മുസ്ലീം യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരിൽ ജീവിച്ചിരിക്കുന്ന മകളുടെ ശവസംസ്‌കാരം നടത്തി ഒരു കുടുംബം. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം നടന്നത്. ഇരുപത്തിരണ്ടുകാരിയായ അനാമിക ദുബേ മതംമാറി മുസ്ലീം യുവാവിനെയാണ് വിവാഹം കഴിച്ചത് ഇതിൽ അപമാനം നേരിട്ട കുടുംബം അനാമികയുടെ ‘ശവസംസ്‌കാരം’ നടത്തുകയായിരുന്നു.
ജബൽപൂരിലെ ഒരു ബ്രാഹ്‌മണ കുടുംബാംഗമാണ് അനാമിക. അടുത്തിടെയാണ് പെൺകുട്ടി മധ്യപ്രദേശ് സ്വദേശിയായ അയാസിനെ വിവാഹം കഴിച്ചത്. ഇതിനുപിന്നാലെ കുടുംബം പരസ്യമായി ഹിന്ദു ആചാരപ്രകാരം മകളുടെ ‘ശവസംസ്‌കാര’ ചടങ്ങ് സംഘടിപ്പിക്കുകയായിരുന്നു. ഗ്വാരിഘട്ടിലുള്ള നർമദ നദിക്കരയിലെത്തി മരണാനന്തര ചടങ്ങുകൾ നിർവഹിക്കുകയും ചെയ്തു.
മകളെ തള്ളിപ്പറഞ്ഞ് അനുശോചനക്കുറിപ്പും അനാമികയുടെ അച്ഛൻ പുറത്തിറക്കിയിട്ടുണ്ട്. ഏപ്രിൽ രണ്ടിന് മകൾ മരിച്ചെന്ന് കുറിപ്പിൽ പറയുന്നു. മകളെ ‘കുപുത്രി’യെന്ന് വിശേഷിപ്പിക്കുന്ന കുറിപ്പിൽ അവൾക്ക് നരകം ലഭിക്കാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ട്. നിലവിൽ അയാസിന്റെ കുടുംബത്തോടൊപ്പമാണ് അനാമിക കഴിയുന്നത്.
#जबलपुर की एक बेटी का परिजनों ने जीते जी पिंडदान कर दिया.पिंडदान करने की वजह युवती द्वारा मुस्लिम युवक निकाह करना था.नर्मदा तट पर युवती के माता,पिता और भाई ने न केवल पिंडदान किया बल्कि मृत्युभोज भी दिया.@abplive@ABPNews @brajeshabpnews @Manish4all @JagoJabalpur pic.twitter.com/RZA4vNxDyS
— AJAY TRIPATHI (ABP NEWS) (@ajay_media) June 11, 2023
22 വർഷത്തോളം എല്ലാ സ്‌നേഹവും നൽകിയാണ് മകളെ വളർത്തിയതെന്ന് കുടുംബം പറഞ്ഞു മുസ്ലീം യുവാവിനെ വിവാഹം കഴിച്ചതിലൂടെ കുടുംബത്തെ അപമാനിച്ചിരിക്കുകയാണെന്നും ഇവർ പറഞ്ഞു. സംഭവത്തിൽ കുട്ടിയുടെ അമ്മ ‘ലവ് ജിഹാദ്’ ആരോപണം ഉന്നയിച്ചെങ്കിലും മധ്യപ്രദേശ് പൊലീസ് ഇക്കാര്യം തള്ളിക്കളഞ്ഞു. സ്വന്തം ഇഷ്ടപ്രകാരമാണ് പെൺകുട്ടി യുവാവിനെ വിവാഹം കഴിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
Post Your Comments