Latest NewsIndiaNews

കിംവദന്തികള്‍ക്കും ആരോപണങ്ങള്‍ക്കും മറുപടിയായി എഡിബിയും വേള്‍ഡ് ബാങ്കും ഇന്ത്യന്‍ സമ്പദ്ഘടനയെക്കുറിച്ച് പറയുന്നത് : മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.വി.എസ് ഹരിദാസ്‌ വിശകലനം ചെയ്യുന്നു

ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി വലിയ പ്രയാസത്തിലാണ് എന്നും മാന്ദ്യം ഇവിടെ യാഥാർഥ്യമായിരിക്കുന്നു എന്നും പറയുന്നവരുടെ എണ്ണം ദിനം പ്രതിയെന്നോണം കൂടുകയാണ്. സ്വന്തം രാജ്യത്തിൻറെ സാമ്പത്തികനില തകർന്നു എന്ന് പറയുന്നത് ഒരു അഭിമാനമാണ് എന്ന് കരുതുന്ന രാഷ്ട്രീയക്കാരെയും ഇന്നിപ്പോൾ പതിവായി കാണുന്നുണ്ട്. ചില സാമ്പത്തിക വിദഗ്‌ധരും ഇത്തരത്തിൽ ചിന്തിക്കുകയും തുറന്നുപറയുകയും ചെയ്യുന്നു എന്നതാണ് അതിനേക്കാളൊക്കെ ഖേദകരം. ഇതിനെക്കുറിച്ച് ചില വിലയിരുത്തലുകൾ ഞാൻ തന്നെ നേരത്തെ നടത്തിയിരുന്നു. അതിവിടെ മുഴുവൻ ആവർത്തിക്കുന്നില്ല. എന്നാൽ ചിലകാര്യങ്ങൾ പറയാതെയും വയ്യ. വിദേശ നാണ്യ ശേഖരത്തിന്റെ കാര്യത്തിലെ റെക്കോർഡ്, ഓഹരി വിപണിയിലെ സജീവത, വ്യാപാര- വാണിജ്യത്തിലൂടെ നേടിയ വിദേശനാണ്യത്തിന്റെ തോത് , പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കിയത് , ധനക്കമ്മി നിയ്രന്തിച്ചത് ……. അതേസമയം അടിസ്ഥാന വികസന- സാമൂഹ്യ ക്ഷേമ പ്രവർത്തനത്തിനായി വേണ്ടത്ര പണം നീക്കിവെച്ചതും ചിലവഴിക്കാൻ തയ്യാറാവുന്നതും. ഇതൊക്കെ ഒരു രാജ്യം എത്രമാത്രം നല്ല നിലയിലാണ് എന്നതിന് ഉദാഹരണമാണ് എന്നതിൽ തർക്കമില്ല. രാഷ്ട്രീയവും മനസിലേറ്റിക്കൊണ്ടുനടക്കുന്ന വിരോധവും മാറ്റിവെച്ചുകൊണ്ട് ചിന്തിക്കുന്നവർ അത് സമ്മതിക്കുന്നുമുണ്ട്. അല്ലാത്തവർ പക്ഷെ ഡീസലിന്റെയും പെട്രോളിന്റെയും നികുതി സർക്കാർ കുറക്കാത്തത് കടുത്ത സാമ്പത്തിക പ്രതിസന്ധികൊണ്ടാണ് എന്ന് പറഞ്ഞുനടക്കുന്നു. ഇതാണ് ഇന്നിപ്പോൾ രാജ്യത്തുകാണുന്നത്. ഇവിടെ മറന്നുപോകരുതാത്തത്, ചൈനയുടേതിനേക്കാൾ മുന്നിലാണ് ഇന്ത്യ നേടുന്ന വളർച്ച …. ഏഷ്യയിൽ ഇന്ത്യക്കൊപ്പം വളർച്ച കൈവരിക്കാൻ മറ്റൊരു രാജ്യത്തിനുമാവുന്നില്ല എന്നതും ആഗോള സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുകയാണ്.

ഇന്നലെ, തിങ്കളാഴ്ച, ഡൽഹിയിൽ ബിജെപി സമ്മേളനമുണ്ടായിരുന്നു. അതിൽ മാന്ദ്യം നേരിടാനുള്ള പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിക്കും എന്ന് ചിലർ മുൻകൂട്ടി എഴുതിവിട്ടു. പാക്കേജിന്റെ ചരിതം രചിച്ച മാധ്യമസുഹൃത്തുക്കളുമുണ്ട്. എന്നാൽ മോഡി സർക്കാർ സ്വീകരിച്ച സാമ്പത്തിക പരിഷ്കരണ നടപടികളെ, നോട്ട് റദ്ദാക്കൽ – ജിഎസ്‌ടി എന്നിവയടക്കമുള്ളതിനെ, അംഗീകരിക്കാനും പ്രശംസിക്കാനുമാണ് സമ്മേളനം തയ്യാറായത്. മാത്രമല്ല തിരഞ്ഞെടുപ്പ് കണക്കിലെടുത്തുകൊണ്ട് രാജ്യത്തിൻറെ സാമ്പത്തിക നയങ്ങൾ മാറ്റേണ്ടതില്ല എന്ന വ്യക്തമായ നിലപാട് പ്രധാനമന്ത്രി വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. അത് ചില മാധ്യമങ്ങളെ വിഷമിപ്പിച്ചു. സ്വാഭാവികമാണത്. കഴിഞ്ഞകുറെ ദിവസമായി ഇവിടെ പ്രതിസന്ധിയാണ്, സാമ്പത്തികേ ഞെരുക്കമാണ് എന്നൊക്കെ എഴുതിനടന്നവർക്ക് വിഷമമായതിൽ അതിശയിക്കാനുമില്ല.

വളർച്ചാ നിരക്ക് കുറയുമെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് രാജ്യസഭയിൽ ചർച്ചക്കിടെ പറഞ്ഞതാണ് പലരും ആയുധമാക്കുന്നത്. ലക്ഷക്കണക്കിന് കോടി രാജ്യത്തിന് കിട്ടേണ്ടത് മോദിയുടെ സാമ്പത്തിക നടപടിമൂലം നഷ്ടമായി എന്നും മറ്റും ചിലർ വിലയിരുത്തുകയും ചെയ്യുന്നു. നോട്ട് റദ്ദാക്കൽ, അതിനു പിന്നാലെ ജിഎസ്‌ടി ………… രണ്ടും കൂടിയാവുമ്പോൾ കാര്യങ്ങൾ കുറച്ചൊക്കെ പ്രയാസകരമാവും എന്നത് അറിയാത്തവരല്ലല്ലോ ഡൽഹിയിൽ ഭരണം കയ്യാളുന്നത്. അവർ അത് കണക്കിലെടുത്തിരുന്നു. ജിഎസ്‌ടി എവിടെയൊക്കെ നടപ്പിലാക്കിയിട്ടുണ്ടോ അവിടെയെല്ലാം ഇത്തരം പ്രയാസങ്ങളുണ്ടായിട്ടുണ്ട്. ഇന്ത്യയെപ്പോലുള്ള ഒരു വലിയ രാജ്യത്ത് ഇത്തരമൊരു വലിയ പരിഷ്കരണം നടപ്പിലാവുമ്പോൾ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ സാധാരണയിലധികമാണുതാനും. എന്നാൽ തുടർന്നുള്ള നാളുകളിൽ വിഷമതകൾ മറികടക്കാൻ കഴിയുന്നവിധത്തിലുള്ള സാമ്പത്തിക വളർച്ച കൈവരിക്കാൻ കഴിയുമെന്ന് മനസിലാക്കിയവരെ ഇവർ മറക്കുന്നു. അപ്പോൾ ഇവിടെ നടക്കുന്നത് വെറും രാഷ്ട്രീയപ്രചാരണമല്ലേ. പ്രധാനമന്ത്രിയായിരുന്ന കാലഘട്ടത്തിൽ ഏതാണ്ട് 4. 32 ലക്ഷം കോടിയുടെ അഴിമതിക്ക് സാക്ഷ്യം വഹിച്ച വ്യക്തിയാണ് കള്ളപ്പണക്കാരെയും കള്ളനോട്ടുകാരെയും ഞെട്ടിപ്പിച്ച നോട്ട് റദ്ദാക്കലിൽ ആശങ്ക പൂണ്ടത്. തന്റെ സർക്കാരിന് നടപ്പിലാക്കാൻ കഴിയാതിരുന്ന ജിഎസ്‌റ്റിയിൽ വിഷമം നടിക്കുന്നതും അതെ വ്യക്തിത്വമാണ്. ആ കൊടിയ അഴിമതിമൂലം രാജ്യത്തിനുണ്ടായ വളർച്ചാ നഷ്ടത്തെക്കുറിച്ച് ഒരിക്കലെങ്കിലും മൻമോഹൻ സിങ് ചിന്തിച്ചിരുന്നോ ….. ഇല്ലല്ലോ. ഇന്നും അഴിമതിയുടെ പ്രേതം അദ്ദേഹത്തെയും മേലാളന്മാരെയും മന്ത്രിസഭയിലെ സഹപ്രവർത്തകരെയും വേട്ടയാടുമ്പോൾ പലതരത്തിൽ ആശങ്കാകുലനാവുന്നതും ഞെട്ടലുണ്ടാവുന്നതും സ്വാഭാവികമാണ്.

മൻമോഹൻ സിങ് മുതൽ സാദാ രാഷ്ട്രീയക്കാർ വരെയും പിന്നെ നമ്മുടെ ചില മാധ്യമ സുഹൃത്തുക്കളും ഇങ്ങനെയൊക്കെ വിലപിക്കുമ്പോഴാണ് ലോകബാങ്കും ഏഷ്യൻ ഡെവലപ്പ്മെന്റ് ബാങ്കും ഇന്ത്യയുടെ സമ്പദ് ഘടനയെക്കുറിച്ച് വലിയ പ്രതീക്ഷകൾ വെച്ച് പുലർത്തുന്നത് എന്നത് എന്തുകൊണ്ടും സുപ്രധാനമാണല്ലോ. നേരത്തെതന്നെ ലോകബാങ്ക് ഇന്ത്യയിലെ സ്ഥിതിയിൽ വലിയ വിശ്വാസം വെച്ചുപുലർത്തിയതാണ്. ഇന്ത്യയുടേത് ആരോഗ്യകരമായ വളർച്ചയാണ് എന്നും കഴിഞ്ഞവർഷത്തെ 6.8 ശതമാനം വളർച്ച എന്നതിൽ നിന്ന് ഈ വര്ഷം 7.2 ശതമാനത്തിലേക്ക് എത്തുമെന്നുമാണ് ലോകബാങ്ക് ചെയര്മാൻ കഴിഞ്ഞ ജൂണിൽ പറഞ്ഞത്. ഇപ്പോഴാവട്ടെ, ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ തുടരുമെന്നാണ് അദ്ദേഹം പറയുന്നത്.

അതിനുപിന്നാലെയാണ് ഏഷ്യൻ ഡെവലപ്പ്മെന്റ് ബാങ്ക് (എഡിബി ) അതിന്റെ നിലപാട് വ്യക്തമാക്കിയത്. എഡിബി പറയുന്നതും ലോകബാങ്കിന്റേതിന് സമാനമായ കാര്യങ്ങളാണ്. എഡിബിയുടെ പുതിയ പഠനങ്ങൾ( 2017 -ലെ ഏഷ്യൻ ഡെവലപ്പ്മെന്റ് ഔട്ട് ലുക്ക് -എ ഡി ഓ) ഇന്നാണ് വെളിച്ചം കണ്ടത്. ഇന്ത്യയിൽ ഇപ്പൊഴുണ്ട് എന്ന് പറയുന്ന പ്രശ്നങ്ങൾ താല്കാലികമാണ് എന്നും അത് പരിഹരിക്കപ്പെടാൻ തക്കവിധം സജ്ജമാണ് രാജ്യമെന്നും അവർ വിലയിരുത്തുന്നു. 2017 -18 സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ ഇന്ത്യയിലെ വളർച്ചാനിരക്ക് കുറഞ്ഞത് നോട്ട് റദ്ദാക്കൽ കൊണ്ടും അതിനു പിന്നാലെ ജിഎസ്‌ടി പോലുള്ള വലിയ നികുതി പരിഷ്കരണം കൊണ്ടുവന്നതുകൊണ്ടുമാണ്. വിപണിയിലെ തിരക്കില്ലായ്മ, ഉത്പാദനക്കുറവ് എന്നിവ അതിന്റെ ഭാഗമാണ്. 2017 -ൽ 7. 4 ശതമാനം വളർച്ചാനിരക്കാണ്‌ എഡിബി പ്രതീക്ഷിച്ചിരുന്നത്. അത് ഏഴ്‌ ശതമാനമാവും എന്നാണ് ഇപ്പോൾ പറയുന്നത്. 2018 -ലാവട്ടെ അത് 7. 4 ശതമാനമാവുമെന്നും അവർ വിലയിരുത്തുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ സമ്പദ്‌ഘടന യായി ഇന്ത്യ നിലനിൽക്കുമെന്ന പ്രതീക്ഷയാണ് ലോക സമ്പദ് രംഗത്തിനുള്ളത് എന്നതാണത് കാണിക്കുന്നത്. എഡിബി റിപ്പോർട്ടിലെ ഈ വരികൾ നോക്കൂ….“India’s ambitious reform agenda will lead to higher long-run growth for its economy,” said Yasuyuki Sawada, ADB Chief Economist. “Despite the short-term hiccups as firms adapt to the national GST, we believe that continued reform progress will help India remain one of the world’s most dynamic emerging economies.”. കാര്യങ്ങൾ ഇതിൽനിന്നും വ്യക്തമല്ലേ.

ഇന്ത്യയിലെ പണപ്പെരുപ്പം ഈ വർഷത്തിൽ നാല് ശതമാനമായും അടുത്ത വര്ഷം അത് 4. 6 ശതമാനമായി നിലനിൽക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. അത് യഥാക്രമം 5. 2 ശതമാനവും , 5. 4 ശതമാനവുമാവും എന്നതായിരുന്നു അവർ പറഞ്ഞിരുന്നത്. അതിനേക്കാൾ കുറയാനുള്ള സാധ്യതയാണ് ഇപ്പോഴുള്ളത് എന്നത് സമ്പദ് ഘടന സുരക്ഷിതവും സുശക്തവുമാണ് എന്നതിന്റെ സാക്ഷ്യപത്രം കൂടിയല്ലേ. ധനക്കമ്മി നിശ്ചയിച്ചതുപോലെ നിയന്ത്രിക്കാൻ ഈ കേന്ദ്ര സർക്കാരിന് കഴിയുന്നു എന്നതും ഇവിടെ പരാമർശിക്കാതെ പോകാനാവില്ലല്ലോ.

ഇവിടെ നാം കാണാതെപോയിക്കൂടാത്ത ഒരു കാര്യം കൂടിയുണ്ട്. ചൈനയുടെ വളർച്ചാനിരക്കാണത്. ഈ സാമ്പത്തിക വര്ഷം അവർക്ക് ആർജിക്കാനാവുന്നത് 6.7 ശതമാനം ആണ് . അടുത്ത സാമ്പത്തികവർഷത്തിൽ അത് ഒരു പക്ഷെ 6. 4 ശതമാനമായി കുറയുമെന്നും അവർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഏഷ്യ- പസിഫിക് മേഖലയിൽ പൊതുവെ കാര്യങ്ങൾ അത്രമാത്രം പ്രതികൂലമല്ല എന്നതാണ് എഡിബിയുടെ വിലയിരുത്തൽ. 2016 -ൽ 5. 8 ശതമാനമായിരുന്നു ഏഷ്യയിലെ വളർച്ചാനിരക്ക് . ഈ വര്ഷം അത് 5. 9 ശതമാനമാവും; 2018-ൽ 5. 8 ശതമാനമായി ചുരുങ്ങാനുള്ള സാധ്യതയും അവരുടെ പഠനത്തിന്റെ ഭാഗമാണ്. ഇവിടെയാണ് ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി എത്രമാത്രം സുരക്ഷിതവും സുശക്തവുമാണ് എന്നത് തിരിച്ചറിയുന്നത്. ഏഷ്യൻ വൻകരയിലെ ഏറ്റവും സുശക്തമായ രാഷ്ട്രമാണ് ഇന്ത്യ എന്നതല്ലേ ഇത് കാണിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button