Latest NewsIndiaNews

കുടുംബപ്പേരിന്റെ അടിസ്ഥാനത്തില്‍ നടത്താന്‍ ഇത് ബിസിനസല്ല: രാഹുലിനെതിരെ കോണ്‍ഗ്രസില്‍ വിമത ശബ്ദം

ന്യൂഡല്‍ഹി: പാര്‍ട്ടി അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ രാഹുല്‍ ഗാന്ധിയ്ക്ക് തലവേദനയായി കോണ്‍ഗ്രസിനുള്ളില്‍ നിന്നും വിമതശബ്ദം. പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്തും പരിഹസിച്ചും രംഗത്തെത്തിയിരിക്കുകയാണ് മഹാരാഷ്ട്ര പാര്‍ട്ടി സെക്രട്ടറി ഷെഹ്സാദ് പൂനാവല്ല. കോണ്‍ഗ്രസിന്റെ ഉപാദ്ധ്യക്ഷസ്ഥാനം രാജിവച്ചതിന് ശേഷം, രാഹുല്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ അദ്ധ്യക്ഷസ്ഥാനത്തേക്ക് എത്തുകയാണ് വേണ്ടതെന്ന് ഷെഹ്സാദ് പൂനാവല്ല പറഞ്ഞു.

ഒരുപക്ഷേ ശരിയായ രീതിയില്‍ നടക്കുന്ന തിരഞ്ഞെടുപ്പാണെങ്കില്‍ അദ്ധ്യക്ഷസ്ഥാനത്തേക്ക് താനും മത്സരിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നേരിട്ടുള്ള മുഖാമുഖത്തിന് ഞാന്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിക്കുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പുരോഗതിക്കായി ആര്‍ക്കാണ് കൂടുതല്‍ ചെയ്യാന്‍ കഴിയുന്നതെന്ന് നോക്കാം. യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കണം നേതാക്കന്മാരെ തിരഞ്ഞെടുക്കേണ്ടത്. അല്ലാതെ പേരിന്റെ കൂടെയുള്ള കുടുംബപ്പേരിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യം ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയ്ക്ക് കത്തയച്ച അദ്ദേഹം കോണ്‍ഗ്രസ് പാര്‍ട്ടി ചില കുടുംബങ്ങളുടെ മാത്രം ബിസിനസല്ലെന്നും കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്നവരും പ്രതിനിധികളും വളരെ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുത്തവരാണ്. അവര്‍ രാഹുല്‍ ഗാന്ധിയുടെ ഇഷ്ടക്കാരാണെന്നും പൂനാവല്ല പറഞ്ഞു. കുടുംബത്തില്‍ ഒരാള്‍ക്ക് ഒരു ടിക്കറ്റ് എന്ന നിയമം കോണ്‍ഗ്രസില്‍ നടപ്പാക്കണം. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നവര്‍ ഓരോ വിഷയത്തിലും തങ്ങളുടെ കാഴ്ചപ്പാട് എന്താണെന്നുള്ള ടെലിവിഷന്‍ സംവാദത്തിന് തയ്യാറാകണം.

വൈസ് പ്രസിഡന്റ് സ്ഥാനത്തിരുന്നുള്ള തന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ ആവശ്യപ്പെട്ട് രാഹുലിന് താന്‍ കത്ത് നല്‍കിയിട്ടുണ്ടെന്നും ഷെഹ്സാദ് പൂനാവല്ല അറിയിച്ചു. ഒരു സാധാരണ പ്രവര്‍ത്തകനായി 2009ലാണ് താന്‍ പാര്‍ട്ടിയില്‍ ചേരുന്നത്. അതിന് ശേഷം തന്റെ ഊര്‍ജവും സമയവും ഉപയോഗിച്ച്‌ നിരവധി വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഭാഗമായാണ് 2016ല്‍ തനിക്ക് സംസ്ഥാന പാര്‍ട്ടി ഘടകത്തിന്റെ സെക്രട്ടറി സ്ഥാനത്ത് എത്താനായത്. എന്നാല്‍ എന്ത് അടിസ്ഥാനത്തിലാണ് രാഹുല്‍ ഗാന്ധിയെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button