മുംബൈ: 2023 ക്രിക്കറ്റ് ലോകകപ്പില്‍ സെമി ഉറപ്പിച്ച് ഇന്ത്യ. ശ്രീലങ്കയെ 302 റണ്‍സിന് പരാജയപ്പെടുത്തിയാണ് സെമിയിൽ ഇടം നേടിയത്. തുടർച്ചായി തോൽവി എന്തെന്നറിയാതെയാണ് ഇന്ത്യ സെമി മത്സരം ഉറപ്പിച്ചിരിക്കുന്നത്. ഇനിയുള്ള രണ്ട് മത്സരങ്ങളില്‍ തോറ്റാലും ഇന്ത്യയ്ക്ക് സെമി ബെര്‍ത്ത് നഷ്ടമാകില്ല. ഇന്ത്യ ഉയര്‍ത്തിയ 358 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ശ്രീലങ്ക വെറും 19.4 ഓവറില്‍ 55 റണ്‍സിന് ഓള്‍ ഔട്ടായി. ലോകകപ്പിലെ ശ്രീലങ്കയുടെ ഏറ്റവും വലിയ തോല്‍വിയാണ്.
ലോകകപ്പിൽ റൺ അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം ലങ്കയോട് മുട്ടിയപ്പോഴാണ്. മുഹമ്മദ് ഷമിയുടെയും മുഹമ്മദ് സിറാജിന്റെയും ജസ്പ്രീത് ബുംറയുടെയും ബൗളിങ്ങിന് മുന്നിൽ ലങ്കയുടെ ബാറ്റ്‌സ്മാന്മാർക്ക് മുട്ടിടിച്ചു. ഇന്ത്യ ഉയര്‍ത്തിയ വമ്പന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ശ്രീലങ്ക തുടക്കത്തില്‍ തന്നെ തകര്‍ന്നടിഞ്ഞിരുന്നു. വെറും 22 റണ്‍സെടുക്കുന്നതിനിടെ ഏഴ് മുൻ നിര ബാറ്റ്‌സ്മാന്മാരും തിരിച്ചുകയറി. പത്തും നിസ്സങ്ക (0), ദിമുത് കരുണരത്‌നെ (0), സദീര സമരവിക്രമ (0), കുശാല്‍ മെന്‍ഡിസ് (1), ചരിത് അസലങ്ക (1), ദുഷന്‍ ഹേമന്ദ (0) എന്നിവര്‍ ഒന്നുപൊരുതുക പോലും ചെയ്യാതെ തിരികെ കൂടാരത്തിലേക്ക് മടങ്ങി.
ആദ്യം ബാറ്റുചെയ്ത ഇന്ത്യ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സെടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. വെറും നാല് റണ്‍സ് മാത്രമെടുത്ത രോഹിത് ശർമയെ ദില്‍ഷന്‍ മധുശങ്ക അതിമനോഹരമായ ഒരു പന്തിലൂടെ ക്ലീന്‍ ബൗള്‍ഡാക്കി. അതോടെ ഇന്ത്യ പരുങ്ങലിലായി. എന്നാല്‍ മൂന്നാമനായി വന്ന വിരാട് കോലി ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം ചേര്‍ന്നതോടെ ഇന്ത്യ തകര്‍ച്ചയില്‍ നിന്ന് കരകയറി. ഗില്ലിനെ കൂട്ടുപിടിച്ച് കോലി ടീം സ്‌കോര്‍ 100 കടത്തി. പിന്നാലെ താരം അര്‍ധസെഞ്ചുറി നേടുകയും ചെയ്തു. ഈ ടൂര്‍ണമെന്റിലെ കോലിയുടെ അഞ്ചാം അര്‍ധശതകമാണിത്. പിന്നാലെ ഗില്ലും അർധസെഞ്ച്വറി നേടി.
സെഞ്ച്വറിയിലേക്ക് അടുത്ത ഗില്ലിന്റെ വിക്കറ്റെടുത്തത് മധുശങ്ക ആയിരുന്നു. ഗില്ലിന് പിന്നാലെ കോലിയെയും മധുശങ്ക പുറത്താക്കി. 94 പന്തില്‍ 11 ബൗണ്ടറിയുടെ സഹായത്തോടെ 88 റണ്‍സെടുത്ത കോലിയെ മധുശങ്ക കൂടാരത്തിക്കുകയായിരുന്നു. പകരം വന്ന സൂര്യകുമാർ യാദവിനെയും മധുശങ്ക തന്നെ പറഞ്ഞുവിട്ടു. ഒരു വശത്ത് മധുശങ്ക വിക്കറ്റുകളെടുക്കുമ്പോൾ, മറുവശത്ത് അര്‍ധസെഞ്ചുറി നേടിയ ശ്രേയസ് ജഡേജയെ കൂട്ടുപിടിച്ച് 44.5 ഓവറില്‍ ടീം സ്‌കോര്‍ 300 കടത്തി.
Post Your Comments