കൊല്‍ക്കത്ത: വിദ്യാര്‍ത്ഥിനികളെകൊണ്ട് സ്വവര്‍ഗാനുരാഗികളെന്ന് നിര്‍ബന്ധപൂര്‍വം എഴുതിവാങ്ങി സ്‌കൂള്‍ അധ്യാപകര്‍. കൊല്‍ക്കത്തയില്‍ കമല ഗേള്‍സ് ഹൈസ്‌കൂളിലാണ് 10 വിദ്യാര്‍ത്ഥിനികളില്‍ നിന്ന് നിര്‍ബന്ധപൂര്‍വ്വം ഇത്തരത്തില്‍ സ്‌കൂള്‍ അധികൃതര്‍ എഴുതിവാങ്ങിയത്.
വിദ്യാര്‍ഥിനികള്‍ ക്ലാസില്‍ സ്വവര്‍ഗാനുരാഗികളെന്ന രീതിയില്‍ പെരുമാറിയെന്ന് താത്കാലികച്ചുമതലയുള്ള പ്രഥമാധ്യാപിക ശിഖാ സര്‍ക്കാര്‍ പറഞ്ഞു. അതിനെത്തുടര്‍ന്നാണ് അവരെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി ‘സ്വവര്‍ഗാനുരാഗി’കളാണെന്ന് കുറ്റസമ്മതം എഴുതിവാങ്ങിയതെന്നും അവര്‍ അവകാശപ്പെട്ടു. ‘കുട്ടികള്‍ അക്കാര്യം സമ്മതിച്ചതാണെന്നും അവര്‍ വ്യക്തമാക്കി.
സംഭവം വിവാദമായതോടെ സ്‌കൂളിനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കള്‍ രംഗത്തെത്തി. അതേസമയം ഇക്കാര്യം കുട്ടികള്‍ തന്നെ സമ്മതിച്ചതാണെന്നും, വിദ്യാര്‍ത്ഥികളെ അച്ചടക്കം പഠിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ചെറിയ രീതിയിലുള്ള ശിക്ഷയാണിതെന്നുമാണ് അധ്യാപിക പറയുന്നത്.
ഇതിനെക്കുറിച്ച് സംസാരിക്കാനാണ് വിദ്യാര്‍ത്ഥിനികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തിയതെന്നും എന്നാല്‍ അവര്‍ ഇത് വൈകാരികമായി കണ്ടതാണ് എല്ലാത്തിനും പ്രശ്നമെന്നും അധ്യാപിക ആരോപിക്കുന്നു. വിദ്യാര്‍ത്ഥിനികള്‍ ഒപ്പിട്ട കത്തുകള്‍ രക്ഷിതാക്കള്‍ക്കുതന്നെ തിരിച്ച് നല്‍കിയിട്ടുണ്ടെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.
Post Your Comments