ഡൽഹി: കേന്ദ്ര സർക്കാരിനെതിരെ വെല്ലുവിളിയുമായി എഐഎംഐഎം തലവൻ അസദുദ്ദീന്‍ ഒവൈസി. തെലങ്കാനയില്‍ ഓൾഡ് സിറ്റിയില്‍ സർജിക്കല്‍ സ്‌ട്രൈക്ക് നടത്തുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബന്ദി സഞ്ജയിന്റെ പ്രസ്താവനക്കെതിരെയാണ് അസദുദ്ദീന്‍ ഒവൈസി രംഗത്ത് വന്നത്.
ഹൈദരാബാദ് മുന്‍സിപ്പല്‍ ഇലക്ഷനില്‍ ഒവൈസി രോഹിങ്ക്യന്‍, പാകിസ്ഥാൻ, അഫ്ഗാൻ വോട്ടര്‍മാരുടെ സഹായത്തോടെ വിജയിക്കാന്‍ ശ്രമിച്ചുവെന്നതായിരുന്നു ബന്ദി സഞ്ജയിന്റെ പ്രസ്താവന. തെലങ്കാനയിലെ പഴയ നഗരത്തില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുമെന്നും ഗ്രേറ്റര്‍ ഹൈദരാബാദ് മുൻസിപ്പല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബന്ദി സഞ്ജയ പറഞ്ഞിരുന്നു. ഈ പ്രസ്താവനക്കെതിരെയാണ് ഒവൈസി രംഗത്തെത്തിയത്.
‘ചൈനയില്‍ സര്‍ജിക്കൽ സ്‌ട്രൈക്ക് നടത്താന്‍ കേന്ദ്രസർക്കാരിന് ധൈര്യമുണ്ടോ. പഴയ നഗരത്തില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുമെന്ന് അവര്‍ പറയുന്നു. നിങ്ങൾക്ക് ധൈര്യമുണ്ടെങ്കില്‍ ചൈനയില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തൂ’ ഒവൈസി ചോദിച്ചു.
എഐഎംഐഎം തലവനും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര രാവുവും തമ്മില്‍ അന്തര്‍ധാര സജീവമാണെന്ന അമിത് ഷായുടെ പരാമർശത്തിനും ഒവൈസിമറുപടി നൽകി. താന്‍ അങ്ങനെ നിയന്ത്രിക്കുന്നുണ്ടെങ്കില്‍ തന്നെ അമിത് ഷാ എന്തിന് വേദനിക്കണമെന്ന് ഒവൈസി ചോദിച്ചു.
Post Your Comments