തിരുവനന്തപുരം: വി ടി ബൽറാമിന് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫെയ്സ് ബുക്കിലെ ഒരു പരാമര്‍ശത്തിന്റെ പേരില്‍ തൃത്താല എംഎല്‍എ വിടി ബല്‍റാമിനെ അദ്ദേഹത്തിന്റെ മണ്ഡലത്തിൽ സിപിഎം തടയുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന് വേണ്ട സംരക്ഷണം നല്‍കാന്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ടാണ് ചെന്നിത്തലയുടെ കത്ത്.
ഭരണഘടനയുടെ അനുഛേദം 19(1)എ പൗരന് ഉറപ്പ് നല്‍കുന്ന സംസാര സ്വാതന്ത്ര്യവും 19(1)(ഡി) പ്രകാരമുള്ള സഞ്ചാര സ്വാതന്ത്ര്യവും തടയുന്നതിനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് സിപിഎമ്മിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. ഒരു നിയമസഭാ സാമാജികനെന്ന നിലയിലുള്ള ബല്‍റാമിന്റെ അവകാശത്തെ കയ്യൂക്ക് കൊണ്ട് തടയുന്നതിനാണ് സിപിഎം ശ്രമിക്കുന്നത്.
സ്വന്തം നിയോജക മണ്ഡലത്തിലെ പൊതു പരിപാടികളില്‍ പങ്കെടുക്കുന്നതിനും അവിടത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് അദ്ദേഹത്തിന് വേണ്ട സംരക്ഷണം നൽകണമെന്നും കത്തിൽ ചെന്നിത്തല ആവശ്യപ്പെട്ടു. ഭരണം കയ്യാളുന്ന കക്ഷി തന്നെ ഒരു ജനപ്രതിനിധിയെ തടയുകയും നിയമം കൈയ്യിലെടുക്കുകയും ചെയ്യുന്നത് നീതിന്യായ വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി.
Post Your Comments