കുവൈറ്റ് : കുവൈറ്റില്‍ പുതിയ നിയമം നിലവില്‍ വന്നതിനെ തുടര്‍ന്ന് നിരവധി പ്രവാസികള്‍ക്ക് ജോലി നഷ്ടമായി. മലയാളി എഞ്ചിനീയര്‍മാരുടെ ഒരു പ്രധാനപ്പെട്ട കേന്ദ്രമാണ് കുവൈറ്റ്. നിരവധി മലയാളികളാണ് കുവൈറ്റില്‍ എഞ്ചിനീയറിങ് മേഖലയില്‍ ജോലി ചെയ്യുന്നത്. എന്നാല്‍ ഇവര്‍ക്ക് എല്ലാവര്ക്കും തന്നെ ജോലി നഷ്ടമാവുകയും നാട്ടിലേക്ക് തിരിച്ചു പോരേണ്ട അവസ്ഥയുമാണ് ഇപ്പോള്‍ ഇവിടെ നിലനില്‍ക്കുന്നത്.
കുവൈറ്റില്‍ എഞ്ചിനിയര്‍ ആയി ജോലി നോക്കണമെങ്കില്‍ കുവൈറ്റ് എഞ്ചിനിയേഴ്സ് സൊസൈറ്റിയില്‍ നിന്നുമുള്ള നോണ്‍ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) വേണമെന്ന പബ്ലിക്ക് അഥോറിറ്റി ഫോര്‍ മാന്‍പവറിന്റെ പുതിയ ഉത്തരവാണ് മലയാളി എഞ്ചിനിയര്‍മാരെ വെട്ടിലാക്കിയിരിക്കുന്നത്. എന്‍ഒസി നല്‍കാതെ ഒരു എഞ്ചിനീയര്‍മാരുടെയും ഇഖാമ പുതുക്കി നല്‍കരുതെന്നാണ് ലേബര്‍ ഡിപ്പാര്‍ട്ട്മെന്റിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
നാട്ടിലെ അക്കാദമിക് യോഗ്യത സംബന്ധിച്ച എന്‍ഒസിയാണ് എഞ്ചിനിയറായി ജോലി നോക്കാന്‍ ഇവര്‍ കെഇസിയില്‍ നിന്ന് വാങ്ങി എടുക്കേണ്ടത്. ദി നാഷണല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷന് (എന്‍ബിഎ) ഉള്ള സ്ഥാപനത്തില്‍ പഠിച്ചവര്‍ക്ക് മാത്രം ഇഖാമ പുതുക്കി നല്കിയാല് മതിയെന്നാണ് പുതിയ നിര്‍ദ്ദേശം. എന്‍ബിഎ അക്രഡിറ്റഡ് സ്ഥാപനങ്ങളുടെ ലിസ്റ്റും ഇവര്‍ പുറത്ത് വിട്ടിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മിക്ക കോളേജുകള്‍ക്കും എന്‍ബിഎ അക്രഡിറ്റഡ് അല്ല. ഇതാണ് ഇവര്‍ക്ക് വിനയായിരിക്കുന്നത്. എഐസിടിഇ, യുജിസി അംഗീകാരമുള്ള സ്ഥാപനങ്ങളാണ് കേരളത്തിലെ മിക്കവയും. ഇതോടെ കേരളത്തിലെ എഞ്ചിനിയര്‍മാര്‍ക്ക് വന്‍ തിരിച്ചടിയയാരിക്കുകയാണ്.
കേരളത്തിലെ 80 എഞ്ചിനീയറിങ് കോളേജുകളില്‍ 18 എണ്ണം മാത്രമാണ് അവര്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. കേരളത്തിലെ കോളേജുകളും ഇതിനേ പറ്റി ബോധവാന്മാരല്ല. കുവൈറ്റിലുള്ള 80 ശതമാനം എഞ്ചിനിയര്‍ വിസക്കാരും എന്‍ബിഎ അക്രഡിറ്റഡ് കോളേജുകളില്‍ പഠിച്ചവരല്ല. അതുകൊണ്ട് തന്നെ ഇവര്‍ക്ക് കെഎസ്ഇയില്‍ നിന്നും ഒരു കാരണവശാലും എന്‍ഒസി ലഭിക്കുകയും ഇല്ല. ഇത് ലഭിക്കാതെ ഇക്കാമ പുതുക്കാനും സാധ്യമല്ല.
മിക്കവരും കുടുംബവുമായി കുവൈറ്റില്‍ സെറ്റില്‍ ചെയ്തവരാണ്. കുട്ടികളും ഇവിടുത്തെ സ്കൂളില്‍ പഠിക്കുന്നവരുമാണ്. ഇക്കാമ പുതുക്കാന്‍ സാധിക്കാതെ വന്നാല്‍ നാട്ടിലേക്ക് തിരിച്ചു പോകേണ്ടി വരികയും കുട്ടികളുടെ പഠനത്തെ ഉള്‍പ്പെടെ ബാധിക്കുകയും ചെയ്തേക്കും. ഇന്ത്യന്‍ എംബസിയും ഇതുവരെ ഈ വിഷയത്തില്‍ ഇടപെട്ടിട്ടില്ല. മലയാളികളെ മാത്രമല്ല ഇന്ത്യക്കാരെ മൊത്തത്തില്‍ ബാധിക്കുന്ന നിയമമാണിത്.
Post Your Comments