
മലപ്പുറം: അര്‍ധരാത്രിയില്‍ പരിശോധന നടത്താനുള്ള പൊലീസ് നടപടിയെ വിമര്‍ശിച്ച് യു.പി സര്‍ക്കാര്‍ കേസെടുത്ത് ജയിലിലടച്ചിരുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍. സാധാരണ പരിശോധന മാത്രമാണ് എന്നാണ് പൊലീസ് പറഞ്ഞതെന്നും രാത്രി 12 മണിക്ക് ശേഷം താന്‍ തന്റെ വീട്ടില്‍ ഉണ്ടായിരിക്കണമെന്ന് ജാമ്യവ്യവസ്ഥയിലില്ലെന്നും സിദ്ദീഖ് പറഞ്ഞു.
ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നു. പൊലീസ് പരിശോധനയുണ്ടാകുമെന്ന് കരുതി ഇന്ന് പുലര്‍ച്ചെ രണ്ടുമണിവരെ പൊലീസിനെ കാത്തിരുന്നു. മാസത്തില്‍ രണ്ട് തവണ ലഖ്‌നൗ കോടതിയില്‍ പോകുന്നയാളാണ് താന്‍. ജാമ്യ വ്യവസ്ഥയുടെ ഭാഗമായിട്ടാണ് കോടതിയില്‍ പോകുന്നത്. എല്ലാ ജാമ്യവ്യവസ്ഥകളും കൃത്യമായി പാലിക്കുന്നുണ്ട്. സാക്ഷികള്‍ എത്താത്തത് കൊണ്ട് കേസ് നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണിപ്പോള്‍. എന്നിട്ടും സ്ഥിരമായി എല്ലാ മാസവും കോടതിയില്‍ എത്തുന്നുണ്ടെന്നും സിദ്ദീഖ് കാപ്പന്‍ പറഞ്ഞു. അനാവശ്യമായി പൊലീസ് തന്നെ വേട്ടയാടുകയാണെന്നും അതിന്റെ ഭാഗമായിട്ടാണ് ഇന്നലെ അര്‍ധരാത്രി പരിശോധനക്കെത്തുമെന്ന് അറിയിച്ചതെന്നും സിദ്ദീഖ് കാപ്പന്‍ പറഞ്ഞു.
സ്ത്രീകളും കുട്ടികളും ഉള്ള വീട്ടില്‍ രാത്രി 12 മണിക്ക് ശേഷം പരിശോധന നടത്തുന്നതില്‍ മാത്രമാണ് പ്രതിഷേധം ഉള്ളതെന്ന് സിദ്ദീഖ് കാപ്പന്റെ ഭാര്യ റയ്ഹാനത്തും പറഞ്ഞു.സുപ്രീം കോടതിയും ലഖ്‌നൗ ഹൈക്കോടതിയും കേസുകളില്‍ ജാമ്യമനുവദിക്കുകയും സുപ്രീം കോടതി തന്നെ പിന്നീട് ജാമ്യവ്യവസ്ഥകള്‍ ലഘൂകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് പ്രതികരിച്ചു.
ഇന്നലെ അര്‍ധരാത്രി 12മണിക്കുശേഷം പരിശോധനക്ക് എത്തുമെന്നായിരുന്നു പൊലീസിന്റെ അറിയിപ്പ്. ഇന്നലെ വൈകിട്ട് ആറ് മണിയോടെ രണ്ടു പൊലീസുകാര്‍ മലപ്പുറം വേങ്ങരയിലെ വീട്ടില്‍ എത്തിയാണ് ഇക്കാര്യം അറിയിച്ചത്. വീട്ടിലേക്കുള്ള വഴിയും സിദ്ദീഖ് കാപ്പന്റെ സാന്നിധ്യവും ഉറപ്പുവരുത്താനാണ് വന്ന് ചോദിക്കുന്നതെന്ന് പറഞ്ഞെങ്കിലും പൊലീസ് രാത്രി പരിശോധനക്ക് എത്തിയില്ല. രാത്രിയിലുള്ള പരിശോധന സംബന്ധിച്ച വിവരം വാര്‍ത്തയായിരുന്നു. പതിവ് പരിശോധനയാണ് തീരുമാനിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം.
Post Your Comments