ന്യൂഡല്‍ഹി: പാക് അതിര്‍ത്തി കടന്ന് വീണ്ടും സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ഇന്ത്യ രംഗത്ത് എത്തി. അതിര്‍ത്തി കടന്ന് ഭീകര ക്യാമ്പുകള്‍ തകര്‍ക്കുന്നതിനായി വീണ്ടും സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ കരസേനയും പ്രതിരോധ മന്ത്രാലയവും നിഷേധിച്ചു. അതേസമയം, ജമ്മു കശ്മീരിലെ ബാലാകോട്ട് സെക്ടറില്‍ നിയന്ത്രണ രേഖയ്ക്കു സമീപം ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറാനുള്ള പാക് ഭീകരരുടെ ശ്രമം തടഞ്ഞതായും സൈന്യം സ്ഥിരീകരിച്ചു. എന്നാല്‍, ഇത് സര്‍ജിക്കല്‍ സ്‌ട്രൈക്ക് അല്ലെന്ന് സൈന്യം വ്യക്തമാക്കി.
രണ്ടു ഭീകരര്‍ തിങ്കളാഴ്ച രാവിലെ നിയന്ത്രണ രേഖ കടക്കാന്‍ ശ്രമം നടത്തുന്നതായി സൈന്യത്തിനു വിവരം ലഭിച്ചിരുന്നതായി പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. പ്രതികൂല കാലാവസ്ഥയും മൂടല്‍മഞ്ഞും മറയാക്കി ബാലാകോട്ട് സെക്ടറിലെ ഹാമിര്‍പൂര്‍ പ്രദേശം വഴി ഇന്ത്യയിലേയ്ക്ക് കടക്കാനായിരുന്നു ഇവരുടെ നീക്കം. ഇതു തടഞ്ഞതായാണ് വിശദീകരണം.
പാക് അധിനിവേശ കശ്മീരില്‍ ഇന്ത്യന്‍ സൈന്യം ഒരിക്കല്‍ക്കൂടി സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതായി ഒരു ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ 7-8 ഭീകരര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഈ മിഷനില്‍ പങ്കെടുത്ത ഇന്ത്യന്‍ സൈനികര്‍ യാതൊരു കുഴപ്പവും കൂടാതെ തിരിച്ചെത്തിയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
Post Your Comments