അഹമ്മദാബാദ്: ഗുജറാത്തിലെ ദാരിയാപുറിൽ 15 നാടൻ ബോംബുകൾ പോലീസ് കണ്ടെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിൽ രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയിരിക്കെയാണ് ബോംബുകൾ കണ്ടെത്തിയത്. കണ്ടെത്തിയത് തീവ്രത കുറഞ്ഞ ബോംബുകളാണ്. എന്നാലും ഇതിനു പിന്നിൽ പ്രവർത്തിച്ചതാരാണെന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദാരിയപുറിലെ ഒരു പൊലീസ് ഔട്പോസ്റ്റിനു സമീപത്തെ ചവറ്റുകൂനയിൽ നിന്നാണ് നാടൻ ബോംബുകൾ കണ്ടെത്തിയത്. ബോംബ് തയാറാക്കിയത് പുകയില സൂക്ഷിക്കുന്ന 15 ടിന്നുകളിൽ പടക്കവും മൂർച്ചയേറിയ ചില്ലും നിറച്ച നിലയിലായിരുന്നു.
ടേപ്പു കൊണ്ട് എല്ലാ ബോംബുകളും ചുറ്റിക്കെട്ടിയ നിലയിലായിരുന്നു. ഇതുമൂലം പൊട്ടിത്തെറിക്ക് കൂടുതൽ ശക്തി ലഭിക്കും. ഇക്കാര്യം പ്രദേശവാസിയായ ഒരാളാണ് പൊലീസിനെ അറിയിച്ചത്. തുടർന്ന് ബോംബ് സ്ക്വാഡും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി.
വീര്യം കുറഞ്ഞതാണെങ്കിലും തീവ്രത വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മൂർച്ചയേറിയ ചില്ലുകള്‍ നിറച്ചിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. അതേസമയം പൊട്ടിത്തെറിച്ചിരുന്നെങ്കിൽ കാര്യമായ പരുക്കുണ്ടാക്കുന്നതല്ല കണ്ടെത്തിയ ബോംബുകളെന്ന് ഫൊറൻസിക് വിഭാഗം വ്യക്തമാക്കി.
Post Your Comments