ബാഗ്ദാദ്: ഇറാക്ക് ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടം അവസാനിപ്പിച്ചു. ശനിയാഴ്ച സർക്കാർ ഇതു സംബന്ധിച്ചു പ്രഖ്യാപനം നടത്തി. 2014 വേനൽക്കാലത്താണ് ഐഎസ് ഇറാക്കിന്റെ വിവിധ പ്രദേശങ്ങളുടെ നിയന്ത്രണം പിടിച്ചെടുത്ത് കാലിഫേറ്റ് സ്ഥാപിക്കുന്നത്. ഇറാക്കിന്റെ മൂന്നിലൊന്നു ഭാഗങ്ങളുടെ നിയന്ത്രണം ഐഎസ് കൈയടക്കി.
ഇതേതുടർന്ന് യുഎസ് നേതൃത്വത്തിലുള്ള സഖ്യസേനയ്ക്കൊപ്പം ഇറാക്കി സൈന്യം ഐഎസിനെ തുരത്താൻ ശ്രമിക്കുകയായിരുന്നു. ഐഎസിന്റെ കൈവശമുണ്ടായിരുന്ന പ്രദേശങ്ങളിൽനിന്നെല്ലാം അവരെ തുരത്തിയശേഷമാണ് മൂന്നു വർഷമായി തുടർന്ന പോരാട്ടം അവസാനിപ്പിക്കുന്നതെന്ന് ഇറാക്ക് പ്രധാനമന്ത്രി ഹൈദർ അൽ അബാദി പറഞ്ഞു. സിറിയയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ സന്പൂർണ നിയന്ത്രണം നേടിയെന്നു സൈന്യം അവകാശപ്പെടുന്നു.
ഈ നീക്കത്തിനൊടുവിലാണ് ഐഎസിനെതിരായ പോരാട്ടം അവസാനിപ്പിക്കുന്നതെന്ന് സർക്കാർ വക്താവ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. സൈനിക നടപടികൾ അവസാനിപ്പിക്കുന്ന തീരുമാനം സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. നവംബറിൽ ഐഎസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന അവസാന ഇറാക്കി നഗരമായ റാവ തിരിച്ചുപിടിച്ചതായി സൈന്യം അവകാശപ്പെട്ടിരുന്നു. ഇതിനുശേഷം അതിർത്തി സുരക്ഷ ശക്തിപ്പെടുത്തുന്ന നടപടികളിലായിരുന്നു സൈന്യം.
Post Your Comments