കൊച്ചി: കേരളത്തിൽ ട്രെയിനുകൾ വൈകുന്നന്നതിന്റെ കാരണം വ്യക്തമാക്കി അന്വേഷണ റിപ്പോർട്ട്. തിരുവനന്തപുരം ഡിവിഷനിലെ ഒാപ്പറേറ്റിങ് വിഭാഗത്തിന്റെ കെടുകാര്യസ്ഥത മൂലമാണ് വൈകുന്നതെന്നാണ് അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ട്രെയിനുകൾ അനുവദിച്ച സമയത്തിലധികം സ്റ്റേഷനുകളിൽ നിർത്തുക, ക്രോസിങ് നിശ്ചയിക്കുന്നതിലെ പ്രശ്നങ്ങൾ എന്നിവ മൂലമാണു ട്രെയിനുകൾ വൈകുന്നതെന്നാണ് കണ്ടെത്തൽ. ട്രെയിനുകളിൽ യാത്ര ചെയ്തു റിപ്പോർട്ട് തയാറാക്കിയത് റെയിൽവേ ബോർഡ് നിർദേശ പ്രകാരം ദക്ഷിണ റെയിൽവെ ആസ്ഥാനത്തു നിന്നുള്ള ഉദ്യോഗസ്ഥരാണ്.
read more: യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; രാജ്യത്ത് പത്തിൽ നാലു ട്രെയിനുകൾ വൈകുന്നതായി റിപ്പോർട്ട്
ഒരു മിനിറ്റ് സ്റ്റോപ്പുള്ള ചെറിയ സ്റ്റേഷനിൽപോലും തിരുവനന്തപുരം ഡിവിഷനിൽ രണ്ടും മൂന്നും മിനിറ്റാണു ട്രെയിനുകൾ നിർത്തുന്നത്. ഇങ്ങനെ കൂടുതൽ സമയം നഷ്ടമാകുന്നതോടെ പിന്നിൽ വരുന്ന ട്രെയിനുകളുടെ സമയക്രമം തെറ്റുന്നു. വൈദ്യുതീകരിച്ച ഇരട്ടപ്പാതയുള്ള തിരുവനന്തപുരം– കൊല്ലം റൂട്ടിൽ വേണാട് എക്സ്പ്രസ് കഴിഞ്ഞമാസം ഒരു ദിവസംപോലും കൃത്യസമയത്തു കൊല്ലത്ത് എത്തിയിട്ടില്ല. മിക്ക ദിവസവും ശരാശരി അരമണിക്കൂറാണു വൈകുന്നത്.
read more: ഫെബ്രുവരി 17 വരെ ട്രെയിനുകൾ വൈകിയോടുമെന്ന് റെയിൽവേ അറിയിച്ചു
മാത്രമല്ല ട്രെയിനുകളുടെ ക്രോസിങ് മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന സ്റ്റേഷനുകളിൽ മാത്രമെ നടത്തൂവെന്ന അധികൃതരുടെ പിടിവാശിയും ട്രെയിനുകൾ കൂടുതൽ വൈകാൻ കാരണമാകുന്നു. എന്നാൽ ഓപറേറ്റിങ് വിഭാഗം ട്രെയിൻ വൈകുന്നതിന്റെ ഉത്തരവാദിത്തം എൻജീനിയറിങ് വിഭാഗത്തിന്റെ തലയിൽവച്ചു രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. പകൽ സ്ഥിരം യാത്രക്കാർ ഏറെ ആശ്രയിക്കുന്ന ട്രെയിനുകൾക്കു (കമ്യൂട്ടർ ട്രെയിൻ) മുൻഗണന നൽകണമെന്ന ദക്ഷിണ റെയിൽവേ ആസ്ഥാനത്തെ നിർദേശം തലതിരിഞ്ഞ രീതിയിലാണു ഡിവിഷനിൽ നടപ്പാക്കിയത്.
Post Your Comments