കൊച്ചി: ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കളുടെ സാമൂഹ്യവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തിനായി ആവിഷ്‌കരിച്ച റോഷ്ണി പദ്ധതിയുടെ ഉദ്ഘാടനം ജനുവരി ആറിന് പകല്‍ മൂന്നിന് ഏറ്റവും കൂടുതല്‍ അന്യ സംസ്ഥാന വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോതമംഗലം വിദ്യാഭ്യാസ ഉപജില്ലയിലെ പെരുമ്പാവൂര്‍ കണ്ടന്തറ ഗവ: യു.പി സ്‌കൂളില്‍ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് നിര്‍വഹിക്കും. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്തും വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന്, എസ്.എസ്.എ യുടെയും സന്നദ്ധസംഘടനകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിളളി അദ്ധ്യക്ഷം വഹിക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍ ആമുഖപ്രഭാഷണവും എസ്.എസ്.എ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ.എ.പി.കുട്ടികൃഷ്ണന്‍ മുഖ്യ പ്രഭാഷണവും നിര്‍വഹിക്കും.
ഇതരസംസ്ഥാന തൊഴിലാളികളുടെ രണ്ടായിരത്തോളം കുട്ടികള്‍ ജില്ലയിലെ 18 സ്‌കൂളുകളിലായി പഠിക്കുന്നുണ്ട്. ഇതരസംസ്ഥാനതൊഴിലാളികളുടെ ഇടയില്‍ നടന്ന പഠനങ്ങളിലും സര്‍വേകളിലും കുട്ടികളുടെ സ്‌കൂളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കിന്റെ നിരക്ക് വളരെയധികമാണെന്ന് കണ്ടെത്തിയിരുന്നു. കൊഴിഞ്ഞ്‌പോക്ക് തടയുകയും ശാസ്ത്രീയമാര്‍ഗങ്ങളിലൂടെ പാഠ്യ-പാഠേ്യതര വിഷയങ്ങളില്‍ കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുകയുമാണ് റോഷ്ണി പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം.
ഈ മാസം പകുതിയോടെ ജില്ലയിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ മക്കള്‍ ഏറ്റവും കൂടുതല്‍ പഠിക്കുന്ന നാല് സ്‌കൂളുകളില്‍ ഈ പദ്ധതി ആരംഭിക്കും. യൂണിയന്‍ എല്‍.പി സ്‌കൂള്‍ തൃക്കണാര്‍വട്ടം, ഗവ: എല്‍.പി സ്‌കൂള്‍ പൊന്നുരുന്നി, ഗവ:യു.പി. സ്‌കൂള്‍ കണ്ടന്തറ, ഗവ: ഹൈസ്‌കൂള്‍ ബിനാനിപുരം എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകള്‍. അടുത്ത അധ്യയന വര്‍ഷം മുതല്‍ പദ്ധതി ഇതരസംസ്ഥാന തൊഴിലാളികള്‍ പഠിക്കുന്ന മുഴുവന്‍ സ്‌കൂളുകളിലും ആരംഭിക്കുവാനാണ് ഉദ്ദേശിക്കുന്നത്. പദ്ധതിക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നത് പ്രമുഖ പൊതുമേഖലാ സ്ഥാപനമായ ബി.പി.സി.എല്‍ ആണ്.
ബംഗാളി, ഒറിയ, ഹിന്ദി ഭാഷകള്‍ കൈകാര്യം ചെയ്യുവാനറിയാവുന്ന സന്നദ്ധസേവകരെ കണ്ടെത്തി ഇവരുടെ സഹായത്തോടെ ഫലപ്രദമായി ഈ കുട്ടികള്‍ക്ക് കോഡ് സ്വിച്ചിങ് സമ്പ്രദായത്തിലൂടെ മലയാള ഭാഷയില്‍ പ്രാവീണ്യം നേടാന്‍ സഹായിക്കുക; സാധാരണ സ്‌കൂള്‍ പഠന സമയത്തിന് പുറമെ രാവിലെ ഒരു മണിക്കൂറെങ്കിലും കുട്ടികള്‍ക്ക് താല്പര്യമുളള മാധ്യമങ്ങളിലൂടെ ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുക; ലഘു പ്രഭാത ഭക്ഷണം നല്‍കുക; സമഗ്രമായ ബൗദ്ധിക ഉന്നമനത്തിനുതകുന്ന വര്‍ക്ക്‌ഷോപ്പുകള്‍, പഠനാനുഭവ യാത്രകള്‍ എന്നിവ സംഘടിപ്പിക്കുക എന്നിവയാണ് പദ്ധതിയിലൂടെ നടപ്പാക്കുന്ന പരിപാടികള്‍.
Post Your Comments