ഇസ്ലാമാബാദ്; ഇന്ത്യന്‍ പൗരന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്നതിനിടെ കാണാതായ പാകിസ്ഥാനി മാധ്യമപ്രവര്‍ത്തകയെ കണ്ടെത്തി. രണ്ടു വര്‍ഷം, മുമ്പ് 2015 ല്‍ കാണാതായ സീനത്ത് ഷഹ്‌സാദി എന്ന മാധ്യമപ്രവര്‍ത്തകയെയാണ് കണ്ടെത്തിയത്.
ഇന്ത്യന്‍ പൗരനായ ഹമീദ് നേഹാള്‍ അന്‍സാരിയെ കാണാനില്ലെന്ന് കാണിച്ച് പാകിസ്ഥാന്‍ സുപ്രീം കോടതിയില്‍ പരാതി നല്‍കിയതിനു ശേഷമാണ് സീനത്തിനെ കാണാതായത്.
ഹമീദിന്റെ അമ്മ ഫൗസിയയ്ക്കു വേണ്ടിയാണ് സീനത്ത് പാകിസ്ഥാന്‍ സുപ്രീം കോടതിയില്‍ പരാതി നല്‍കിയത്. സീനത്തിനെ കാണാതായി മാസങ്ങള്‍ക്കു ശേഷം ഹമീദിനെ കണ്ടെത്തുകയും ചാരവൃത്തി ആരോപിച്ച് മൂന്നുവര്‍ഷം തടവിനു വിധിക്കുകയും ചെയ്തിരുന്നു.
സുരക്ഷാസേനയാണ് പാകിസ്ഥാന്‍- അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍നിന്നാണ് സീനത്തിനെ കണ്ടെത്തിയത്. മിസിങ് പേഴ്‌സണ്‍സ് കമ്മിഷന്‍ തലവനും റിട്ട. ജഡ്ജുമായ ജാവേദ് ഇക്ബാല്‍ സീനത്തിനെ കണ്ടെത്തിയ കാര്യം സ്ഥിരീകരിച്ചു.
സീനത്തിനെ കണ്ടെത്തിയെന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഹമീദിന്റെ അമ്മ ഫൗസിയ പ്രതികരിച്ചു. മുംബൈ സ്വദേശിനിയാണ് ഫൗസിയ.
‘2012 ല്‍ ജോലി അന്വേഷിച്ച് അഫ്ഗാനിസ്ഥാനിലേക്ക് പോയ മകനെ കാണാതാവുകയായിരുന്നു. തുടര്‍ന്നാണ് ഫൗസിയ മകനു വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചത്. യു കെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജാസ് ഉപല്‍ എന്ന സാമൂഹികപ്രവര്‍ത്തകയാണ് ഫൗസിയക്ക് സീനത്തിനെ പരിചയപ്പെടുത്തി കൊടുത്തത്’.
‘പിന്നീടാണ് പാകിസ്ഥാനിലെ കോഹാട് സ്വദേശിനിയായ പെണ്‍കുട്ടിയുമായി ഹമീദ് പ്രണയത്തിലായെന്നും മറ്റൊരാളുമായുള്ള ആ പെണ്‍കുട്ടിയുടെ വിവാഹം തടയാന്‍ പാകിസ്ഥാനിലേക്ക് പോയെന്നും ഫൗസിയ അറിയുന്നത്. ഇക്കാര്യങ്ങള്‍ ഫൗസിയ സീനത്തിനെ അറിയിക്കുകയും ചെയ്തു’-
കോഹട്ടില്‍ എത്തിയ സീനത്ത് പോലീസിന്റെ കസ്റ്റഡിയില്‍ ഹമീദിനെ കണ്ടെത്തി. തുടര്‍ന്ന് പാകിസ്ഥാന്‍ സുപ്രീം കോടതിയുടെ മനുഷ്യാവകാശ സെല്ലിന് പരാതി നല്‍കുകയായിരുന്നു. ഫൗസിയയില്‍നിന്ന് പവര്‍ ഓഫ് അറ്റോര്‍ണി വാങ്ങിയ ശേഷമായിരുന്നു ഹമീദിനെ കാണാനില്ലെന്ന് കാണിച്ച് സീനത്ത് പരാതി നല്‍കിയത്. സീനത്തിന്റെ ശ്രമങ്ങള്‍ വിഫലമായില്ല.
2012 ല്‍ ഹമീദിനെ അറസ്റ്റ് ചെയ്തായും പിന്നീട് ഇന്റലിജന്‍സ് അധികൃതര്‍ക്ക് കൈമാറിയതായും 2016 ല്‍ പാകിസ്ഥാന്‍ പോലീസ് പെഷവാര്‍ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു. ഹമീദ് ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയതായും ഉടന്‍ തന്നെ മോചിതനാകുമെന്നും റിപ്പോര്‍ട്ടുകളുള്ളതായി മനുഷ്യാവകാശ പ്രവര്‍ത്തകരെ ഉദ്ധരിച്ച് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments