Latest NewsKeralaNews

ജിത്തുവിന്റെ കൊലപാതകത്തെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുത്തച്ഛന്‍ : തങ്ങളുടെ കൂടെ ഉണ്ടായിരുന്ന അവസാനനിമിഷങ്ങള്‍ ഫ്‌ളാഷ് ബാക്കായി പറയുമ്പോള്‍..

കൊട്ടിയം : ജിത്തുവിന്റെ കൊലപാതകത്തെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുത്തച്ഛന്‍ : തങ്ങളുടെ കൂടെ ഉണ്ടായിരുന്ന കൊച്ചുമകന്റെ അവസാനനിമിഷങ്ങള്‍ ഫ്ളാഷ് ബാക്കായി പറയുമ്പോള്‍ മുത്തച്ഛന്റെ തൊണ്ടയിടറി. പല തവണ കരഞ്ഞു. പിന്നെ ജിത്തുമോന്റെ അവസാന നിമിഷങ്ങള്‍ ഒരു കഥ പോലെ പറഞ്ഞുതുടങ്ങി.

ജിത്തു ജോബിനെ അമ്മ കൊലപ്പെടുത്താന്‍ കാരണമായത് വസ്തുഓഹരി തര്‍ക്കമല്ലെന്ന് മുത്തച്ഛന്‍. വസ്തു നല്‍കില്ലെന്ന് ജിത്തു അമ്മയോട് പറഞ്ഞതാണ് കൊലപാതകത്തിന് കാരണമായി ജയമോള്‍ പൊലീസിന് മൊഴിനല്‍കിയത്. ഏറെ ദുരൂഹതകള്‍ കൊച്ചു മകന്റെ മരണത്തിലുണ്ടെന്നാണ് മുത്തച്ഛന്‍ നെടുമ്പന കുരീപ്പള്ളി ജോബ് ഭവനില്‍ ജോണിക്കുട്ടി പറയുന്നത്. കൊച്ചുമകനുമായി വസ്തു വീതംവയ്ക്കുന്ന കാര്യം സംസാരിച്ചിട്ടുപോലുമില്ലെന്നും ജോണിക്കുട്ടി വിശദീകരിക്കുന്നു.

കുരീപ്പള്ളിയിലെ തക്ഷശിലയില്‍ ട്യൂഷന്‍ കഴിഞ്ഞ് ദിവസവും മുത്തച്ഛനെയും മുത്തശ്ശിയെയും കാണാന്‍ ജിത്തു എത്തുമായിരുന്നു. അന്ന് സ്‌കൂള്‍ ഇല്ലാതിരുന്നതിനാല്‍ വൈകീട്ട് കളികഴിഞ്ഞ് പതിവുപോലെ ജിത്തു വീട്ടിലെത്തിയിരുന്നു. അച്ഛന്റെ സഹോദരി സുനിത ജി.ജോണിന്റെ മക്കളെ ടെലിഫോണില്‍ വിളിച്ച് ജന്മദിനാശംസകളും നേര്‍ന്നു. മുത്തശ്ശിയുടെ കൈയില്‍നിന്ന് ചായയും വാങ്ങിക്കുടിച്ച് കവിളില്‍ മുത്തവുംനല്‍കി ആറുമണിയോടെയാണ് വീട്ടിലേക്കുമടങ്ങിയത്. രാത്രി പത്തുമണിയോടെ ജിത്തുവിനെ കാണാനില്ലെന്ന വിവരമാണ് അറിയുന്നത്. ഞെട്ടിക്കുന്ന വാര്‍ത്തകേട്ട് ഇരുവരും അന്വേഷണത്തില്‍ പങ്കാളികളായി-മുത്തച്ഛന്‍ പറയുന്നു.

ജിത്തുവിനെ കാണാതായ തിങ്കളാഴ്ച രാവിലെ കുരീപ്പള്ളിയിലെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹച്ചടങ്ങില്‍ ജിത്തുവും അമ്മ ജയമോളും പങ്കെടുത്തിരുന്നു. വിവാഹശേഷം സന്തോഷത്തോടെ മടങ്ങുന്ന അമ്മയെയും മകനെയും ഇവര്‍ കണ്ടിരുന്നു. ആകെയുള്ള ഒരേക്കര്‍ മുപ്പത് സെന്റ് വസ്തു രണ്ടുമക്കള്‍ക്കുമായി വീതംവച്ച് വില്‍പ്പത്രം മൂന്നുവര്‍ഷം മുന്‍പ് തയ്യാറാക്കിയിരുന്നു. ജിത്തുവിന്റെ അച്ഛന്‍ ജോബിന് ഇതില്‍ 70 സെന്റ് വസ്തു ഉള്‍പ്പെടുത്തി. മക്കളുമായോ കൊച്ചുമക്കളുമായോ വസ്തു വീതംവയ്ക്കുന്ന കാര്യങ്ങള്‍ സംസാരിച്ചിട്ടുപോലുമില്ല. കുരീപ്പള്ളിയില്‍ രണ്ട് സെന്റ് വസ്തുവും കടമുറികളും ഉണ്ട്. അത് ഞങ്ങളുടെ ചെലവുകള്‍ക്കും ചികിത്സയ്ക്കും ഉള്ള കരുതലാണ്. ഇതുസംബന്ധിച്ച് തര്‍ക്കങ്ങളും നിലവിലില്ല. അതുകൊണ്ട് തന്നെ സ്വത്ത് തര്‍ക്കമാണ് ജിത്തുവിനെ കൊല്ലാന്‍ കാരണമെന്ന മൊഴി വിശ്വസിക്കാനാകുന്നില്ല. ഒരു അമ്മയ്ക്ക് മകനെ ഇത്രയും ക്രൂരമായി കൊലപ്പെടുത്താനാകില്ലെന്നും മുന്‍ അദ്ധ്യാപകന്‍ കൂടിയായ ജോണിക്കുട്ടി പറയുന്നു.

പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ മകന്റെ കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നു എന്നാണ് ജയമോള്‍ മൊഴി നല്‍കിയത്. തുടര്‍ന്ന് മൃതദേഹത്തില്‍ മണ്ണെണ്ണയൊഴിച്ച് തീവച്ചു. മുഴുവനായും കത്തിയില്ലെന്നുകണ്ട് അയല്‍വീട്ടില്‍നിന്നു മണ്ണെണ്ണ വാങ്ങി വീണ്ടും കത്തിച്ചു. കത്തിക്കരിഞ്ഞ മൃതദേഹം വലിച്ചിഴച്ച് സമീപത്തുള്ള പറമ്ബില്‍ കൊണ്ടിട്ടു. ചുരിദാറിന്റെ ഷാള്‍ ”കുഞ്ഞിന്റെ” കഴുത്തില്‍ വലിച്ചുമുറുക്കിയത് എങ്ങനെയെന്ന് പൊലീസിനെ അഭിനയിച്ചുകാണിച്ചാണ് ഇക്കാര്യങ്ങള്‍ അമ്മ സമ്മതിച്ചത്. മകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തീര്‍ത്തും നിസംഗതയോടെയായിരുന്നു അമ്മ ജയമോളുടെ വിവരണം. മകനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് ഉപേക്ഷിച്ചതു കൂസലില്ലാതെ വിവരിച്ചപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പോലും ഞെട്ടി. അടുക്കളയില്‍ വച്ച് കഴുത്തില്‍ ഷാള്‍ വലിച്ചുമുറുക്കി കൊലപ്പെടുത്തി. മൃതദേഹം വീടിനടുത്ത് മതിലിനോടു ചേര്‍ത്തിട്ട് കത്തിച്ചു. നന്നായി കത്തുന്നില്ലെന്നു കണ്ടതോടെ വെള്ളമൊഴിച്ചുകെടുത്തി.

വീട്ടില്‍ വേണ്ടത്ര മണ്ണെണ്ണ ഇല്ലാതിരുന്നതിനാല്‍ അയല്‍വീട്ടില്‍നിന്നു കടമായി വാങ്ങി. പിന്നീട് വീടിനുപിന്നില്‍ ആളൊഴിഞ്ഞ റബര്‍ തോട്ടത്തിലേക്കു വലിച്ചിഴച്ച് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. രാത്രി ഏഴര വരെ, മൃതദേഹം ഏകദേശം പൂര്‍ണമായും കത്തിത്തീരുന്നതുവരെ നോക്കിനിന്നു. മകനെ ”കുഞ്ഞ്” എന്നു വിളിച്ചായിരുന്നു കുറ്റസമ്മതം. തിങ്കളാഴ്ച കുടുംബവീട്ടില്‍ പോയി മടങ്ങിയെത്തിയ ജിത്തുവിന്റെ സംസാരം തന്നെ പ്രകോപിപ്പിച്ചെന്നും തുടര്‍ന്ന് അടുക്കളയില്‍വച്ച് കൊലപ്പെടുത്തുകയായിരുന്നു. എല്ലാം ചെയ്തതു തനിച്ചായിരുന്നെന്നും അവര്‍ പൊലീസിനോടു പറഞ്ഞു. പക്ഷേ ഇതൊന്നും പൊലീസ് വിശ്വസിക്കുന്നില്ല. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് തന്നെയാണ് പൊലീസിന്റെ വിലയിരുത്തല്‍. ഇതിന് കരുത്ത് പകരുന്നതാണ് മുത്തച്ഛന്റെ മൊഴി.

തനിക്ക് ഇഷ്ടമില്ലാതിരുന്നിട്ടും ഭര്‍ത്താവ് കാട്ടൂര്‍ മേലേഭാഗം സെബീദിയില്‍ ജോബ് ജി. ജോണിന്റെ കുടുംബവീട്ടിലേക്കു മകന്‍ പോയതാണ് വാക്കുതര്‍ക്കത്തിലെത്തിയത്. ഭര്‍തൃസഹോദരിയുമായി ജയമോള്‍ കടുത്ത വിരോധത്തിലായിരുന്നു. ഭാര്യക്കു മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെന്നും ആരും കളിയാക്കുന്നത് ഇഷ്ടമില്ലായിരുന്നെന്നും ജോബ് പറഞ്ഞിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയാണു ഭാര്യയുടെ സ്വഭാവത്തില്‍ ഇങ്ങനെ മാറ്റമുണ്ടായത്. അമ്മയ്ക്കു വട്ടാണെന്നു മകന്‍ കളിയാക്കുമായിരുന്നു. കളിയാക്കുമ്ബോള്‍ ജയമോള്‍ അക്രമാസക്തയാകുന്നതു തിരിച്ചറിഞ്ഞ് മകനെ താക്കീത് ചെയ്തിട്ടുമുണ്ട്. പക്ഷേ, ഫലം കണ്ടില്ല. അമ്മയും മകനും തമ്മില്‍ വഴക്കിടുക പതിവായിരുന്നു. ദേഷ്യം വന്നപ്പോള്‍ മകനെ തീയിലേക്കു വലിച്ചിട്ടെന്നാണ് ജയമോള്‍ തന്നോടു പറഞ്ഞതെന്നും ജോബ് പറഞ്ഞു.

അതിനിടെ ജയമോള്‍ക്കു മാനസികാസ്വാസ്ഥ്യമുള്ളതായി െവെദ്യപരിശോധനയില്‍ കണ്ടെത്തിയിട്ടില്ലെന്നു പൊലീസ് പറഞ്ഞു. മകനെ കൊലപ്പെടുത്തിയതും തീവച്ചതും വലിച്ചിഴച്ച് കൊണ്ടുപോയതും തനിച്ചാണെന്ന വാദം പൊലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. ജയമോളുടെ സുഹൃത്തിനേയും പൊലീസ് ചോദ്യം ചെയ്തു. തനിക്കൊന്നും അറിയില്ലെന്ന മൊഴിയാണു സുഹൃത്തു നല്‍കിയത്. ജയമോളെ പരവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തിട്ടുണ്ട്. കൊല്ലം ഡിസിആര്‍ബി ഡിവൈഎസ്പി എം.ആര്‍.സതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് 1.12നു ജയമോളെ കോടതിയില്‍ എത്തിച്ചു. കോടതി ഹാളിലേക്കു കയറിയ ഉടനെ ജയമോള്‍ കുഴഞ്ഞുവീണു. വനിതാ പൊലീസ് വെള്ളം നല്‍കിയതോടെ ബോധക്ഷയം മാറി.

പ്രതിക്കൂട്ടില്‍ കയറിയ ജയമോള്‍ വീണ്ടും കുഴഞ്ഞുവീണതോടെ മജിസ്ട്രേട്ടിനു സമീപം ബെഞ്ച് ഹാളില്‍ കസേരയില്‍ ഇരുത്തി. വല്ലതും പറയാനുണ്ടോ എന്നു മജിസ്ട്രേട്ട് ആരാഞ്ഞു. ‘ഒറ്റയ്ക്കാണ് എല്ലാം ചെയ്തത്. മറ്റാരും കൂട്ടിനില്ല’ എന്നു ജയമോള്‍ പറഞ്ഞു. ആശുപത്രിയില്‍ പോകണോ എന്ന മജിസ്ട്രേട്ടിന്റെ ചോദ്യത്തിനു വേണ്ടെന്ന് ഉത്തരം നല്‍കി. മറ്റു വല്ലതും പറയാനുണ്ടോ എന്നു കോടതി ആരാഞ്ഞപ്പോള്‍ ഒരു പൊലീസുകാരന്‍ കാല്‍വെള്ളയില്‍ ഏഴു തവണ അടിച്ചെന്ന് ജയമോള്‍ പറഞ്ഞു. ഇതോടെ പൊലീസിനോടു മാറി നില്‍ക്കാന്‍ മജിസ്ട്രേട്ട് ആവശ്യപ്പെട്ടു.

പൊലീസിനെ ഒഴിവാക്കി മജിസ്ട്രേട്ട് മൊഴി രേഖപ്പെടുത്തി. മര്‍ദിച്ചതിനു പരാതി ഉണ്ടെങ്കില്‍ എഴുതി നല്‍കാന്‍ നിര്‍ദേശിച്ചപ്പോള്‍ പരാതി ഇല്ലെന്നു ജയമോള്‍ പറഞ്ഞു. 3.10നു നടപടികള്‍ പൂര്‍ത്തിയാക്കി ജയമോളെ കൊട്ടാരക്കര ജയിലിലേക്കു കൊണ്ടുപോയി. ജയമോളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് തിങ്കളാഴ്ച അപേക്ഷ നല്‍കും. വിശദ ചോദ്യം ചെയ്യല്‍ നടത്തുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button