നാഗപട്ടണം : കുട്ടികൾക്ക് കുടിക്കാനുള്ള വെള്ളത്തില്‍ സാമൂഹിക വിരുദ്ധർ വിഷം കലക്കി. വെള്ളത്തിന്റെ നിറം മാറ്റത്തിൽ സംശയം തോന്നിയ ജീവനക്കാരിയുടെ സമയോചിത ഇടപെടൽ രക്ഷിച്ചത് ഒരു സ്കൂളിലെ മുഴുവൻ കുട്ടികളുടെയും ജീവൻ. നാഡീവ്യവസ്ഥയെ തകരാറിലാക്കി കുട്ടികളെ ‘കോമ’യിലേക്കു വരെ നയിക്കാവുന്ന കീടനാശിനിയായിരുന്നു സ്കൂളിലെ വാട്ടര്‍ ടാങ്കിൽ കലക്കിയിരുന്നത്. നോർത്ത് മരുതൂർ ഗ്രാമത്തിലെ പഞ്ചായത്ത് യൂണിയൻ പ്രൈമറി സ്കൂളിലെ തൂപ്പുകാരിയായ നാഗമ്മാള്‍ കുട്ടികൾക്കു മുൻപേ സ്കൂളിലെത്തുന്നതാണു പതിവ്.
വ്യാഴാഴ്ച സ്കൂളിലെത്തിയ നാഗമ്മാൾ പതിവ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെയാണ് വെള്ളത്തിന്റെ നിറംമാറ്റം ശ്രദ്ധിച്ചത്. കൂടാതെ രൂക്ഷ ഗന്ധവും കൂടിയായപ്പോൾ നാഗമ്മാൾ പ്രിൻസിപ്പാളിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് സമീപത്തു നിന്ന് കീടനാശിനിയുടെ ഒഴിഞ്ഞ കുപ്പികൾ കണ്ടെത്തിയത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെത്തി വെള്ളം പരിശോധനയ്ക്കെടുത്തു.
അതിന്റെ ഫലമെത്തിയപ്പോഴാണ് കുട്ടികളുടെ തലച്ചോറിനെ വരെ ബാധിക്കുന്നതാണു കീടനാശിനിയെന്നു കണ്ടെത്തിയത്. അമിതമായാൽ മരണം വരെ സംഭവിക്കാം. 1000 ലിറ്റർ വെള്ളം കൊള്ളുന്ന ടാങ്കിലാണ് വിഷം കലക്കിയത്. പോളീ അന്വേഷണം ആരംഭിച്ചു. സംഭവത്തെത്തുടർന്ന് സ്കൂളിന് അവധി നൽകിയിരുന്നു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സ്കൂളില്‍ നടത്തിയ യോഗത്തിൽ നാഗമ്മാളിനെ പിടിഎ യോഗം അനുമോദിച്ചു.
Post Your Comments