ആഘോഷങ്ങള്‍ എല്ലാ വിഭാഗം ജനങ്ങളുടെയും നിത്യ ജീവിതത്തിന്റെ ഭാഗമാണ്. ഏത് ആഘോഷങ്ങളുമാകട്ടെ വിഭവസമൃദ്ധമായ ഭക്ഷണം അതിൽ അനിവാര്യ ഘടകമാണ്. ലോകമെമ്പാടും അംഗീകരിച്ചിട്ടുള്ള ഈ സാമാന്യ തത്വം ഏറ്റക്കുറച്ചിലുകളോടെ നമ്മുടെ നാടും പിന്തുടര്‍ന്നു പോരുന്നു. ക്രിസ്തുമസ്, ഓണം, റംസാന്‍ തുടങ്ങിയ ആഘോഷങ്ങളില്‍ വിഭിന്നങ്ങളായ വിഭവങ്ങളുടെ സമൃദ്ധി നമ്മുക്ക് അനുഭവിക്കാന്‍ കഴിയുന്നുണ്ട്. ക്രൈസ്തവരെ സംബന്ധിച്ചു ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ആഘോഷമാണ് ക്രിസ്തുമസ്. തൊട്ടുമുമ്പുള്ള ഇരുപത്തിയഞ്ച് ദിവസത്തെ നോമ്പാചരണത്തിന്റെ പരിസമാപ്തി കുറിച്ച് സമൃദ്ധമായ ഭക്ഷണം എല്ലാ ക്രൈസ്തവ ഭവനങ്ങളിലും തയാറാക്കിവരുന്നു. പരമ്പരാഗതവും നവീനവുമായ ഒട്ടേറെ വിഭവങ്ങള്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടുന്നു. അത്തരം ചില വിഭവങ്ങളെ നമുക്കിവിടെ പരിചയപ്പെടാം.
മണിപ്പുട്ട്
തേങ്ങയുടെയും അരിപ്പൊടിയുടെയും കൃത്യ അളവിലുള ചേര്‍ച്ച ഈ വിഭവത്തെ സ്വാദിഷ്ടമാകുന്നു. പൂട്ടിന്റെ രൂപത്തില്‍ ഉണ്ടാകുന്ന ഇടിയപ്പത്തെയാണ് മണിപ്പുട്ട് എന്നു വിളിക്കുന്നത്. രണ്ട് ചേരുവകളാണ് ഈ വിഭവത്തിന്നുള്ളത്. തേങ്ങയും പഞ്ചസാരയും നെയ്യും ചേര്‍ന്ന മിശ്രിതവും പിന്നെ ഇടിയപ്പത്തിന് കുഴച്ച പൊടിയും (ഇടിയപ്പത്തിന് കുഴച്ച പൊടി ഇടിയപ്പ അച്ച് ഉപയോഗിച്ചാണ് പുട്ടുകുറ്റിയിലേക്ക് പകരുന്നത്) . പുട്ട് ഉണ്ടാക്കുമ്പോലെ ഇവ ഇടകലര്‍ത്തി ആവിയില്‍ വെച്ച് പാകപ്പെടുത്തിയെടുക്കുന്നു. മുട്ട റോസ്റ്റ്, ബീഫ് ചാപ്‌സ് തുടങ്ങിയവയ്‌ക്കൊപ്പം കഴിക്കാം
ചെമ്മീൻ വട
രുചികരമായ ഒരു പലഹാരമാണിത്. അരകല്ലില്‍ ചതച്ചെടുത്ത ചെറിയ ചെമ്മീന്‍ (തോട് പൊളിച്ചത്) , ഉപ്പ്, മസാല, കുരുമുളക് പൊടി എന്നിവ ചേര്‍ത്തു കുഴച്ചു എടുക്കുന്നു. കൈവെള്ളയില്‍ വെച്ച് ചെറിയ പരിപ്പുവടയുടെ ആകൃതിയില്‍ വറത്തെടുകുന്ന ഈ വിഭവം ചോറിനോടോപ്പമോ പലഹാരമായോ കഴിക്കാന്‍ നല്ലതാണ്.
കള്ളപ്പം + ആട് സ്റ്റൂ
അപ്പം ഉണ്ടാക്കുന്ന മാവ് പുളിപ്പിക്കാന്‍ പണ്ട് ഉപയോഗിച്ചിരുന്നത് കള്ളാണ്. അങ്ങനെയാണ് കള്ളപ്പം എന്ന പേര് വന്നത്. ഇപ്പോള്‍ കള്ളിനു പകരം ‘ഈസ്റ്റ്’ ആണ് മാവ് പുളിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. കള്ളപ്പത്തെ പാലപ്പത്തില്‍ നിന്നും വ്യത്യസ്തമാക്കുന്നത് മൂന്ന് കാരണങ്ങളാണ്. കള്ളപ്പത്തില്‍ ചേര്‍ക്കുന്ന തേങ്ങയുടെ കൂടിയ അളവ്, ജീരക ചേരുവ, അധികം അരയാത്ത അപ്പക്കൂട്ട്. ദോശ പോലെ ചുട്ടെടുക്കുന്ന കള്ളപ്പത്തിന് പക്ഷേ ദോശയേക്കാള്‍ വലിപ്പം കുറവായിരിക്കും. എണ്ണയില്‍ വഴറ്റിയെടുത്ത സവാള, മുളക്, ഇഞ്ചി, വെളുത്തുളി, കറിവേപ്പില എന്നിവയിലേക്ക് മസാലകൂട്ടും, കുരുമുളകും, മല്ലിയും, അരിപ്പൊടിയും, കൊഴുപ്പ് കുറഞ്ഞ തേങ്ങാപ്പാലും ഒഴിച്ച് ഇറച്ചി വേവിച്ചു എടുക്കുന്നു. വെന്ത ഇറച്ചിയിലേക്ക് കൊഴുപ്പ് കൂടിയ തേങ്ങാപ്പാല്‍ ചേര്‍ത്ത് കറി കുറുക്കിയെടുക്കുന്നു. അലങ്കാരത്തിന്ന് കശുവണ്ടിയും കിസ്മിസ്സും ചേര്‍ക്കാം.
Post Your Comments