ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 11-ാം സീസണ്‍ ഏപ്രില്‍ ആറിന് കൊടിയേറും. രണ്ട് വര്‍ഷത്തെ നിരോധനത്തിന് ശേഷം ചെന്നൈ സൂപ്പര്‍ കിംഗ്‌സന്റെയും രാജസ്ഥാന്‍ റോയല്‍സിന്റെയും മടങ്ങി വരവാണ് ഇക്കുറി ഐപിഎല്ലിന്റെ ഒരു ഹൈലൈറ്റ്. ഉദ്ഘാടനത്തിന് മുമ്പേ ഈ സീസണിലെ വിജയിയെ പ്രഖ്യാപിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സേവാഗ്.
ഐപിഎല്ലില്‍ ഇതുവരെ കിരീടം നേടാനാകാത്ത ബാംഗ്‌ളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്, കിംഗ്‌സ് ഇലവണ്‍ പഞ്ചാബ്, ഡല്‍ഹി ഡേര്‍ ഡെവിള്‍സ് എന്നീ ടീമുകളില്‍ ആരെങ്കിലും കിരീടം നേടുമെന്നാണ് സേവാഗ് പറയുന്നത്.
കിംഗ്‌സ് ഇലവണ്‍ പഞ്ചാബിന്റെ ക്രിക്കറ്റ് ഓപ്പറേഷന്‍ ഡയറക്ടറാണ് സേവാഗ്. ഇക്കുറി ശക്തമായ ടീമിനെയായിരിക്കും കിംഗ്‌സ് ഇലവണ്‍ പഞ്ചാബ് അണിനിരത്തുക. താര ലേലത്തിനായി വ്യക്തമായ പദ്ധതി ടീമിനുണ്ടെന്നും സേവാഗ് പറഞ്ഞു.
ഏപ്രില്‍ ആറിന്റെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം ഏപ്രില്‍ ഏഴിനാണ് ആദ്യ മത്സരം നടക്കുക. മുംബൈലാണ് ഉദ്ഘാടനവും ആദ്യ മത്സരവും. മെയ് 27 വരെയാണ് മത്സരം. ഐപിഎല്‍ കമ്മീഷണര്‍ രാജീവ് ശുക്ലയാണ് ഇക്കാര്യം അറിയിച്ചത്. മാത്രമല്ല സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. വൈകുന്നേരം നാല് മണിക്ക് നടന്നിരുന്ന മത്സരം ഇനിമുതല്‍ 5.30നും രാത്രി എട്ട് മണിക്ക് നടന്നിരുന്ന മത്സരങ്ങള്‍ ഏഴ് മണിക്കും നടക്കും.
Post Your Comments