Latest NewsNewsInternational

ദുരൂഹസാഹചര്യത്തില്‍ കാണാതായ മലേഷ്യന്‍ വിമാനം കണ്ടെത്തും : സൂചനകള്‍ ലഭിച്ചു

ക്വാലലംപുര്‍ : മലേഷ്യ എയര്‍ലൈന്‍സിന്റെ എംഎച്ച് 370 കാണാതായി നാലു വര്‍ഷമായെങ്കിലും പ്രതീക്ഷ കൈവിടാതെ അധികൃതര്‍. അവസാന ശ്രമമെന്ന നിലയില്‍ നടത്തുന്ന തിരച്ചിലിന്റെ കാലാവധി ജൂണില്‍ അവസാനിക്കും. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയാല്‍ മാത്രം പ്രതിഫലം നല്‍കുന്ന കരാര്‍ പ്രകാരം ഓഷ്യന്‍ ഇന്‍ഫിനിറ്റി എന്ന കമ്പനിയാണു തിരച്ചില്‍ നടത്തുന്നത്.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 25,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തു നടത്തുന്ന തിരച്ചിലില്‍ വിമാനത്തിന്റെ അവശിഷ്ടം ലഭിക്കാനായി 85% വരെ സാധ്യതയുണ്ടെന്നു മലേഷ്യയുടെ സിവില്‍ ഏവിയേഷന്‍ വകുപ്പ് തലവന്‍ അസ്ഹറുദ്ദിന്‍ അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു. കാണാതായവരുടെ ഓര്‍മ പുതുക്കല്‍ ചടങ്ങുകള്‍ നടക്കുമ്പോള്‍ ബന്ധുക്കളും പങ്കുവയ്ക്കുന്നത് അതേ പ്രത്യാശയാണ് – തിരച്ചിലിനൊടുവില്‍ അവരുടെ പ്രിയപ്പെട്ടവര്‍ക്ക് എന്തു സംഭവിച്ചുവെന്നതിന്റെ ഒരു നേരിയ സൂചനയെങ്കിലും ലഭിക്കുമെന്ന്.

ക്വാലലംപുരില്‍നിന്നു ബെയ്ജിങ്ങിലേക്കു പറക്കുന്നതിനിടെ 2014 മാര്‍ച്ച് എട്ടിനാണ് മലേഷ്യ എയര്‍ലൈന്‍സിന്റെ എംഎച്ച് 370 വിമാനം കാണാതാകുന്നത്. പറന്നുയര്‍ന്ന് 38 മിനിറ്റിനകം വിമാനത്തില്‍നിന്നുള്ള സിഗ്‌നലുകള്‍ നഷ്ടപ്പെടുകയായിരുന്നു. വിമാനം എവിടെയാണെന്നു വ്യക്തമാക്കുന്നതിനു സഹായിക്കുന്ന സിഗ്‌നലുകള്‍ അയയ്ക്കുന്ന സംവിധാനവും തകരാറിലായി. ഇതാണു ദുരൂഹത ഉയര്‍ത്തുന്നത്.

വിമാനം കടലില്‍ തകര്‍ന്നു വീണതാണെന്നും ഹൈജാക്ക് ചെയ്തതാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ അതിനിടെ പുറത്തെത്തി. സര്‍ക്കാര്‍ തലത്തിലും ചൈനയുടെയും ഓസ്‌ട്രേലിയയിലൂടെയും സഹായത്തോടെയും മൂന്നു വര്‍ഷത്തോളം തിരച്ചില്‍ നടത്തി. പലയിടത്തുനിന്നും എംഎച്ച് 370യുടേതാണെന്നു കരുതുന്ന അവശിഷ്ടങ്ങളും ലഭിച്ചു. എന്നാല്‍ കൂടുതല്‍ തെളിവുകള്‍ ഇല്ലാതായതോടെ കഴിഞ്ഞ വര്‍ഷം ഔദ്യോഗികമായിത്തന്നെ തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു.

പിന്നീടു ജനുവരിയിലാണു ടെക്‌സസ് ആസ്ഥാനമായുള്ള ഓഷ്യന്‍ ഇന്‍ഫിനിറ്റി കമ്പനി മലേഷ്യന്‍ സര്‍ക്കാരിനെ സമീപിക്കുന്നത്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയാല്‍ മാത്രം പണമെന്നാണു കരാര്‍. ജനുവരി 22ന് ആരംഭിച്ച് 90 ദിവസത്തേക്കായിരുന്നു കാലാവധി. എന്നാല്‍ തിരച്ചില്‍ വിമാനത്തിന്റെ ഇന്ധനം ഓസ്‌ട്രേലിയയില്‍ പോയി നിറയ്‌ക്കേണ്ട പ്രശ്‌നവും പ്രതികൂല കാലാവസ്ഥയും ഉള്‍പ്പെടെ തിരിച്ചടിയായതോടെ ഏതാനും മാസം കൂടി സമയം അനുവദിച്ചു. ആ കാലാവധിയാണു ജൂണില്‍ അവസാനിക്കുക.

വിമാനം കണ്ടെത്തുന്നതിനു തൊട്ടടുത്തെത്തിയ നിലയിലാണു തിരച്ചിലെന്നാണു മലേഷ്യ പറയുന്നത് – 85 ശതമാനമാണു സാധ്യത. അതിനാലാണു സമയം നീട്ടി നല്‍കിയതെന്നും പറയുന്നു. വിമാനം കണ്ടെത്തിയാല്‍, തിരച്ചില്‍ നടത്തിയ ഭാഗത്തിന്റെ വിസ്തീര്‍ണമനുസരിച്ചാണു തുക നല്‍കുക.

5000 ച.കിലോമീറ്ററില്‍ വിമാനം കണ്ടെത്തിയാല്‍ രണ്ടു കോടി ഡോളറായിരിക്കും നല്‍കുക. 15,000 ച.കിലോമീറ്ററിലാണെങ്കില്‍ മൂന്നു കോടി ഡോളറും 25,000 ച.കിലോമീറ്ററില്‍ നിന്നാണെങ്കില്‍ അഞ്ചു കോടി ഡോളറും. അതിനുമപ്പുറത്തേക്കു വിമാനത്തിനു വേണ്ടി തിരച്ചില്‍ വ്യാപിപ്പിച്ചാല്‍ നല്‍കുക ഏഴു കോടി ഡോളറായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button