തിരുവനന്തപുരം•ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുമായി വിദ്യാര്‍ത്ഥി പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തിയിരുന്ന അനിശ്ചിതകാല സമരം അവസാനിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച എല്ലാ പ്രശ്‌നങ്ങളും ഉടന്‍ തന്നെ അനുഭാവപൂര്‍വം പരിഹരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഒരുതരത്തിലുള്ള ശിക്ഷാ നടപടികളും സ്വീകരിക്കില്ല. മുടങ്ങിപ്പോയ പരീക്ഷയെഴുതാന്‍ വീണ്ടും അവസരമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചത് പിന്‍വലിക്കുക, കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുക, ബോണ്ട് കാലാവധി കുറയ്ക്കുക, പ്രമോഷന്‍ ത്വരിതപ്പെടുത്തുക എന്നീ പ്രധാന കാര്യങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചത്.
സര്‍ക്കാര്‍ ആശുപത്രികളുടേയും മെഡിക്കല്‍ കോളേജുകളുടേയും സുഗമമായ നടത്തിപ്പിന് സര്‍ക്കാര്‍ സദുദ്ദേശപരമായി കൊണ്ടുവന്ന ഒന്നാണ് പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുക എന്നുള്ളത്. മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 60ല്‍ നിന്ന് 62ഉം ആരോഗ്യ മേഖലയില്‍ 56 ല്‍ നിന്നും 60 ആക്കിയുമാണ് ഉയര്‍ത്തുന്നത്. എന്നാല്‍ ഇതൊരുതരത്തിലും ജൂനിയര്‍ ഡോക്ടര്‍മാരേയോ പി.ജി. ഡോക്ടര്‍മാരേയോ ബാധിക്കില്ല. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം അവരുടെ അവസരം കൂട്ടാനാണ് ശ്രമിച്ചിട്ടുള്ളത്. 44 മെഡിക്കല്‍ കോളേജ് അധ്യാപകരാണ് ഈ അക്കാഡമിക് വര്‍ഷത്തോടെ വിരമിക്കാനിരിക്കുന്നത്. അതേസമയം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ മെഡിക്കല്‍ കോളേജുകളില്‍ മാത്രം 175 അധ്യാപക തസ്തികകളാണ് സൃഷ്ടിച്ചിട്ടുള്ളത്. ആ നിലയ്ക്ക് അവരുടെ അവസരം കുറയുന്നില്ല. നിലവിലുള്ള ഒഴിവുകള്‍ പരമാവധി നികത്തിയിട്ടുണ്ട്.
ആരോഗ്യ വിദ്യാഭ്യാസ വകുപ്പില്‍ റാങ്ക് ലിസ്റ്റ് നിലവിലുള്ള പല വിഭാഗങ്ങളിലും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല എന്നത് പരിശോധിച്ച് അടിയന്തിര നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു.
കാലതാമസം കൂടാതെ നിയമനങ്ങള്‍ നടത്താന്‍ പി.എസ്.സി.യോട് ആവശ്യപ്പെടും. ഇതുസംബന്ധിച്ച് പി.എസ്.സി.യുമായി ചര്‍ച്ച നടത്തും. ഇതോടൊപ്പം ഡോക്ടര്‍മാരുടെ പ്രമോഷന്‍ ഉള്‍പ്പെടെയുള്ളവ യഥാസമയം ചെയ്യുവാന്‍ നടപടികള്‍ സ്വീകരിക്കും. ആരോഗ്യ മേഖലയില്‍ ഈ സര്‍ക്കാര്‍ വന്ന ശേഷം 4700 തസ്തികകളാണ് പുതുതായി സൃഷ്ടിച്ചത്. ആര്‍ദ്രം പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി തസ്തികകളാണ് വിവിധ ആശുപത്രികളിലായി സൃഷ്ടിച്ചു വരുന്നത്. ഈ വര്‍ഷത്തിലുള്ളതിനേക്കാള്‍ ഇരട്ടി തസ്തികകള്‍ അടുത്ത വര്‍ഷം സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആര്‍ദ്രം ദൗത്യത്തിന്റെ ഭാഗമായി ദന്തല്‍ വിഭാഗത്തിലും തസ്തികകള്‍ സൃഷ്ടിക്കും. സീനിയര്‍ റെസിഡന്റ് തസ്തികകള്‍ കൂടുതലായി സൃഷ്ടിക്കും. പി.ജി. സീറ്റുകളും വര്‍ധിപ്പിക്കും. ആരോഗ്യ വകുപ്പില്‍ ആറു മാസത്തിനകം നിലവിലുള്ള ഒഴിവുകള്‍ നികത്തും.
ബോണ്ട് വ്യവസ്ഥ സംബന്ധമായി ഉന്നയിക്കപ്പെട്ട കാര്യങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഇതിന് വിദ്യാര്‍ത്ഥി പ്രതിനിധികളുടെ സഹകരണവും മന്ത്രി അഭ്യര്‍ത്ഥിച്ചു.
അടിസ്ഥാനപരമായ വിഷയങ്ങള്‍ ചര്‍ച്ചചെയ്ത് തീരുമാനിച്ചതിനെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചതെന്ന് വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പറഞ്ഞു. സമരം നീളുന്നത് രോഗികള്‍ക്കും ബുദ്ധിമുട്ടാണ്. അതിനാല്‍ തന്നെ സമരത്തില്‍ നിന്നും പിന്‍മാറുന്നുവെന്ന് അവര്‍ പറഞ്ഞു.
ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജീവ് സദാനന്ദന്‍, സമര സമിതി പ്രതിനിധികളായ ഡോ. രാഹുല്‍ യു.ആര്‍., ഡോ. മിഥുന്‍ മോഹന്‍, ഡോ. രോഹിത് കൃഷ്ണ, ഡോ. മുനീര്‍, ഡോ. ജിനേഷ്, ഡോ. അജിത്ത്, അഖില്‍ മോഹനന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Post Your Comments