പാക്കിസ്ഥാന് വീണ്ടും കനത്ത താക്കീത് നൽകിക്കൊണ്ട് ഇന്ത്യൻ സൈന്യം ഇന്നലെ (ഡിസംബർ 25 -26 ) രാത്രി അതിർത്തി കടന്നുചെന്ന് ആക്രമണം നടത്തി. സർജിക്കൽ സ്ട്രൈക്ക് എന്ന് പറയാമോ എന്നതറിയില്ല……. എന്നാൽ എല്ലാ അർഥത്തിലും അതൊരു സർജിക്കൽ സ്ട്രൈക്ക് തന്നെ. ഈ ഇന്ത്യൻ ആക്രമണത്തിൽ ആറ് പാക് സൈനികർ കൊല്ലപ്പെട്ടിട്ടുണ്ട് എന്നതാണ് പ്രാഥമിക വിവരം ; ഒരാളുടെ നില ഗുരുതരമാണ്. അതിലേറെപ്പേർ മരണമടയാനുള്ള സാധ്യത തള്ളിക്കളഞ്ഞുകൂടാ. വിശദാംശങ്ങൾ ഇനിയും അറിയേണ്ടിയിരിക്കുന്നു. പാക്കിസ്ഥാൻ നടത്തിവരുന്ന അതിർത്തി ലംഘനങ്ങൾക്കും ആക്രമണങ്ങൾക്കുമുള്ള ശക്തമായ താക്കീതാണ് , മുന്നറിയിപ്പാണിത് എന്ന് ഇതെന്ന് വ്യക്തം. കഴിഞ്ഞദിവസം, ഡിസംബർ 23 ന് , അതിർത്തി നിയന്ത്രണ രേഖ ലംഘിച്ച പാക് സൈനികർ ഒരു ഇന്ത്യൻ ആർമി മേജർ അടക്കം നാലുപേരെ വധിച്ചിരുന്നു. ജമ്മു കശ്മീരിലെ രജൗരി മേഖലയിലായിരുന്നു അത്. അതിനുള്ള മറുപടിയാണ് ഇന്നലെ ഇന്ത്യൻ സൈന്യം നൽകിയത്യു എന്നാണ് കരുതപ്പെടുന്നത്. യു പിഎ സർക്കാരിന്റെ കാലത്തേതുപോലെ അതിർത്തി കടന്നുള്ള ആക്രമണങ്ങളോട് നിസംഗതയോടെ നോക്കിനിൽക്കാൻ തയ്യാറല്ല എന്ന വ്യക്തമായ സന്ദേശം മുൻപ് 2016 സെപ്റ്റംബറിൽ ഇന്ത്യൻ സൈന്യം നൽകിയിരുന്നു. അതിനു് പിന്നാലെയാണ് ഇപ്പോഴത്തെ ആക്രമണം.
കഴിഞ്ഞ കുറേക്കാലമായി ജമ്മു കാശ്മീരിലടക്കം ഭീകര പ്രവർത്തനങ്ങൾ കുറഞ്ഞുവരികയാണ് എന്നത് എല്ലാവരും സമ്മതിക്കുന്നു. പ്രൊ -ആക്റ്റീവ് നിലപാടുകൾ സ്വീകരിക്കാൻ സൈന്യത്തിനും മറ്റ് സുരക്ഷാ ഏജൻസികൾക്കും അനുമതി നൽകിയതും നരേന്ദ്ര മോഡി സർക്കാരിന്റെ സമീപനങ്ങളിലെ പ്രത്യേകതയാണ്. ഭീകരതയോട് ഒരുതരത്തിലുമുള്ള സന്ധിയും ചെയ്യേണ്ടതില്ല എന്നതാണ് ഈ സർക്കാരിന്റെ നിലപാട്. കാശ്മീരിൽ കോമ്പിങ് ഓപ്പറേഷൻ ശക്തമാക്കിയ സൈന്യം ഭീകരരെ കണ്ടെത്തുകമാത്രമല്ല ശക്തമായി നേരിടുകയുംചെയ്യുന്നു. അതാണ് ഇപ്പോൾ വലിയ പ്രശ്നങ്ങൾ ഉണ്ടാവാത്തതിന് കാരണം. ഇന്നലെയും ജെയ്ഷ് ഈ മുഹമ്മദിന്റെ ഒരു പ്രധാനി കാശ്മീരിൽ കൊല്ലപ്പെട്ടിട്ടുണ്ട്; സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ. പക്ഷെ, അതിർത്തിയിൽ പാക് സൈന്യം ചിലവേളകളിൽ പ്രകോപനം നടത്താൻ ഇപ്പോഴും തയ്യാറാവുന്നുണ്ട്. അതാണ് കഴിഞ്ഞദിവസം രജൗരി മേഖലയിൽ കണ്ടത്. പാകിസ്താനിലെ ഭീകര ക്യാമ്പുകളിൽ തമ്പടിക്കുന്ന ഭീകരരെ ഇവിടേക്ക് അയക്കാനുള്ള പദ്ധതിയുടെ ഭാഗമാണോ ഈ ആക്രമണങ്ങൾ എന്നതും ഇന്ത്യ നിരീക്ഷിക്കുന്നുണ്ട്. അതൊക്കെ അതിന്റെ വഴിയേ നടക്കുമ്പോൾ തന്നെ നമ്മുടെ ധീര സൈനികർക്കെതിരായ പാക് നടപടിക്ക് പ്രതികാരം ചെയ്യാൻ സൈനികരെ അനുവദിക്കുന്നു, അവരത് ചെയ്യുന്നു എന്നതാണ് ശ്രദ്ധിക്കേണ്ടുന്ന കാര്യം. സൈനികരുടെ ആത്മധൈര്യം നിലനിർത്താൻ സൈന്യത്തിനൊപ്പം ഭരണകൂടവുമുണ്ട് എന്ന സന്ദേശമാണ് നരേന്ദ്ര മോഡി സർക്കാർ നൽകുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇന്നലെ രാത്രി നടന്ന അതിർത്തി കടന്നുള്ള ആക്രമണം.
ഇതിനുമുൻപും അത്തരത്തിൽ ചില ആക്രമണങ്ങൾക്ക് ഇന്ത്യ തയ്യാറായിട്ടുണ്ട്. മ്യാന്മാർ അതിർത്തിയിൽ നടന്ന ആക്രമണം ഓർത്തുനോക്കൂ. 2015 ജൂൺ 10 ന് രാത്രിയിലായിരുന്നു അത്. ജൂൺ നാലിന് ഇന്ത്യൻ സൈന്യത്തിന്റെ ഒരു കോൺവോയ് ആക്രമിക്കപ്പെട്ടിരുന്നു. എൻഎസ്‌സിഎൻ -കെ കലാപകാരികളാണ് അതിനുപിന്നിലെന്ന് വ്യക്തമായി; നാഗ കലാപകാരികൾ. അവർ മ്യാന്മാർ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. അതോടെ എൻഎസ്‌സിഎൻ -കെ കലാപകാരികളുടെ താവളത്തിന് നേരെ തോക്ക് ചൂണ്ടാൻ ഇന്ത്യൻ സൈന്യത്തിന് സർക്കാർ അനുമതി നൽകി. അത് ഇന്ത്യൻ സേന ഭംഗിയായി നിർവഹിച്ചു. ആ ആക്രമണത്തെക്കുറിച്ച് രണ്ട് വ്യത്യസ്ത സൂചനകൾ കേട്ടിട്ടുണ്ട് ; ഒന്ന് ഇന്ത്യ മ്യാന്മറിൽ എത്തി ആക്രമിക്കുകയായിരുന്നു എന്നും അല്ല ഇന്ത്യൻ അതിർത്തി കടക്കാതെതന്നെയായിരുന്നു ആ ആക്രമണം എന്നും. രണ്ടായാലും അക്കാര്യത്തിൽ മ്യാന്മാർ ഭരണകൂടത്തിന് അഭിപ്രായ ഭിന്നതയില്ലായിരുന്നു. അവരും ഇക്കാര്യത്തിൽ ഇന്ത്യൻ സർക്കാരിനൊപ്പം നിലകൊണ്ടു. അന്ന് ഒരുഭീകര ക്യാമ്പ് (ഒന്നിലേറെയെന്നും പറയുന്നവരുണ്ട്) അപ്പാടെ തകർത്തുവെന്നാണ് വാർത്ത; അനവധി തീവ്രവാദികൾ കൊല്ലപ്പെട്ടു; വൻതോതിലുള്ള ആയുധശേഖരവും നശിപ്പിക്കപ്പെട്ടു. മ്യാന്മാർ അതിർത്തിയിൽ ഈ വര്ഷം വീണ്ടും എൻഎസ്‌സിഎൻ -കെ കലാപകാരികളെ ഇന്ത്യൻ സേന ആക്രമിച്ചിരുന്നു. അന്നും അവർക്ക് വലിയ നാശനഷ്ടമാണ് ഉണ്ടായത്.
ഇവിടെ രണ്ട് കാര്യങ്ങളാണ് വിലയിരുത്തപ്പെടേണ്ടത്. ഞാൻ നേരത്തെ സൂചിപ്പിച്ചു, മോഡി സർക്കാരിന്റേത് ഭീകരതയോട് ഒരു സന്ധിയുമില്ലാത്ത നിലപാടാണ് എന്നത്. അത് മോഡി സർക്കാരിന്റെ ആദ്യദിനം മുതൽ വ്യക്തമായതാണ്. ഭീകരതയോട് മാത്രമല്ല ഭീകര പ്രസ്ഥാനങ്ങൾക്ക് താങ്ങും തണലുമാവുന്നവർക്കും സ്വസ്ഥമായി കഴിയാനാവാത്ത അവസ്ഥ ഇന്നിപ്പോൾ രാജ്യത്തുണ്ട്. ജമ്മു കശ്മീരിലെ ഹുറിയത് നേതാക്കൾ ഇന്ന് അനുഭവിക്കുന്ന പ്രയാസങ്ങൾ കാണാമല്ലോ. പാക് അനുകൂല നിലപാടെടുക്കുന്ന മറ്റ് പല രാഷ്ട്രീയ-സാമൂഹ്യ നേതാക്കളും ഇന്നിപ്പോൾ അന്വേഷണഏജൻസികളുടെ വിരൽത്തുമ്പിലാണ്. വിദേശത്തുനിന്ന് , പ്രത്യേകിച്ച് പാക്കിസ്ഥാനിൽ നിന്ന്, പണം കൊണ്ടുവന്നാണ് പലരും ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. നോട്ട് റദ്ദാക്കൽ വന്നതോടെ ജമ്മു കാശ്മീരിൽ സൈനികർക്കും പോലീസിനും മറ്റുമെതിരെ നടന്നിരുന്ന കല്ലേറ് ഏതാണ്ടൊക്കെ നിലച്ചതോർക്കുക. പലർക്കും ഭീകരരുടെ സഹായം കിട്ടാതായി എന്നതും ഏറെക്കുറെ വ്യക്തമാണ്. അതിന്റെ അസ്വസ്ഥത പലമേഖലകളിലും ഇന്നിപ്പോൾ കാണാനുണ്ട്……….. ഇന്ത്യയിലും പാക്കിസ്ഥാനിലും. പാക്കിസ്ഥാന്റെ മുൻ ഭരണാധികാരികളും മറ്റും ഇന്ത്യയിലെത്തുകയും ഇവിടത്തെ രാഷ്ട്രീയ നേതാക്കളുമായി രഹസ്യമായും പരസ്യമായും ചർച്ചകൾ നടത്തുകയും ചെയ്തത് ഇതിനകം വാർത്തയായല്ലോ. ആ അസ്വസ്ഥത പാക്കിസ്ഥാനിലും ഉയരുന്നുണ്ട് എന്ന് വ്യക്തം…………. അതാണ് പലപ്പോഴും അതിർത്തി ലംഘനത്തിനും ആക്രമണത്തിനും പാക് സേനയെ പ്രകോപിപ്പിക്കുന്നത് എന്നുവേണം കരുതാൻ.
മുൻ വർഷങ്ങളെ അപേക്ഷിച്ച് 2017- ൽ അതിർത്തിനിയന്ത്രണ രേഖയിലെ പാക് ലംഘനങ്ങൾ, വെടിവെപ്പുകൾ എന്നിവ കൂടുതലാണ്. ഈ വർഷം ഡിസംബർ 10 വരെ പാക്കിസ്ഥാന്റെ വക 771 അതിർത്തി ലംഘനങ്ങൾ അതിർത്തി നിയന്ത്രണ രേഖയിലുണ്ടായി എന്നതാണ് സർക്കാർ കണക്ക്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഏതാണ്ട് മൂന്നിരട്ടിയാണിത്. 2016ൽ അത് 228 ആയിരുന്നു; 2015ൽ 152, 2014 ൽ 153 എന്നിങ്ങനെയാണ് അതിന്റെ കണക്ക്. ഇത് അതിർത്തി നിയന്ത്രണ രേഖയിലാണ്.; എൽഒസിയിൽ. അതായത് ജമ്മുകശ്മീരിൽ എന്ന് വേണമെങ്കിൽ പറയാം. എന്നാൽ പാക്കിസ്ഥാനുമായുള്ള അന്താരാഷ്ട്ര അതിർത്തിയിൽ ഇക്കഴിഞ്ഞ വർഷം അതിർത്തി ലംഘനങ്ങൾ കുറഞ്ഞിട്ടുണ്ട്. 2017 ൽ അത് 110 ആണ് , ഡിസംബർ പത്ത് വരെയുള്ള കണക്കാണിത് . എന്നാൽ 2016ൽ 221, 2015ൽ 253, 2014ൽ 430 എന്നിങ്ങനെയാണ് അതിന്റെ എണ്ണം. ഇന്ത്യയും പാക്കിസ്ഥാനും ഇടക്ക് 3,323 കിലോമീറ്റർ ദൂരത്തിൽ അതിർത്തിപങ്കിടുന്നുണ്ട് ; റാഡ് ക്ലിഫ് ലൈൻ. അതിൽ അന്താരാഷ്ട അതിർത്തി 221 കിലോമീറ്റർ ആണ്. എൽഒസി 740 കിലോമീറ്ററും.
2013 ൽ മൻമോഹൻ സിങ് സർക്കാരിന്റെ കാലത്താണ് പാക് സൈന്യം കടന്നുകയറിവന്ന് ഇന്ത്യൻ ജവാന്മാരെ കഴുത്തറത്ത് വധിച്ചത്. അത്രമാത്രം ക്രൂരമായിരുന്നു പാക് സേനയുടെ നടപടി. നിഷ്ടൂരം എന്നൊക്കെ വിശേഷിപ്പിക്കപ്പെടെണ്ടുന്ന നടപടിയായിപ്പോയി അത്. എകെ ആന്റണിയായിരുന്നു അക്കാലത്ത് പ്രതിരോധമന്ത്രി. അതിന് പ്രതികാരം ചെയ്യണം എന്നും ആവശ്യമെങ്കിൽ ‘സർജിക്കൽ സ്ട്രൈക്ക് ‘ നടത്തണം എന്നുമോക്കെ നമ്മുടെ സൈന്യം അന്ന് നിർദ്ദേശിച്ചതാണ്. അതിനായി അവർ സർക്കാരിന്റെ അനുമതിതേടി. അത്തരമൊരു നടപടിക്ക് വ്യോമസേന തയ്യാറുമായിരുന്നു. അതിന്റെ വിശദാംശങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. പക്ഷെ, പാക് സൈന്യം ഇത്ര ക്രൂരമായി നമ്മുടെ ധീര സൈനികരുടെ കഴുത്തറത്തിട്ടും ശക്തമായി പ്രതികരിക്കാൻ മൻമോഹൻ സിങ് – ആന്റണി പ്രഭൃതികൾക്ക് കഴിഞ്ഞില്ല. അതൊന്നും വേണ്ടെന്ന് തീരുമാനിക്കുകയാണ് അന്നത്തെ യുപിഎ സർക്കാർ ചെയ്തത്. ഇവിടെയാണ് നരേന്ദ്ര മോഡി സർക്കാർ വ്യത്യസ്തമാവുന്നത്.
മ്യാൻമറിലെ എൻഎസ്‌സിഎൻ -കെ കലാപകാരികൾ ഇന്ന് പാഠം പഠിച്ചു; ഇന്ത്യൻ സേനയെ ആക്രമിക്കാൻ അവർക്കിന്ന് ഭയമുണ്ട്. ഇത്തരമൊരു സ്ഥിതി മണിപ്പൂരിലും വടക്ക് കിഴക്കൻ മേഖലയിലുമുണ്ടാവാൻ എത്രയോ വർഷങ്ങൾ വേണ്ടിവന്നു. മുൻകാലങ്ങളിൽ പാക് സേന ചെയ്തതുപോലെ പലതും അവർ ഇന്ത്യൻ സുരക്ഷാ സേനക്കെതിരെ നടത്തിയതാണ്, പലവട്ടം. പക്ഷെ തിരിച്ചടിച്ചില്ല. ഈ വർഷവും അതെ രീതിയിൽ മറ്റൊരാക്രമണം ഇന്ത്യൻ സേന എൻഎസ്‌സിഎൻ -കെ കലാപകാരികൾക്കെതിരെ നടത്തിയതും ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതുണ്ട്.
2016 ലാണ് ഇന്ത്യൻ സൈന്യം പാക്കിസ്ഥാനിൽ സർജിക്കൽ സ്ട്രൈക്ക് നടത്തിയത്, സെപ്തംബര് 26 – 27 രാത്രിയിൽ. അതിനു പ്രകോപനമായത് ഉറി ക്യാമ്പിൽ ലഷ്‌ക്കർ ഭീകരർ നടത്തിയ ആക്രമണമാണ്. 19 സൈനികരാണ് അന്ന് വീരമൃത്യു വരിച്ചത്. അത്തരമൊരു നീക്കം നടത്താൻ ഭീകർക്ക് കഴിഞ്ഞത് അവിടത്തെ സൈന്യത്തിന്റെകൂടി സഹായത്തോടെയാണ് എന്നതിൽ സംശയമില്ലായിരുന്നു. അതോട് ശക്തമായി പ്രതികരിക്കണം എന്നതായിരുന്നു സൈന്യത്തിന്റെ നിലപാട്. മുൻപ് യുപിഎ സർക്കാരിന്റെ കാലത്തേ നിലപാടുതന്നെ. ഇത്തവണ മോഡി സർക്കാർ സൈന്യത്തിനൊപ്പം നിൽക്കാൻ തീരുമാനിക്കുകയായിരുന്നു. അന്നത്തെ സൈനികമേധാവി ജന. ദൽബീർ സിംഗ് ആ ദൗത്യം ഏറ്റെടുത്തു. അങ്ങിനെയാണ് പാരാ -കമാൻഡോസ് രണ്ട് സംഘങ്ങളായി പാക്കിസ്ഥാനിലേക്ക് എത്തുന്നത്. ധീരോദാത്തമായ ഒരു നീക്കമായിരുന്നു അത് എന്നതിൽ സംശയമില്ല. പാകിസ്ഥാനിൽ ചെന്ന് അവിടത്തെ പാക് ഭീകര-സൈനിക ക്യാമ്പുകൾ ആക്രമിക്കുക, വലിയ നാശനഷ്ടം ഉണ്ടാക്കുക……. അതിലേറെ പ്രധാനം, ഇന്ത്യൻ സൈനികർ പരിക്കുപോലുമേൽക്കാതെ തിരിച്ചെത്തണം. കുറെയേറെ ഹെലികോപ്റ്ററുകൾ, നാലു മണിക്കൂർ…… രാജ്യം അറിഞ്ഞതേയില്ല. പാക് ഭീകരരുടെ ഏഴ് ലോഞ്ച് പാഡുകൾ, ഭീകര കേന്ദ്രങ്ങൾ, തകർത്തു. 38 ഭീകരർ, രണ്ടോ അതിലേറെയോ പാക് സൈനികർ, ഭീകരരുടെ ഗൈഡുമാരായ എട്ട് പേർ ….. അത്രവലിയ നാശനഷ്ടമാണ് പാകിസ്താനുണ്ടായത്. പുറത്തുപറയാൻ കഴിയാത്ത അവസ്ഥയിലായി ഇസ്ലാമാബാദും പാക് സൈന്യവും. ഇന്ത്യ ആക്രമിച്ചത് ഭീകര ക്യാമ്പുകളായതിനാൽ വായടഞ്ഞും പോയി. ആദ്യമൊക്കെ അങ്ങിനെയൊന്നുണ്ടായില്ല എന്നതായിരുന്നു പാക്കിസ്ഥാന്റെ വിശദീകരണം. പക്ഷെ അവസാനം ഇന്ത്യൻ സൈന്യം തെളിവ് നിര ത്തിയപ്പോൾ സമ്മതിക്കേണ്ടിവന്നു.
പാക്കിസ്ഥാൻ സ്വീകരിച്ച അതെ നിലപാടാണ് അന്ന് ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികൾ കൈകൊണ്ടത് എന്നതും എടുത്തുപറയേണ്ടതുണ്ട്. പാക്കിസ്ഥാന്റെ മനോഭാവത്തിലാണ് ഇന്ത്യയിലെ പ്രതിപക്ഷം പ്രതികരിച്ചത് എന്നർത്ഥം. സൈന്യം അതിർത്തികടന്ന് ആക്രമിക്കുമ്പോൾ സ്വാഭാവികമായും ഇന്ത്യക്കാർ അഭിമാനിക്കും, പ്രത്യേകിച്ചും അത് പാക്കിസ്ഥാന് എതിരെയാവുമ്പോൾ. അതുപോലും നമ്മുടെ പല പ്രതിപക്ഷ കക്ഷി നേതാക്കളും അന്ന് തിരിച്ചറിഞ്ഞില്ല; പകരം തരംതാണ നരേന്ദ്ര മോഡി വിരുദ്ധ- ബിജെപി വിരുദ്ധ രാഷ്ട്രീയത്തിലേക്ക് അവർ എത്തിപ്പെടുകയായിരുന്നു. ഇവിടെ നാം ശ്രദ്ധിക്കേണ്ടത്, ഈ സർജിക്കൽ സ്ട്രൈക്ക് പോലും ഫിലിമിൽ പകർത്താൻ നമ്മുടെ ധീര സൈനികർ തയ്യാറായി എന്നതാണ്. പ്രതിപക്ഷത്തെ കണക്കിലെടുത്താനോ അതോ പാകിസ്താനെ ബോധ്യപ്പെടുത്താനാണോ അതെന്നതേ സംശയമുണ്ടായിരുന്നുള്ളൂ. അവസാനം നാം തിരിച്ചറിഞ്ഞത്, പാകിസ്താനെക്കാൾ സംശയവും ആശങ്കയും ഇന്ത്യയിലെ പ്രതിപക്ഷത്തിനായിരുന്നു എന്നതാണല്ലോ . ഇന്നിപ്പോൾ ഇന്നലെ രാത്രി നടന്ന ഈ ആക്രമണത്തെക്കുറിച്ച് പ്രതിപക്ഷം എന്താണ് പറയുക എന്നത് വ്യക്തമല്ല. ഇനിയും പലരുടെയും പ്രതികരണം അറിയാനായിട്ടില്ല. രജൗരിയിൽ നാല് ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചതെങ്കിൽ ആറ് പാക് സൈനികരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. തീർച്ചയായും കനത്ത തിരിച്ചടിതന്നെയാണ് പാക്കിസ്ഥാന് കിട്ടിയത്. 2016 ൽ അതിർത്തികടന്ന ഇന്ത്യൻ സൈന്യം ഭീകര ക്യാമ്പുകളാണ് ലക്ഷ്യമിട്ടതെങ്കിൽ ഇന്നലെ അവർ ചെന്നത് പാക് സൈന്യത്തിന് നേരെയാണ് എന്നത് പ്രധാനമാണല്ലോ. അതൊക്കെ ഇന്ത്യയിലെ പ്രതിപക്ഷ നേതാക്കൾ എങ്ങിനെ കാണും എന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്.
Post Your Comments