
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റിലെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് ഇന്ത്യന്‍ ടീം നായകന് വിരാട് കോഹ്ലിക്ക് ഐസിസിയുടെ പിഴശിക്ഷ. മാച്ച് ഫീയുടെ 25 ശതമാനം കോഹ്ലി പിഴയടക്കേണ്ടിവരും.
രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസമാണ് സംഭവം നടക്കുന്നത്. മഴയെ തുടര്‍ന്ന് ബോള്‍ നനഞ്ഞതായി കോഹ്ലി പലപ്രാവശ്യം അമ്പയര്‍ മിച്ചല്‍ ഗഫ്ഫിനോട് പരാതിപ്പെടുകയും ദേഷ്യപ്പെട്ട് പന്ത് ഗ്രൗണ്ടിലേക്ക് വലിച്ചെറിയുകയും ചെയ്തു. ഇതാണ് കോഹ്ലിക്കെതിരെയുള്ള നടപടിക്ക് കാരണമായത്. ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സിലെ 25-ാം ഓവറിലായിരുന്നു സംഭവം.
മൂന്നാം ദിനം വെളിച്ചക്കുറവുമൂലം കളി നേരത്തെ അവസാനിപ്പിച്ചപ്പോഴും കോഹ്ലി ക്ഷുഭിതനായിരുന്നു. ഇതോടെ മാച്ച് റഫറി ക്രിസ് ബ്രോഡിനോടും കോഹ്ലി ചൂടായി. മാച്ച് റഫറിയുടെ തീരുമാനം ഇന്ത്യന്‍ ടീമിന്റെ ഫോമിനെ ബാധിക്കുമെന്നും കോഹ്ലി പറഞ്ഞു.
Post Your Comments