Latest NewsNewsPrathikarana Vedhi

കാഞ്ചി ആചാര്യനെ ജയിലിൽ അടച്ചതിന് പിന്നിൽ സോണിയയുടെ താല്പര്യമോ? പ്രണബ് മുഖർജിയുടെ പുസ്തകം വിവാദമാവും; മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു

സോണിയ ഗാന്ധിയെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന കുറെ കഥകൾ പുറത്തുവരുന്നു. എത്രമാത്രം അപകടകാരി ആണ് ആ മുൻ കോൺഗ്രസ് അധ്യക്ഷ എന്നത് ചൂണ്ടിക്കാണിക്കുന്നതാണ് അതൊക്കെ. സോണിയയെക്കുറിച്ച് ഒട്ടനവധി കഥകൾ മുൻപും ഇന്ത്യക്കാർ കേട്ടിട്ടുണ്ട്. ഇംഗ്ലണ്ടിൽ ബാറിൽ സപ്ലയർ ആയി ജോലി നോക്കിയതും അവിടെവെച്ച് രാജീവ് ഗാന്ധിയെ ‘പിടികൂടി’യതും മുതൽ ഇറ്റലിയിലെ സ്വന്തം ബന്ധുക്കളുടെ ‘വേഗതയിലുള്ള വികസനം’ വരെ……. അനവധി കഥകൾ. ക്വത്തറോക്കി ബന്ധം, മറ്റ് വിദേശ ബന്ധങ്ങൾ …….. അതിൽ പലതും രാഷ്ട്രീയത്തിൽ അവർ ഇറങ്ങിവന്നതിന് ശേഷം ഉയർന്നുവന്നിട്ടുള്ളതുമാണ്. പല ആക്ഷേപത്തിന്റെയും അടിസ്ഥാനം രാഷ്ട്രീയമാണ് എന്നൊക്കെ പറയുമ്പോഴും അതിലൊക്കെ കുറെ വസ്തുതകൾ ഉണ്ടായിരുന്നു എന്ന് കരുതുന്ന അനവധിപേരുണ്ടായിരുന്നു. സോണിയയുടെ വസതിയിൽ ഒരു ക്രിസ്ത്യൻ പള്ളിയുണ്ടെന്നും അവിടെ എല്ലാ ഞായറാഴ്ചകളിലും കുർബാന നടത്താൻ ഒരു പുരോഹിതൻ എത്താറുണ്ട് എന്നുമൊക്കെ ഡോ. സുബ്രമണ്യൻ സ്വാമി പറയുന്നത് കേട്ടിട്ടുണ്ട്. അതൊന്നും നിഷേധിക്കപ്പെട്ടില്ല. മാത്രമല്ല സോണിയയുടെ സർക്കാർ വസതിയിൽ ഒരു ക്രിസ്ത്യൻ പള്ളിയുണ്ടായാൽ എന്താണ് പ്രശ്നം എന്ന ചോദ്യമുയരുന്നത് കണ്ടിട്ടുമുണ്ട്. നെറ്റിയിൽ ഭസ്മവും ചന്ദനവും പൂശി ഹിന്ദുവായി നടിക്കുന്ന രാഹുൽ ഗാന്ധിയുടെ വസതികൂടിയാണ് അതെന്നത് കൊണ്ടാണ് അക്കാര്യം ചർച്ചചെയ്യപ്പെട്ടത്. ഇന്നിപ്പോൾ അതിനേക്കാളൊക്കെ ഞെട്ടിപ്പിക്കുന്ന കുറെ കഥകൾ പുറത്തുവരുന്നു. അത് പുറത്തുപറഞ്ഞത് മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജി ആണ് എന്നതാണ് ഇപ്പോഴത്തെ പ്രാധാന്യം. ബഹുമാന്യനായ കാഞ്ചി ശങ്കരാചാര്യരെ കള്ളക്കേസിൽ കുടുക്കിയത് പോലും സോണിയയുടെ താല്പര്യപ്രകാരം ആണത്രേ. ഏതോ ചില മത പ്രചാരകന്മാരുടെ താല്പര്യപ്രകാരമാണിത് എന്നും സൂചനകളുണ്ട്. എത്രമാത്രം അപകടകാരിയാണ് ആ ഇറ്റലിക്കാരി എന്നതല്ലേ ഇത് നമ്മെ ചിന്തിപ്പിക്കുക……….?. എല്ലായിപ്പോഴും ഹിന്ദുവിരുദ്ധ തീരുമാനങ്ങൾ ആണ് സോണിയ എടുത്തതെന്ന സൂചനയും അതിലുണ്ട്.

You may also like:കിംവദന്തികള്‍ക്കും ആരോപണങ്ങള്‍ക്കും മറുപടിയായി എഡിബിയും വേള്‍ഡ് ബാങ്കും ഇന്ത്യന്‍ സമ്പദ്ഘടനയെക്കുറിച്ച് പറയുന്നത് : മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.വി.എസ് ഹരിദാസ്‌ വിശകലനം ചെയ്യുന്നു

പ്രണബ് മുഖർജിയെക്കുറിച്ച് ഏറെയൊന്നും ഇന്ത്യക്കാർക്ക് പറഞ്ഞുകൊടുക്കേണ്ടതില്ലല്ലോ. ഇന്ത്യയുടെ മുൻ രാഷ്‌ട്രപതി. എത്രയോ ദശാബ്ദങ്ങൾ കോൺഗ്രസിന്റെ നേതൃ നിരയിലുണ്ടായിരുന്ന നേതാവ്. അനവധി വര്ഷം പാർലമെന്റ് അംഗം. രാജ്യം കണ്ട പ്രഗത്ഭനായ ഭരണകർത്താക്കളിൽ ഒരാൾ. യഥാർഥത്തിൽ ഇന്ത്യയുടെ പ്രധാനമന്ത്രി ആവേണ്ടിയിരുന്നയാൾ……… അദ്ദേഹമാണ് ദേശീയ രാഷ്ട്രീയത്തിലെ കുറെ ഏടുകൾ വിശദീകരിക്കുന്നത്. അദ്ദേഹത്തിൻറെ പുതിയ പുസ്തകം, ” ദി കൊളീഷൻ ഇയേഴ്സ് ” ( The Coalition Years) അത്തരത്തിലുളള കുറെ വെളിപ്പെടുത്തലുകൾ കൊണ്ട്തന്നെ ശ്രദ്ധേയമാവുന്നു. 2004 മുതൽ 2014 വരെയുള്ളത് ദേശീയ രാഷ്ട്രീയത്തിൽ സോണിയ നിറഞ്ഞുനിൽക്കുന്ന കാലഘട്ടമായിരുന്നുവല്ലോ. അക്കാലത്തെ ഹിന്ദു വിരുദ്ധ അതേസമയം ക്രൈസ്തവർക്കും ഇസ്ലാമിക ശക്തികൾക്കും മറ്റും വേണ്ടി ചെയ്ത പലതുമാണ് പ്രണബ് ദാ തുറന്നെഴുതിയിരിക്കുന്നത്. ഒരു ദേശവിരുദ്ധകേന്ദ്രമായിരുന്നു സോണിയ പരിവാർ എന്നുപോലും ചിന്തിക്കണോ എന്ന് തോന്നിപ്പിക്കുന്നതാണ് അതിൽ പറയുന്ന കാര്യങ്ങളും എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എത്രമാത്രം ഹീനമായിരുന്നു, പക്ഷപാത പരമായിരുന്നു സോണിയയുടെ പല നീക്കങ്ങളും തീരുമാനങ്ങളും എന്നതാണ് ഇതിലൂടെ അദ്ദേഹം പറയാനുദ്ദേശിക്കുന്നത് എന്ന് വിലയിരുത്തിയാൽ തെറ്റാവില്ല.

കാഞ്ചി ശങ്കരാചാര്യർ സ്വാമി ജയേന്ദ്ര സരസ്വതിയെ ഒരു വധക്കേസിൽ കുടുക്കിയത് ആർക്കും മറക്കാനാവില്ലല്ലോ. അതൊരു ആസൂത്രിത പദ്ധതിയായിരുന്നു എന്നതിൽ ആർക്കും സംശയമില്ലായിരുന്നു. ഇന്ത്യ ആദരിച്ചിരുന്ന, ഹിന്ദുത്വ ശക്തികൾക്കായി നിലകൊണ്ടിരുന്ന, ശങ്കരാചാര്യരെ കള്ളക്കേസ് ചുമത്തി പിടികൂടുക എന്നത് സാമാന്യം സത്യത്തിലും നീതിയിലും ധർമ്മത്തിലും വിശ്വാസമുള്ളവർക്ക് ചിന്തിക്കാൻ കഴിയാത്ത കാര്യമാണല്ലോ. അന്നത് നടന്നപ്പോൾ പലരും പറഞ്ഞത് ജയലളിതയാണ് അതിനു പിന്നിൽ എന്നാണ്. അതായിരുന്നു അന്നത്തെ പ്രചാരണം. തമിഴ്‌നാട്ടിൽ ജയയുടെ ഭരണകാലമായിരുന്നുവല്ലോ അത് . അവർക്ക് ശങ്കരാചാര്യരുമായി എന്തൊക്കെയോ അഭിപ്രായ ഭിന്നതയുണ്ട് എന്നതും അന്ന് കേട്ടിരുന്നു. ഇന്നിതുവരെ ഞാനടക്കം അനവധിപേരുടെ മനസ്സിൽ ഉണ്ടായിരുന്നത് അതുതന്നെയാണ്. പക്ഷെ, പ്രണബ് മുഖർജി വരികൾക്കിടയിലൂടെ നൽകുന്ന സൂചന, അതിനുപിന്നിലുണ്ടായിരുന്ന പ്രേരണാ ശ്രോതസ് സോണിയ ഗാന്ധിയാണ് എന്ന്. സോണിയക്ക് വേണ്ടി ജയലളിത അത് ഒരുക്കുകയായിരുന്നു എന്നുവേണം കരുതാൻ. അവർ രണ്ടുപേരും നല്ല ബന്ധത്തിലുള്ള കാലഘട്ടമായിരുന്നു അതെന്നത് ഓർക്കുക. കാരണമോ, ഏതോ ഒരു ന്യൂനപക്ഷ മത പ്രവാചകന്റെ താല്പര്യം സംരക്ഷിക്കാൻ എന്ന സൂചനകളും ഇന്നിപ്പോൾ ചില ഓൺലൈൻ മാധ്യമങ്ങൾ നൽകുന്നു. എന്തൊരു ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ് ആ വെളിപ്പെടുത്തലുകൾ എന്നതൊന്ന് ചിന്തിച്ചുനോക്കൂ.

ഒരു തമിഴ് വാരികയിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് കാഞ്ചി മഠത്തിലെ ഒരു മുൻ ജീവനക്കാരന്റെ മരണവുമായി ബന്ധപ്പെടുത്തി ശങ്കരാചാര്യന്മാരെ കേസിൽ കുടുക്കിയത്. എത്രയോ നാൾ സ്വാമിജിമാർ ജയിലിൽ കഴിഞ്ഞു. കോൺഗ്രസ് ഭരണത്തിലായിരുന്ന ആന്ധ്രയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. എന്നിട്ട് വെല്ലൂർ ജയിലിൽ അടച്ചു. വെല്ലൂർ ജയിലിൽ വെച്ച് സ്വാമി ജയേന്ദ്ര സരസ്വതിക്ക് ക്രൂരമായ പീഡനങ്ങൾ അനുഭവിക്കേണ്ടിവന്നിട്ടുണ്ട് എന്നതും വർത്തയായതാണ്. ക്രൂരമായ ഒരു നീക്കമായിരുന്നു അത്. കാഞ്ചി ആചാര്യൻ രാജ്യമെമ്പാടും പ്രത്യേകിച്ചും ദക്ഷിണേന്ത്യയിൽ വ്യാപകമായി ഹിന്ദുത്വ പ്രസ്ഥാനങ്ങൾക്കായി നിലകൊണ്ടിരുന്ന കാലഘട്ടത്തിലാണ് അതെന്നതോർക്കുക. മത പരിവർത്തനത്തിനെതിരെ അദ്ദേഹം നടത്തിയ പരിശ്രമങ്ങൾ വളരെയേറെ ഫലംചെയ്തിരുന്നു. വ്യാപക മതപരിവർത്തനം നടത്താൻ ശ്രമം നടന്ന മീനാക്ഷിപുരത്തും മറ്റും അദ്ദേഹം നടത്തിയ ഇടപെടൽ ചരിത്രത്തിന്റെ ഭാഗമല്ലേ. അപ്പോൾ അദ്ദേഹത്തെ ഉന്മൂലനം ചെയ്യേണ്ടത് ആരുടെ താല്പര്യമായിരുന്നു?. സംശയമില്ല, ഹിന്ദു വിരുദ്ധ ഗ്രൂപ്പുകളുടേത്; അതേസമയം ചില വിദേശ ശക്തികളുടേതും. അത്തരമൊരു നീക്കത്തിന് ജയലളിത കൂട്ടുനിൽക്കുമോ, ജയക്ക് അങ്ങിനെയൊരു ചിന്തയുണ്ടോ എന്നൊക്കെ പലരും സംശയിച്ചിരുന്നു. പക്ഷെ സോണിയക്ക് വേണ്ടിയാണ് ജയലളിത അതൊക്കെ ചെയ്യിച്ചത് എന്നതാണ് ഇപ്പോൾ കാണുന്ന സൂചനകൾ. ആ വധ കേസിൽ ശങ്കരാചാര്യർ അടക്കം എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടിരുന്നു എന്നതുമോർക്കുക. പക്ഷെ അതിന് നീണ്ട നാലര വർഷമെടുത്തു. എന്തൊരു ദ്രോഹമാണ് സോണിയ പരിവാർ ഹിന്ദു സമൂഹത്തിന് ചെയ്തത്?.

ഒരു ദീപാവലി തലേന്ന് ആയിരുന്നു ശങ്കരാചാര്യരുടെ അറസ്റ്റ്. അത് ദുരുപദിഷ്ടമായിരുന്നു എന്ന് കാബിനറ്റ് യോഗത്തിൽ താൻ പറഞ്ഞതും പ്രണബ് മുഖർജി വിശദീകരിക്കുന്നുണ്ട്. അദ്ദേഹം ചോദിച്ചുവത്രെ, ഒരു ഈദിന്‌ മുൻപോ മറ്റോ ഒരു ഇസ്ലാമിക നേതാവിനെ ഇതുപോലെ അറസ്റ്റ് ചെയ്യാൻ ധൈര്യമുണ്ടാവുമായിരുന്നോ എന്ന്. ആ നടപടിക്ക് പിന്നിൽ മറ്റെന്തൊക്കെയോ താല്പര്യങ്ങൾ ഉണ്ടെന്ന് കരുതുന്നവർ ഉണ്ടായിരുന്നു. എന്നാലിന്ന് അത് വ്യക്തമാവുന്നു. ഒരു പക്ഷെ വത്തിക്കാൻ പോലും ആയിക്കൂടായ്കയില്ല അതെന്ന് ചില ഓൺലൈൻ പ്രസിദ്ധീകരണങ്ങൾ എഴുതിക്കഴിഞ്ഞു. ദക്ഷിണേന്ത്യയിൽ, പ്രത്യേകിച്ചും തമിഴ്‌നാട്ടിൽ, ക്രൈസ്തവവൽക്കരണത്തിന് തടസമായി നിന്നിരുന്ന ഒരു പ്രധാനഘടകം കാഞ്ചി ശങ്കരാചാര്യരും മറ്റുമായിരുന്നു എന്നത് അവർ ഓർമ്മിപ്പിക്കുന്നു.

ഇത് മാത്രമല്ല പ്രണബ് തുറന്നെഴുതുന്നത്. യഥാർഥത്തിൽ 2004 ൽ പ്രധാനമന്ത്രി ആവേണ്ടത് താനായിരുന്നു എന്ന് അദ്ദേഹം കരുതുന്നു. ഒരു മുതിർന്ന രാഷ്ട്രീയക്കാരൻ ആ ചുമതല വഹിക്കുന്നതായിരുന്നു നല്ലത് എന്നതായിരുന്നു പാർട്ടിയുടെ വിലയിരുത്തൽ. പക്ഷെ മൻമോഹൻ സിംഗിനെ പ്രധാനമന്ത്രിയാകാൻ ആയിരുന്നു സോണിയയുടെ തീരുമാനം. ആ നിർദ്ദേശം മൻമോഹൻ സ്വീകരിക്കുകയും ചെയ്തു. അന്ന് കേന്ദ്ര മന്ത്രിസഭയിൽ ചേരാൻ താൻ തയ്യാറല്ലായിരുന്നു. കാരണം തന്റെ കീഴിൽ ജോലിചെയ്തിരുന്നയാളാണ് മൻമോഹൻ സിങ്, ആർബിഐ ഗവർണർ എന്ന നിലക്ക്. അങ്ങിനെയുള്ള ഒരാളുടെ കീഴിൽ താനെന്തിന് മന്ത്രിയാവണം?. പക്ഷെ സോണിയ നിർബന്ധിച്ചു….പാർട്ടിയിലെ പലരും അതാണ് ആവശ്യപ്പെട്ടത്.അങ്ങിനെയാണ് മന്ത്രിസഭയിൽ ചേർന്നത്……പ്രണബ് ദാ വിശദീകരിക്കുന്നു. കോൺഗ്രസ് പാർട്ടിക്ക് സംഭവിച്ച തളർച്ചയുടെയും തകർച്ചയുടെയും കഥകൾ സൂചിപ്പിക്കുമ്പോഴും സോണിയയെയോ രാഹുലിനെയോ കുറ്റപ്പെടുത്താൻ തയ്യാറായിട്ടില്ല എന്നതും സൂചിപ്പിക്കേണ്ടതുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button