ന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികൾക്കുള്ളിലെ ജനാധിപത്യത്തെക്കുറിച്ചു സംവാദത്തിനു തയാറാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. അദ്ദേഹം ബിജെപി ആസ്ഥാനത്തു സംഘടിപ്പിച്ച ദിവാലി മിലൻ എന്ന പരിപാടിയിൽ സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
എപ്പോഴും പാർട്ടികൾക്കുള്ള ധനസഹായം ചർച്ചയ്ക്കു വിധേയമാകാറുണ്ട്. എന്നാൽ സംവാദത്തിനു വിഷയമാകേണ്ടത് അവയുടെ മൂല്യം, തത്വശാസ്ത്രം, ജനാധിപത്യം എന്നിവയും പുതിയ തലമുറ നേതാക്കൾക്ക് അവസരങ്ങൾ നൽകുന്ന രീതികളുമാണെന്ന് മോദി പറഞ്ഞു.
പലർക്കും പാർട്ടിക്കുള്ളിലെ ജനാധിപത്യ പരിശീലനത്തെക്കുറിച്ച് അറിയില്ല. മാധ്യമങ്ങൾ അതിലേക്കാകണം ജനങ്ങളുടെ ശ്രദ്ധ തിരിക്കേണ്ടത്. പാർട്ടികൾക്കു ജനാധിപത്യ മൂല്യങ്ങള്‍ പ്രധാനമല്ലെങ്കിൽ അതു ചർച്ചയ്ക്ക് വിധേയമാക്കണം. പാർട്ടികൾക്കുള്ളിലെ യഥാർഥ ജനാധിപത്യ ബോധത്തിന്റെ വികസനം രാജ്യത്തിന്റെ ഭാവിക്കു മാത്രമല്ല, ജനാധിപത്യത്തിനാകെയും അത്യാവശ്യമാണെന്നാണ് എന്റെ വിശ്വാസമെന്നും മോദി കൂട്ടിച്ചേർത്തു.
Post Your Comments