Latest NewsNews StorySpecials

ആസാമിലും മണിപ്പൂരിലും വിജയിച്ച തന്ത്രങ്ങള്‍ മേഘാലയിലും ബിജെപിയ്ക്ക് തുണയാകുമോ?

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്ഗ്രസിന്റെ പ്രതാപം മങ്ങിയിരിക്കുകയാണ്. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഏറെക്കുറെ കുടിയൊഴിപ്പിക്കപ്പെട്ട് കഴിഞ്ഞിരിക്കുകയാണ് കോണ്‍ഗ്രസ് എന്ന് തന്നെ പറയാം. അതുകൊണ്ട് തന്നെ ഫെബ്രുവരി 27നു നടക്കുന്ന മേഘാലയാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ രാഹുലിന്റെയും കോണ്ഗ്രസിന്റെയും ജീവശ്വാസം പോലെ പ്രധാനമാണ്. എന്നാല്‍ ആസാമിലും മണിപ്പൂരിലുമുണ്ടായ നേട്ടങ്ങള്‍ ബി ജെ പിയുടെ സ്വപ്നത്തിനു ശക്തി പകര്‍ന്നിരിക്കുകയാണ്. ‘കോണ്‍ഗ്രസ് മുക്തഭാരതം’ എന്ന സങ്കല്‍പത്തിലേയ്ക്ക് മണിപ്പൂരിലും അധികാരം നേടുന്നതോടെ ഒരു പടികൂടി മുന്നേറാന്‍ സാധിക്കുമെന്ന് ബിജെപി വിശ്വസിക്കുന്നു.

മേഘാലയില്‍ കാര്യമായ വേരോട്ടമൊന്നും ബിജെപിയ്ക്ക് ഇല്ല. എന്നാല്‍ നരേന്ദ്രമോദിയുടേയും അമിത്ഷായുടേയും പ്രഭാവത്തില്‍ അട്ടിമറി സൃഷ്ടിക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. കൂടാതെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സീറ്റൊന്നും ലഭിച്ചില്ലെങ്കിലും നിയമസഭയുടെ കാലാവധി അവസാനിക്കുമ്പോള്‍ രണ്ട് എംഎല്‍എമാര്‍ അവര്‍ക്കൊപ്പമെത്തി എന്നത് അവരുടെ ആത്മ വിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനാണ് സംസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പു ചുമതല നല്‍കിയിരിക്കുന്നത്. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ അദ്ദേഹത്തിനുള്ള അറിവും സംസ്ഥാനത്തെ ഭൂരിപക്ഷ സമൂഹമായ ക്രിസ്ത്യാനികള്‍ക്കിടിയില്‍ സ്വീകാര്യനാണെന്നതും അല്‍ഫോന്‍സ്‌ കണ്ണന്താനത്തിന്റെ പ്രവര്‍ത്തിയില്‍ വിജയം നേടാന്‍ കഴിയുമെന്ന് ബിജെപി കരുതുന്നു.

മേഘാലയുടെ പൊതു സ്വഭാവം ഒന്ന് പരിശോധിക്കാം. പ്രാദേശിക പാര്‍ട്ടികള്‍ക്ക് രാഷ്ട്രീയകക്ഷി ഭേദമില്ല. അതുകൊണ്ട് തന്നെ അധികാരത്തിനായി അവര്‍ ആരുടെ കൂടെയും നില്‍ക്കും. അങ്ങനെയാണ് കഴിഞ്ഞ തവണ ഭൂരിപക്ഷം തികയ്ക്കാനും ഭരണത്തില്‍ കയറാനും കൊണ്ഗ്രസ്സിനു സാധിച്ചത്. അതുപോലെ തന്നെയാണ് പള്ളിയുടെ കാര്യവും. ബിജെപിയോ കോണ്‍ഗ്രസോ എന്നുള്ളതല്ല. തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുക എന്നതുമാത്രമാണ് പള്ളിയുടെ ചിന്ത. അടുത്തിടെ ക്രൈസ്തവ ദേവാലയങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളുടെ ടൂറിസം സാധ്യതകള്‍ ഉപയോഗിക്കുന്നതിനായി 70 കോടിരൂപയുടെ ഒരു പദ്ധതി അല്‍ഫോണ്‍സ് കണ്ണന്താനും പ്രഖ്യാപിക്കുകയുണ്ടായി. കൂടാതെ എന്‍പിപി എന്ന പ്രദേശിക കക്ഷിയുമായി സഖ്യമുണ്ടാക്കാനൊരു ശ്രമവും നടന്നിരുന്നു. എന്നാല്‍ അത് പരാജയപ്പെട്ടു. അതിനാല്‍ ഏറെക്കുറെ ഒറ്റയ്ക്കാണ് ബിജെപി ഇവിടെ മത്സരിക്കാന്‍ ഒരുങ്ങുന്നത്.

പ്രചരണ രംഗത്ത് ബിജെപി യോഗങ്ങളില്‍ കാര്യമായ ജനക്കൂട്ടം ഉണ്ടാകുന്നുണ്ട്. അതിനെ പ്രതിരോധിക്കാന്‍ ബീഫ് നിരോധനം പോലുള്ള വിഷയങ്ങള്‍ കോണ്‍ഗ്രസ് ഉയര്‍ത്തുന്നു. എന്നാല്‍ മാംസം മുഖ്യഭക്ഷണമായ മേഘാലയന്‍ ജനതയ്ക്ക് മുന്നില്‍ ഈ പ്രതിരോധം ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന് കരുതുന്നില്ല. ബിജെപിയുടെ ലക്ഷ്യം സംസ്ഥാന ഭരണം മാത്രമല്ല. അതിനോടൊപ്പം ആസാം, അരുണാചല്‍പ്രദേശ്, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്റ്, ത്രിപുര എന്നീ ഏഴു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലായി ചിതറിക്കിക്കുന്ന 24 ലോക്സഭാ മണ്ഡലങ്ങളിലും അധികാരം പിടിച്ചെടുക്കാനുള്ള തന്ത്രമാണ് ബിജെപി മെനയുന്നത്. അതിനായി സംസ്ഥാന ഭരണത്തിലൂടെ ജനവിശ്വാസമാര്‍ജ്ജിക്കേണ്ടതുണ്ട്.

ആസാമില്‍ പതിന്നാലും അരുണാചല്‍, മണിപ്പൂര്‍, മേഘാലയ, ത്രിപുര എന്നിവിടങ്ങളില്‍ രണ്ടും മിസോറാം നാഗലാന്റ് എന്നിവിടങ്ങളില്‍ ഓരോ ലോക്സഭാ സീറ്റുമാണുള്ളത്. ഇതില്‍, ആസാമില്‍ ഏഴും അരുണാചലില്‍ ഒന്നും ഉള്‍പ്പെടെ എട്ടുസീറ്റുകള്‍ ബിജെപിയുടെ കൈകളിലാണിപ്പോള്‍. മേഘാലയ, നാഗലാന്റ് എന്നിവിടങ്ങളില്‍ ഓരോ സീറ്റുവീതം എന്‍ഡിഎ സഖ്യകക്ഷികളായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടേയും നാഷണല്‍ പീപ്പിള്‍സ് ഫ്രണ്ടിന്റേയും കൈകളിലും. അതുകൂട് സ്വന്തം അകൌണ്ടിലെയ്ക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് അല്‍ഫോന്‍സിനെ മുന്നില്‍ നിര്‍ത്തി അമിത്ഷായും കൂട്ടരും ഒരുക്കുന്നത്. കേന്ദ്രഭരണവും മികച്ച ആസൂത്രകരും ഉള്ളത് തങ്ങളുടെ ലക്ഷ്യം നിരവേട്ടുമെന്ന ശുഭ പ്രതീക്ഷയിലാണ് ബിജെപി.

അനിരുദ്ധന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button