Latest NewsNewsPrathikarana Vedhi

കഴിഞ്ഞ 10 വര്‍ഷങ്ങള്‍ കൊണ്ട് ആദിവാസി ക്ഷേമത്തിന് വേണ്ടി സര്‍ക്കാര്‍ അനുവദിച്ച 20,000 കോടി കട്ടുമുടിച്ചത് എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ;ആദിവാസികളെ മനുഷ്യരായി ജീവിക്കാന്‍ അനുവദിക്കാതെ അവരെ പട്ടിണിയ്ക്കിട്ട് മോഷ്ടാക്കളാക്കി തല്ലിക്കൊല്ലുന്നവരെ ഇനിയും വെറുതെ വിട്ടുകൂടാ

ഉണ്ണി മാക്സ്

ഏറ്റവും കൂടുതൽ അവഗണിക്കപ്പെടുന്ന മനുഷ്യരായിരിക്കാം ആദിവാസികൾ. എല്ലാ വർഷവും ആവർത്തിച്ചു ഭരണത്തിലിരിക്കുന്നവർ പറയുന്ന കണക്കുകളിൽ അവരുടെ പേരുകൾ കേൾക്കാറുണ്ട്, പക്ഷെ എല്ലായ്പ്പോഴും കണക്കുകൾ അവർത്തിക്കുന്നതല്ലാതെ ആദിവാസി ക്ഷേമത്തിന്റേതായ വാർത്തകളൊന്നും കാണാറേയില്ല. ആദിവാസി ക്ഷേമത്തിനായി വകുപ്പ് മന്ത്രിവരെയുള്ള സാഹചര്യത്തിൽ എന്താണ് ഇവർക്ക് സംഭവിക്കുന്നത് എന്നത് ആലോചിക്കേണ്ടതല്ലേ!

കേരളത്തിലെ ആദിവാസി വിഭാഗത്തിന്റെ എണ്ണം മറ്റു പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് കുറവാണ്. എന്നാല്‍ ലഭിക്കുന്ന ഫണ്ട്‌ വളരെ വലുതും. ഇത്ര നാളും ലഭിച്ച ഫണ്ടുകള്‍ മാത്രം നോക്കിയാല്‍ ഓരോ ആദിവാസിയും ലക്ഷപ്രഭുക്കളോ കൊടീശ്വരന്മാരോ ഒക്കെ ആവേണ്ടതാണ്. എന്നാല്‍ ഇപ്പോഴും പോഷകാഹാരമോ ഒരു കോണ്ക്രീറ്റ് വീട് പോലും സ്വപ്നമായി അവശേഷിക്കുന്നു അവര്‍ക്ക്. ശാരീരികവും പാരിസ്ഥിതികവുമായ ചൂഷണത്തിന് യാതൊരു കുറവും ഇല്ലാതാനും. പ്രബുദ്ധത, പുരോഗമനം എന്നൊക്കെ നാഴികക്ക് നാല്‍പ്പതുവട്ടം വായിട്ടലക്കുന്ന നമ്മുടെ ഇടയില്‍ വംശീയതയും ജാതിബോധവും ഭീകരമായി നിലനില്‍ക്കുന്നും ഉണ്ട്.

കഴിഞ്ഞ പതിനെട്ടു വർഷത്തെ കണക്കെടുത്താല്‍ എസ് സി വിഭാഗങ്ങൾക്ക് മാത്രമായി 20000 കോടിക്കുമേലാണ് കേരളം പോലൊരു ചെറിയ സംസ്ഥാനത്തിൽ ചിലവഴിച്ചിട്ടുള്ളത്. (According to the information provided by the Directorate of Scheduled Castes Development, the amount allocated by the central and state governments to the SC community between 2000-01 to 2016-17 was a whopping Rs 20,096.89 cr.) കാലം എത്രയായി ഇവരെയൊക്കെ കൈപിടിച്ച് ഉയര്‍ത്താന്‍ ഭാവിക്കാന്‍ തുടങ്ങിയിട്ട്? ഇതുവരെ ഇത്ര നാളായിട്ടും അവരെന്താ ഉയരാത്തത്? ചിലര്‍ക്ക് അവരെ വേണം. എല്ലാ കാലത്തും മുന്നില്‍ നിര്‍ത്താന്‍.. സംരക്ഷിക്കുന്നു എന്നും പറഞ്ഞു പോസ്റ്റര്‍ അടിക്കാന്‍.. പദ്ധതികള്‍ ഉല്‍ഘാടിക്കാന്‍.. അതിനപ്പുറം അവർക്ക് എന്ത് ലഭിക്കുന്നു, അല്ലെങ്കിൽ ലഭിച്ചു എന്നാണ് നമുക്കറിയേണ്ടത്. അറിയാന്‍ നമുക്കും അവകാശം ഉണ്ട് കാരണം അത് നമ്മുടെയും പണമാണ്. നമ്മുടെയും സഹോദരങ്ങളാണ്!

മധുവിന്റെ മരണം മറ്റു പല ചോദ്യങ്ങളും ഉയര്‍ത്തിക്കൊണ്ടു വരുന്നുണ്ട് എന്നതാണ് ഇതിന്റെ മറ്റൊരു വശം പ്രബുദ്ധ കേരളത്തിലെ ശബ്ദിക്കാന്‍ പോലും അവകാശമില്ലത്തവർക്കായി നിക്ഷേപിക്കുന്ന തുകകളൊക്കെ എങ്ങോട്ടു പോകുന്നു? എന്തിനു അവർ ഇനിയും ഇതുപോലെ പട്ടിണി കിടക്കുന്നു? എന്തിനു അവരുടെ അമ്മമാർക്ക് സൈക്കിൾ സെൽ അനീമിയ പോലെയുള്ള അസുഖങ്ങൾ വരുന്നു? ഈ തീ കെടാന്‍ പാടില്ല. കട്ടുമുടിച്ച ഓരോ രൂപക്കും മറുപടി കണ്ടെത്തണം. ആദിവാസികൾക്ക് വേണ്ടി എന്ന പേരില്‍ ചിലവഴിച്ചു ചിലവഴിച്ചു തടിച്ചു വീർത്ത ഒരുത്തനും രക്ഷപ്പെടരുത്. കാട് കട്ടെടുത്ത മനുഷ്യർ പുറത്തുള്ളവരാണ്, എന്നിട്ടു കാടിനെ എല്ലാമായി കണ്ടു അതിന്റെ കരുതലിൽ ജീവിച്ചിരുന്ന ഈ മനുഷ്യരെ നഗരവത്കരിക്കാം എന്ന് പറഞ്ഞു ബാഗ്ദാനങ്ങൾ കൊടുത്തതല്ലാതെ അവരെ കാടിന് പുറത്തെത്തിക്കാനോ അതിനുള്ളിൽ തന്നെ മെച്ചപ്പെട്ട ഒരു അവസ്ഥയിൽ അവരെ എത്തിക്കാനോ കടന്നു പോകുന്ന ഒരു സർക്കാരിനും കഴിഞ്ഞിട്ടില്ല. പദ്ധതികൾ ഇപ്പോഴും ആസൂത്രണം നടക്കുന്നു എന്നാണ് കഴിഞ്ഞ ദിവസം ഒരു എം എൽ എ പറഞ്ഞത്. ഇനിയും എത്ര വർഷമെടുക്കും അവർക്ക് മനുഷ്യരെ പോലെ ജീവിക്കാൻ? വാഗ്ദാനങ്ങൾ കൊടുത്തു അവരിൽ നിന്നും കാട് കയ്യേറിയിട്ട് ആദിവാസികളെ ഒന്നുമല്ലാത്തവരാക്കി തീർത്തവരോട് കാലം പൊറുക്കുമോ?

ആദ്യമായല്ല ആദിവാസികളിൽ നിന്നും ഒരു മധു കൊല്ലപ്പെടുന്നത്. കൊലപാതകവും പോഷകാഹാരക്കുറവും കാലം ചെല്ലാതെ ഗര്ഭിണികളാകുന്ന പെൺകുട്ടികളും ഇവിടെ പതിവാണ്. കാട് കയ്യേറിയവർ അവരുടെ എല്ലാ രീതിയിലും അവർക്കുമേൽ ആധിപത്യം ഉറപ്പിക്കുന്നു. റേഷൻ വിഹിതം കൃത്യമായി ലഭിച്ചിരുന്നെങ്കിൽ ഇവർക്ക് പട്ടിണി കിടക്കേണ്ടി വരില്ലായിരുന്നു എന്ന സത്യം നമുക്കറിയുമ്പോൾ തന്നെ ഇവർക്കിടയിലെ പട്ടിണി പറയുന്നത് അതുപോലും ശരിയല്ലാത്ത വിധത്തിലാണ് നടക്കുന്നത് എന്നല്ലേ!

എല്ലാ അഞ്ചു വർഷവും കൂടുമ്പോൾ മാറി മാറി വരുന്ന സർക്കാർ പദ്ധതികൾ കൊണ്ട് വരുന്നത് ഇനിയെങ്കിലും നടപ്പിലാക്കാനുള്ള ആർജ്ജവം കാണിക്കണം. കഴിഞ്ഞ സര്‍ക്കാരിന്റെ ആദിവാസി ഭൂമി ഇടപാടിലെ വന്‍ അഴിമതി തെളിവുകള്‍ അടക്കം പുറത്തു വന്ന്‍ ഒന്നരക്കൊല്ലമായിട്ടും അന്വേഷണം ആരംഭിക്കാന്‍ പുതിയ സര്‍ക്കാരിനാവുന്നില്ല. ആവുകയുമില്ല. കട്ടവരില്‍ ഭരണ പ്രതിപക്ഷ ഭേദമില്ല എന്നപോലെ തന്നെ വിചിത്രമാണ് മര്‍ദ്ദിച്ചവരിലും കാണാം ഈ ഭരണ – പ്രതിപക്ഷ യോജിപ്പ് എന്നത്. അവരും മനുഷ്യരാണ് . പക്ഷെ അവർ കറുത്തവരും പട്ടിണി മാറ്റാൻ പാട് പെടുന്നവരും അധികാരമില്ലാത്തവരും ആയതുകൊണ്ട് ചോദ്യം ചെയ്യൽ കുറവാണെന്നു വിചാരിക്കരുത്. ഇനിയും നീതി ലഭിച്ചില്ലെങ്കിൽ അവർ പുറത്തിറങ്ങിയെന്നു വരും. അത് താങ്ങാൻ കേരളത്തിനായെന്നു വരില്ല. തൊഴിലാക്കികളുടെ സ്വന്തം പാർട്ടി ഭരിക്കുമ്പോഴെങ്കിലും ഈ സാധാരണക്കാരിലും താഴെ വീണു കിടക്കുന്ന മനുഷ്യരെ കൈപിടിച്ച് ഉയിർത്തെഴുന്നേല്പിക്കണം. മറ്റെങ്ങോട്ടുമല്ല, “മനുഷ്യരുടെ” നിലപാടിലേയ്ക്കെങ്കിലും അവർ എത്തി നിൽക്കണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button