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. കാറിന്റെ നമ്പര്‍ വ്യക്തമല്ല. വ്യാജമാണോയെന്നും സംശയമുണ്ട്. ഈ പ്രദേശത്തിന് സമീപത്തുള്ള മറ്റ് സി.സി.ടി.വികളും പരിശോധിച്ചതോടെ കാര്‍ കൊല്ലം ഭാഗത്തേക്ക് കടന്നതായും തെളിവ് ലഭിച്ചു. അതുകൊണ്ട് തന്നെ കൊല്ലം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലാണ് പൊലീസ് പ്രധാനമായും തിരയുന്നത്. കാറിന്റെ ഉടമയെ തിരിച്ചറിഞ്ഞാല്‍ കേസില്‍ നിര്‍ണായക വഴിത്തിരിവാകും.
Post Your Comments