തോമസ് ചെറിയാന്‍. കെ
പൗരന്‌റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുവാനും ജനസേവനം നടത്തുന്നതിലൂടെ അവര്‍ക്ക് സുഖവും ക്ഷേമവും ഉറപ്പു വരുത്തുന്നതുമാണ് ഒരു സര്‍ക്കാരിനു മേലുള്ള മുഖ്യ കര്‍ത്തവ്യം. സര്‍ക്കാരെന്നു പറയുമ്പോള്‍ ഭരിക്കുന്ന മന്ത്രിസഭ മാത്രമല്ല, സര്‍ക്കാര്‍ സ്ഥാപനങ്ങളും അതിലേ ഓരോ ഉദ്യോഗസ്ഥരും സേവനം ഉറപ്പു വരുത്താന്‍ ബാധ്യസ്ഥരാണ്. ഈ ഉത്തരവാദിത്വത്തെ അപ്പാടെ നശിപ്പിക്കുന്ന അനുഭവമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആരോഗ്യ കേരളം കണ്ടത്. തങ്ങളുടെ അവകാശങ്ങള്‍ നടപ്പിലാക്കണമെന്ന ആവശ്യമുന്നയിച്ച് ഡോക്ടര്‍മാരുടെ സംഘടന നടത്തിയ സമരം വലച്ചത് നൂറുകണക്കിന് രോഗികളെയാണ്. എന്നാല്‍ ഡോക്ടര്‍ സമരം തെറ്റാണെന്നോ തങ്ങള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ക്ക് സമരമുറ അവലംബിക്കരുതെന്നൊ ആര്‍ക്കും സമര്‍ഥിക്കാനുമാവില്ല.
പക്ഷേ നിരാശ്രയരായ ഒരു കൂട്ടം ജനങ്ങളുടെ ജീവന്‍ പണയം വച്ച് വേണമായിരുന്നോ എന്ന് മാത്രമാണ് ചോദ്യം. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഓരോ മേഖലയിലും തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങളും ജീവനക്കാരും സര്‍ക്കാരും തമ്മിലുണ്ടാകുന്ന തര്‍ക്കങ്ങളും പതിവു തന്നെ. പക്ഷേ ചികിത്സ പോലെ അടിയന്തര പ്രാധാന്യമുള്ള സര്‍ക്കാര്‍ സേവനത്തില്‍ മന്ദതയുണ്ടാകുന്നത് വളരേ ആശങ്കയുയര്‍ത്തുന്ന വസ്തുതയാണ്. കേരളത്തിലെ മിക്ക സര്‍ക്കാര്‍ ആശുപത്രികളിലും ഒപി കഴിഞ്ഞ ദിവസങ്ങളില്‍ പ്രവര്‍ത്തിച്ചില്ല. അതുമൂലം നൂറു കണക്കിനു രോഗികള്‍ പൊരിവെയിലത്ത് വലഞ്ഞത് നാം പത്രമാധ്യമങ്ങളിലൂടെ കണ്ടുകഴിഞ്ഞു.
കേരളത്തിലുള്ള ഭൂരിപക്ഷം ആളുകളും സാധാരണക്കാരായ ആളുകളാണ്. അതില്‍ ഇടത്തരം സാമ്പത്തികമുള്ളവരും ഏറെ പിന്നിലുള്ളവരുമാണ് ഭൂരിഭാഗവും. സര്‍ക്കാര്‍ ആശുപത്രികളെ മാത്രം ആശ്രയിക്കുന്ന അവര്‍ക്ക് സ്വകാര്യ ആശുപത്രികളുടെ കഴുത്തറപ്പിന് മുന്നില്‍ പിടിച്ചു നില്‍ക്കാനുള്ള ശേഷിയില്ല. സര്‍ക്കാരിനും വളരെയധികം വ്യക്തമായി അറിയുന്ന സംഗതിയാണിത്. എന്നാല്‍ ഇത്രയും വസ്തുത നന്നായി അറിയുന്ന സര്‍ക്കാര്‍, ഡോക്ടര്‍മാരുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പ്രാധാന്യം നല്‍കി ഉടന്‍ പരിഹാരം നടത്തുകയല്ലായിരുന്നോ വേണ്ടത് ?. ഇവിടെ ചികിത്സ വേണ്ടത് ആര്‍ക്കെന്നും ജനങ്ങളില്‍ വ്യക്തത വന്നു കഴിഞ്ഞു. . എന്തിനായിരുന്നു ഈ ആരോഗ്യ സമരം?. ഡോക്ടര്‍മാര്‍ മുന്നോട്ട് വച്ച ആവശ്യങ്ങളെന്ത്?. അതാണ് സര്‍ക്കാരും ജനങ്ങളും ശ്രദ്ധയേടെ കേള്‍ക്കേണ്ടത്.
സര്‍ക്കാര്‍ പ്രഖ്യാപിച്ച “ആര്‍ദ്രം” പദ്ധതിയുടെ ഭാഗമായി “കുടുബാരോഗ്യകേന്ദ്രങ്ങള്‍” എന്ന പേരില്‍ പ്രവര്‍ത്തമാരംഭിച്ച സാമൂഹ്യാരോഗ്യകേന്ദ്രങ്ങളില്‍ വൈകുന്നേരങ്ങളിലും ഒപി സേവനമുണ്ട്. എന്നാല്‍ ഈ ഒപികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കണമെന്നായിരുന്നു ഡോക്ടര്‍മാരുടെ സംഘടനയുടെ ആവശ്യം. കരാര്‍ അടിസ്ഥാനത്തിലെങ്കിലും തസ്തികകള്‍ സൃഷ്ടിക്കണമെന്നും ഇതുവഴി തങ്ങളുടെ അമിത ജോലിസമയം ചുരുക്കിയെടുക്കാന്‍ സര്‍ക്കാര്‍ സഹായിക്കണമെന്നുമായിരുന്നു അവരുടെ മുഖ്യ ആവശ്യം. ഇതിനായി കുറച്ച് തസ്തികകള്‍ സൃഷ്ടിച്ചിരുന്നു. കുറച്ചു പേരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കണമെന്ന നിര്‍ദ്ദേശവും സര്‍ക്കാര്‍ നല്‍കിയിരുന്നു. എന്നാല്‍ ഇത് പലയിടത്തും പാലിയ്ക്കപ്പെട്ടിട്ടില്ല. കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്ന നിര്‍ദ്ദേശത്തെ സര്‍ക്കാര്‍ ഗൗരമായി എടുത്തോ എന്നും ഇത്തരം ഘടകങ്ങള്‍ നമ്മേ ചിന്തിപ്പിക്കുന്നു.
മിക്ക സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ ചികിത്സാ കേന്ദ്രങ്ങളില്‍ വൈകുന്നേരം ഒപി സേവനമുണ്ട്. ഇഎസ്‌ഐ ഉള്‍പ്പടെയുള്ള ആശുപത്രികളിലും വൈകുന്നേരങ്ങളിലെ ഒപി സജീവം. നൂറുകണക്കിനു രോഗികളാണ് ഈ സമയത്ത് ഒപികളില്‍ നിറയുക. എന്നാല്‍ പാലക്കാട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യകേന്ദ്രത്തില്‍ ഒപി ഡ്യുട്ടിക്കെത്താന്‍ തയ്യാറാകാതിരുന്ന വനിതാ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തതു മുതല്‍ പ്രശ്‌നങ്ങള്‍ക്ക് ആക്കം കൂടി. ഇതാണ് ഡോക്ടറുമാരുടെ സംഘടനയായ കെ.ജി.എം.ഒയെ യാതൊരു മുന്നറിയിപ്പുമില്ലാതെ പണിമുടക്ക് പ്രഖ്യാപിക്കാന്‍ പ്രേരിപ്പിച്ചത്. ഡോക്ടര്‍മാര്‍ ചേര്‍ന്ന് ഒപി ബഹികരിക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്തത്. എന്നാല്‍ സര്‍ക്കാര്‍ ഉചിതമായ പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ കിടത്തിയുള്ള ചികിത്‌സയും ശസ്ത്രക്രിയയും വരെ ബഹിഷ്‌കരിക്കുമെന്ന ഭീഷണിയും സംഘടന മുഴക്കിയിട്ടുണ്ട്.
ഒരാളെ സസ്‌പെനന്‌റ് ചെയ്‌തെന്ന കാരണം മുന്നില്‍ കാണിച്ച് ഒരു ജനതയുടെ ജീവന്‍ വച്ച് പന്താടിയ ഈ പ്രവൃത്തിയെ ഒരിക്കലും ന്യായീകരിക്കുവാനും കഴിയുന്നതല്ല. ഏത് സേവന മേഖലയും മിന്നല്‍ വേഗത്തില്‍ പണിമുടക്കിയാല്‍ ജനജീവിതം സ്തംഭിക്കുമെന്ന് ഉറപ്പ്. എന്നാല്‍ ഇത് ആരോഗ്യമേഖലയാണെങ്കില്‍ സ്തംഭിക്കുന്നത് പൊതുജനത്തിന്‌റെ ജീവശ്വാസമാണെന്നത് വിഷയത്തിന്‌റെ തീവ്രത വര്‍ധിപ്പിക്കുന്നു. ആവശ്യങ്ങള്‍ വേണമെന്ന് വാദിക്കുന്ന ഡോക്ടര്‍മാര്‍ എത്ര ന്യായീകരിച്ചാലും ഇത്തരം പ്രവൃത്തികള്‍ക്ക് ഒരു ഭാഗത്തു നിന്നും അനുകൂലമായ അഭിപ്രായം ഉണ്ടാകില്ല. തങ്ങള്‍ പോരാടുന്ന അവകാശത്തെ വരെ നിസാരവത്കരിക്കാന്‍ പ്രാപ്തമാണത്.
ഇവിടെ വേണ്ടത് സമരമുറയെന്ന കടുംപിടുത്തമല്ല, പകരം അനുഭാവപൂര്‍ണവും ബുദ്ധിപരവുമായ പരിഹാരനീക്കങ്ങളാണ്. സര്‍ക്കാര്‍ തന്നെ അതിന് മുന്‍കൈയ്യെടുക്കാത്ത പക്ഷം ആരോഗ്യ മേഖലയിലെ ഇത്തരം താളം തെറ്റലിന് ശമനമുണ്ടാകില്ല. ഇത് പൊതു ജനത്തിന്‌റെ ജീവന്‍വച്ചുള്ള ചൂതാട്ടമായി ഇനിയെങ്കിലും മാറരുത്. ഡോക്ടര്‍മാരുടെ എണ്ണക്കുറവ് എന്നത് പരിഹരിക്കാന്‍ സര്‍ക്കാര്‍ “തയ്യാറായാല്‍” തീരുന്ന പ്രശ്‌ന മാത്രമായിരുന്നു പണിമുടക്കിന്‌റെ രൂപത്തില്‍ പൊതു ജനത്തിന് തിരിച്ചടിയായത്. രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ‘ഡോക്ടര്‍മാരുടെ എണ്ണത്തില്‍ വര്‍ധനവെന്തിന്’ എന്ന ചോദ്യത്തിന്‌റെ പ്രസക്തി മനസിലാക്കുവാന്‍ കൊച്ചു കുട്ടികള്‍ക്ക് വരെ സാധിക്കുമെന്ന കാര്യവും നാം വിസ്മരിക്കരുത്.
ചികിത്സ സംബധിച്ച സേവനങ്ങള്‍ കിട്ടാക്കനിയായ ആദിവാസി , വന, തീരദേശ മേഖലകളില്‍ കഴിയുന്നവര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതായിരുന്നു ആരോഗ്യ കേന്ദ്രങ്ങള്‍. എന്നാല്‍ അവയില്‍ ഒപി സേവനം കാര്യമായി പ്രവര്‍ത്തിച്ചില്ല എന്ന കാര്യവും നാം ഓര്‍ക്കണം. ചികിത്സയ്ക്കു പുറമേ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ അടക്കം കൈകാര്യ ചെയ്യേണ്ടി വരുന്ന ഡോക്ടര്‍മാരുടെ ജോലി ഭാരം നാം ഇവിടെ ഓര്‍ക്കണം. ഇവരുടെ ഈ കഷ്ടപ്പാടിനോട് കണ്ണടച്ചുള്ള സമീപനമാണോ സര്‍ക്കാരിനുള്ളത്. അഥവാ അല്ലെങ്കില്‍ എന്തുകൊണ്ട് ആവശ്യങ്ങള്‍ നടപ്പിലാക്കിക്കൊടുക്കാന്‍ സര്‍ക്കാര്‍ വിമുഖത കാണിക്കുന്നു. ഇത്തരം ഒരുപിടി ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും പരിഹാരമാര്‍ഗങ്ങള്‍ക്കൊപ്പം ജനാധിപത്യ രാജ്യമെന്ന നിലയ്ക്ക് സര്‍ക്കാര്‍ ജനങ്ങളോട് വിശദീകരിച്ചേ മതിയാകൂ.
ആരോഗ്യമേഖലയ്ക്ക് ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കുമെന്ന സര്‍ക്കാരിന്‌റെ തിരഞ്ഞെടുപ്പ് പ്രചരണത്തിലെ ഉറപ്പും നാം ഈ അവസരത്തില്‍ ഓര്‍ക്കണം. ഇത്തരമൊരു വിഷയത്തില്‍ പണിമുടക്കെന്ന കടുംപിടുത്തത്തിലേക്ക് ആവശ്യക്കാരെ എത്തിക്കാതിരിക്കാന്‍ സര്‍ക്കാരും ശ്രമിക്കണം. തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കുമ്പോഴും ഒരു ജീവനു പോലും ചികിത്സ നിഷേധിക്കില്ലെന്ന തങ്ങളുടെ പ്രതിജ്ഞാ വാക്യം ഡോക്ടര്‍മാരും വിസ്മരിക്കുവാന്‍ പാടില്ല. ‘ആരോഗ്യ കേരളമെന്നത്’ വാഗ്ദാന പട്ടികയിലെ വെറുമൊരു പദമായി അവശേഷിക്കാതെ സര്‍ക്കാര്‍ സേവന ചരിത്രത്തിലെ നാഴികല്ലായി തീര്‍ക്കുവാന്‍ സര്‍ക്കാരിനും കഴിയട്ടെ എന്ന പ്രാര്‍ഥിക്കുകയും ആശംസിക്കുകയും ചെയ്യാം.
Post Your Comments