ചെന്നൈ: ജനപ്രിയ സംവിധായകന്‍ ഐ.വി.ശശിയുടെ (69) സംസ്‌കാരം ഇന്ന് ചെന്നൈയില്‍ നടക്കും. സാലിഗ്രാമിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം വൈകീട്ട് ആറിന് പൊരൂര്‍ വൈദ്യുതി ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകള്‍. ഓസ്‌ട്രേലിയയിലുള്ള മകള്‍ അനു ഇന്ന് ഉച്ചയ്ക്ക് ശേഷം എത്തിച്ചേരുമെന്നാണ് കരുതുന്നത്. അതിന് ശേഷമായിരിക്കും സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കുക.മകളെ കാണാന്‍ ചൊവ്വാഴ്ച വൈകീട്ട് ഓസ്‌ട്രേലിയയിലേക്ക് പോകാനിരിക്കെയായിരുന്നു അന്ത്യം.
ദീര്‍ഘകാലമായി കരള്‍ അര്‍ബുദത്തിന് ചികില്‍സയിലായിരുന്നു. കോഴിക്കോട് സ്വദേശിയാണ് ഐ.വി ശശി. അതുകൊണ്ടുതന്നെ സംസ്‌കാരം നാട്ടില്‍ നടത്തുന്നതിനെ കുറിച്ചും ആലോചന നടന്നിരുന്നു. എന്നാല്‍ കുടുംബം ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ സാഹചര്യത്തില്‍ ചെന്നൈയില്‍ തന്നെ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
മകളുടെ അടുത്തേക്ക് ഭാര്യ സീമയ്ക്കും മകന്‍ അനിക്കുമൊപ്പം ഇന്ന് രാത്രി യാത്ര തിരിക്കാനിരിക്കേയാണ് മരണം ഐ.വി ശശിയെ കവര്‍ന്നെടുത്തത്. യാത്രയ്ക്കുള്ള ടിക്കറ്റും വീല്‍ചെയര്‍ അടക്കമുള്ള മറ്റ് സൗകര്യങ്ങളും ഒരുക്കിയിരുന്നു. ന്യൂസിലാന്‍ഡില്‍ ആയിരുന്ന മകന്‍ ഇന്നലെ രാത്രിയാണ് ചെന്നൈയിലെ വീട്ടില്‍ എത്തിയത്. ഇന്ന് രാവിലെ അപ്രതീക്ഷിതമായാണ് മരണം കടന്നുവന്നത്.
രോഗം മൂര്‍ഛിച്ച ഐ.വി ശശിയെ മകനും ഭാര്യയും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. സംവിധായകരായ ഹരിഹരന്‍, പ്രിയദര്‍ശന്‍ തുടങ്ങി നിരവധിപ്പേര്‍ അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കാനെത്തി. നേരത്തെ, ഐ.വി.ശശിയുടെ സംസ്‌കാരം കോഴിക്കോട്ട് നടത്തണമെന്ന് സംവിധായകന്‍ രഞ്ജിത്ത് ആവശ്യപ്പെട്ടിരുന്നു. ബന്ധുക്കള്‍ സമ്മതിച്ചാല്‍ കോഴിക്കോട്ട് സംസ്‌കാരം നടത്താനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കാന്‍ തയാറാണെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്നും രഞ്ജിത്ത് പറഞ്ഞിരുന്നു.
Post Your Comments