കൊച്ചി : കുമ്പളത്തു വീപ്പയില്‍ അസ്ഥികൂടം കാണപ്പെട്ട കേസില്‍ കൊല്ലപ്പെട്ടതായി പൊലീസ് പറയുന്ന ഉദയംപേരൂര്‍ സ്വദേശി ശകുന്തളയ്ക്ക് ഒന്നര വര്‍ഷം മുന്‍പു ലോട്ടറിയടിച്ചതായും സൂചന. കാക്കനാട് സിവില്‍ സ്റ്റേഷന് പരിസരത്തെ ലോട്ടറി വില്പനക്കാരിയായിരുന്നു ശകുന്തള. വില്‍ക്കാതെ കൈവശം ശേഷിച്ച ലോട്ടറി ടിക്കറ്റിനാണു നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ചതെന്നാണു രഹസ്യ വിവരമുള്ളത്. ഇക്കാര്യം സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
എത്ര തുകയാണു സമ്മാനം കിട്ടിയതെന്നു വ്യക്തമല്ല. ലോട്ടറി ടിക്കറ്റിനു വലിയ തുകയുടെ സമ്മാനം ലഭിക്കുമ്പോള്‍ മുഴുവന്‍ സമ്മാനത്തുകയും നല്കി ലോട്ടറി ടിക്കറ്റ് കൈവശപ്പെടുത്തുന്ന കള്ളപ്പണ റാക്കറ്റ് കൊച്ചിയില്‍ സജീവമാണ്. ലോട്ടറിയടിച്ച വ്യക്തി നേരിട്ടു സമ്മാനം വാങ്ങിയാല്‍ 35% തുക നികുതിയായി അടയ്ക്കണം. ഈ അവസരം മുതലാക്കിയാണ് കള്ളപ്പണ റാക്കറ്റിന്റെ പ്രവര്‍ത്തനം. റാക്കറ്റിന്റെ പക്കലുള്ള കള്ളപ്പണം വെളുപ്പിക്കാനുള്ള ഗൂഢമാര്‍ഗമാണ് ഈ തിരിമറി.
ലോട്ടറി വില്‍പനക്കാര്‍ക്കിടയില്‍തന്നെ കള്ളപ്പണ റാക്കറ്റിന്റെ ഏജന്റുമാരുണ്ട്. മുന്തിയ സമ്മാനങ്ങള്‍ ലഭിക്കുന്നവരുടെ വിവരങ്ങള്‍ റാക്കറ്റിനു കൈമാറുന്നതും സമ്മാനമടിച്ച ടിക്കറ്റ് കൈവശപ്പെടുത്തി നല്‍കുന്നതും ഇത്തരം ഏജന്റുമാരാണ്.
2016 സെപ്റ്റംബര്‍ അവസാനം ശകുന്തള കൊല്ലപ്പെട്ടുവെന്നാണ്, ഇവരെ അവസാനമായി കണ്ടവരുടെ മൊഴികളില്‍നിന്നു പൊലീസ് അനുമാനിക്കുന്നത്.
എന്നാല്‍, ഇക്കാര്യത്തില്‍ ഇനിയും വ്യക്തതയായിട്ടില്ല. ശകുന്തളയെ അടക്കം ചെയ്ത വീപ്പ കുമ്പളത്ത് കായലില്‍ എറിഞ്ഞ സംഘത്തിന്റെ മൊഴികളിലും തീയതി സംബന്ധിച്ച പൊരുത്തക്കേടുണ്ട്. കള്ളപ്പണ റാക്കറ്റിന്റെ പക്കല്‍നിന്നു പണം വാങ്ങി ശകുന്തള ലോട്ടറി ടിക്കറ്റ് കൈമാറിയിട്ടുണ്ടെങ്കില്‍, കൊല്ലപ്പെടുമ്പോള്‍ ആ തുക അവരുടെ പക്കലുണ്ടെന്ന് അനുമാനിക്കേണ്ടിവരും. 2016 നവംബര്‍ എട്ടിനു കേന്ദ്ര സര്‍ക്കാര്‍ 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ചു.
കൊല്ലപ്പെട്ട ശകുന്തളയുടെ അസ്ഥികൂടത്തിനൊപ്പം വീപ്പയ്ക്കുള്ളില്‍ കണ്ടെത്തിയ മൂന്ന് 500 രൂപാ നോട്ടുകള്‍ പിന്വലിക്കപ്പെട്ടവയായിരുന്നു. പണം കൈവശപ്പെടുത്താനാണു കൊലയാളികള്‍ ശകുന്തളയെ വകവരുത്തിയതെങ്കില്‍ തട്ടിയെടുത്ത പണം ബാങ്കില്‍ സമര്‍പ്പിച്ചു തുല്യതുകയ്ക്കുള്ള പുതിയ നോട്ടുകള്‍ വാങ്ങിയിട്ടുണ്ടാവുമെന്നാണു നിഗമനം. ഈ വഴിക്കും അന്വേഷണം മുന്നേറുന്നുണ്ട്.
ശകുന്തളയുടെ കൈവശമുണ്ടായിരുന്ന പണത്തെപ്പറ്റി ഒന്നും അറിയില്ലെന്നാണ് മകള്‍ അശ്വതിയുടെ മൊഴി. അശ്വതിയുടെ അടുത്ത സുഹൃത്തായ പത്തനംതിട്ട സ്വദേശിനിയെ ചുറ്റിപ്പറ്റിയും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പുകളുമായി ഈ യുവതിക്ക് അടുത്ത ബന്ധമുണ്ട്. ശകുന്തളയുടെ തിരോധാനത്തിനു ശേഷം അശ്വതിയും രണ്ടു മക്കളും ഇവരുടെ സംരക്ഷണത്തിലായിരുന്നു.
അശ്വതിയുടെ അടുത്ത സുഹൃത്തായിരുന്ന മൃഗസംരക്ഷണ സൊസൈറ്റി ഇന്‍സ്പെക്ടര്‍ ടി.എം. സജിത്തിന്റെ ദുരൂഹമരണത്തിനു ശേഷം ഏതാനും ദിവസം അശ്വതിയും മക്കളും വരാപ്പുഴയിലെ ഹോട്ടലില്‍ മുറിയെടുത്തു താമസിച്ചിരുന്നു. അന്നു മുറിവാടക നല്‍കിയത് പത്തനംതിട്ട സ്വദേശിനിയാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അശ്വതിയുടെ മൊഴിയെടുക്കാന്‍ തുടങ്ങിയ ശേഷം യുവതി കൊച്ചിയില്‍നിന്നു മാറിനില്‍ക്കുകയാണ്. ഇവരെ കണ്ടെത്തി ചോദ്യം ചെയ്യാനുള്ള ശ്രമത്തിലാണു പൊലീസ്.
Post Your Comments